പട്ന: ബിഹാറിലെ റോഹ്താസ് ജില്ലയില്‍ ഭാര്യയെ കൊന്നതിന് ജയില്‍ ശിക്ഷ അനുഭവിച്ച ഭര്‍ത്താവ് പന്ത്രണ്ട് വര്‍ഷത്തിന് ശേഷം ഭാര്യയെ ജീവനോടെ കണ്ടുമുട്ടി.
അയല്‍ സംസ്ഥാനമായ ജാര്‍ഖണ്ഡിലെ ഗഡ്വ ജില്ലയിലാണ് ഭാര്യ ശകുന്തള ദേവിയെ ഭര്‍ത്താവ് അരുണ്‍ മേത്ത ജീവനോടെ കണ്ടെത്തിയത്. ശകുന്തളയെ 'കൊന്നതിന്' വര്‍ഷങ്ങളോളം ജയിലില്‍ കിടന്ന അരുണ്‍ മേത്തയ്ക്ക് കേസ് ഒത്തുതീര്‍പ്പാക്കുന്നതിന് പാരമ്പര്യമായി കിട്ടിയ മൂന്നര ഏക്കറോളം സ്ഥലം വില്‍ക്കേണ്ടിയും വന്നിരുന്നു.
2002ലാണ് ശകുന്തള ദേവിയും അരുണ്‍ മേത്തയും തമ്മിലുള്ള വിവാഹം നടന്നത്. തുടര്‍ന്ന് വര്‍ഷങ്ങളോളം കുടുംബത്തില്‍ തര്‍ക്കങ്ങള്‍ പതിവായിരുന്നു. 2014 ആഗസ്റ്റ് 20ന് ശകുന്തള ദേവിയെ പെട്ടെന്ന് കാണാതായി. ഇതോടെ ശകുന്തളയുടെ സഹോദരന് സ്ത്രീധന പീഡനാരോപണം ഉന്നയിച്ച് പൊലീസില്‍ പരാതി നല്കി. പരാതി പരിഗണിച്ച പൊലീസ് അരുണ്‍ മേത്തക്കും കുടുംബത്തിനുമെതിരെ ഐപിസി 498A, സ്ത്രീധന നിരോധനനിയമത്തിലെ 3, 4 വകുപ്പുകള്‍ എന്നിവ പ്രകാരം കേസ് എടുത്തു.
കേസെടുത്ത് രണ്ട് ദിവസത്തിന് ശേഷം ആഗസ്റ്റ് 22ന് ദെഹ്രി മുഫാസില്‍ പൊലീസ് സ്റ്റേഷന് പരിധിയിലുള്ള ഖന്ദ ഗ്രാമത്തിലെ കനാലില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ഇത് ശകുന്തളയുടെ മൃതദേഹമാണെന്ന് സഹോദരനും പ്രദേശത്തെ ചൗക്കീദാറും സ്ഥിരീകരിച്ചു. ഇതോടെ കൊലപാതകക്കുറ്റത്തിന് കേസെടുത്ത പൊലാീസ് ശകുന്തളാദേവിയുടെ ഭര്‍ത്താവ് അരുണ്‍ മേത്ത, അച്ഛന് ദിലീപ് മേത്ത, സഹോദരന് ഗോവിന്ദ് കുമാര്‍ എന്നിവരെ അറസ്റ്റുചെയ്തു.
കേസില്‍ വര്‍ഷങ്ങളോളം ജയില്‍ കിടന്നതിന് ശേഷം അരുണ്‍ മേത്ത ജാമ്യത്തിലിറങ്ങി. ഈ സമയം ശകുന്തളയുടെ കുടുംബം കേസ് ഒത്തുതീര്‍പ്പാക്കാന്‍ 8 ലക്ഷം രൂപ ആവശ്യപ്പെട്ടു. തുക കണ്ടെത്താനായി അച്ഛന് ദിലീപ് മേത്ത പാരമ്പര്യമായി കിട്ടിയ മൂന്നര ഏക്കര്‍ സ്ഥലം വിറ്റു. പണം കൊടുത്ത് കേസ് അവസാനിപ്പിച്ചെങ്കിലും അരുണ്‍ മേത്തയുടെ കുടുംബജീവിതവും കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയും പാടേ തകര്‍ന്നു. അങ്ങനെ 12 വര്‍ഷങ്ങള്‍ കടന്നുപോയി.
ഏകദേശം രണ്ട് മാസം മുമ്പ് അച്ഛന് ദിലീപ് മേത്തയ്ക്ക് ഒരു നിര്‍ണായക വിവരം ലഭിച്ചു. ശകുന്തള ദേവിയെ ജാര്‍ഖണ്ഡിലെ ഒരു ഗ്രാമത്തില്‍ കണ്ടെന്നായിരുന്നു വിവരം. ഇതോടെ കുടുംബം റോഹ്താസ് എസ്പി രാജിനെ സമീപിച്ച് പരാതി നല്കി.
പരാതി സ്വീകരിച്ച പൊലീസ് ജാര്‍ഖണ്ഡിലെത്തി. ഗഡ്വ ജില്ലയിലുള്ള കാണ്ഡി പൊലീസ് സ്റ്റേഷന് പരിധിയിലെ ലഭാരി ഗ്രാമത്തില്‍ ശകുന്തള ദേവിയെ പൊലീസ് കണ്ടെത്തി. അവിടെ 'കാന്തി ദേവി' എന്ന വ്യാജ പേരില്‍ രട്ടു സിംഗ് എന്നയാളോടൊപ്പം ജീവിക്കുകയായിരുന്നു ശകുന്തള ദേവി. പൊലീസ് ഉടനെ ശകുന്തള ദേവിയെ കസ്റ്റഡിയിലെടുത്ത് നാട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. ശേഷം വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തി ശകുന്തള ദേവിക്കെതിരെ കേസെടുത്തു. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കി.
അപ്പോഴും ചില ചോദ്യങ്ങള്‍ ബാക്കി. പന്ത്രണ്ട് വര്‍ഷം മുമ്പ് കനാലില്‍ കണ്ടെത്തിയ മൃതദേഹം ശകുന്തളാദേവിയുടേതാണെന്ന് സഹോദരന് പറഞ്ഞത് എന്തിന്? ശരിക്കും ആ മൃതദേഹം ആരുടേതാണ്?
കേസില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഗൂഢാലോചനയില്‍ പങ്കാളികളായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.






