കോട്ടയം: കേരള സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി എക്സൈസ് വകുപ്പിന്റെയും വിമുക്തി മിഷന്റെയും ആഭിമുഖ്യത്തിൽ “RELACZ കേന്ദ്രം” പദ്ധതിക്ക് തുടക്കമായി. ലഹരി ഉപയോഗത്തിനും വിൽപ്പനയ്ക്കുമെതിരെ പ്രവർത്തിക്കുന്നതിനൊപ്പം പൊതുജനങ്ങൾക്കും യുവതലമുറയ്ക്കും ഒഴിവുസമയം ആരോഗ്യകരമായും സൃഷ്ടിപരമായും വിനിയോഗിക്കാൻ അനുയോജ്യമായ ഇടങ്ങൾ ഒരുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. “Rest and Entertainment in Leisure Times At Comfort Zones” എന്നതിന്റെ ചുരുക്കപ്പേരായ RELACZ, “ലഹരിയോട് വിട, വിനോദത്തിന് ഇടം” എന്ന ആശയത്തിലാണ് നടപ്പാക്കുന്നത്.
കോട്ടയം എക്സൈസ് റേഞ്ച് ഓഫീസിന്റെ പരിധിയിൽപ്പെട്ടതും ആമ്പൽ വസന്തം കൊണ്ട് വിനോദസഞ്ചാരികളുടെ ശ്രദ്ധയാകർഷിച്ച പ്രദേശവുമായ തിരുവാർപ്പ് പഞ്ചായത്തിലെ പതിമൂന്നാം വാർഡിലെ മലരിക്കലിലാണ് RELACZ കേന്ദ്രം ഒരുക്കിയത്. സെപ്റ്റംബർ 15ന് വൈകിട്ട് 4.30ന് നടന്ന ചടങ്ങിൽ ഏറ്റുമാനൂർ എം.എൽ.എ ശ്രീ. നാട്ടകം സുരേഷ് കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങില്‍ കോട്ടയം എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ അഖില്‍ .എ സ്വാഗതം ആശംസിച്ചു. തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ജയ സജിമോൻ അധ്യക്ഷത വഹിച്ചു. ഉദ്ഘാടന പ്രസംഗത്തിൽ ബഹു. എം.എൽ.എ ശ്രീ. നാട്ടകം സുരേഷ് അവർകൾ ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ പൊതുജന ജനപങ്കാളിത്തത്തിന്റെ പ്രാധാന്യം വിശദമാക്കുകയും RELACZ പോലുള്ള വിശ്രമ കേന്ദ്രങ്ങള്‍ സമൂഹത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുമെന്ന് അഭിപ്രായപ്പെടുകയും പദ്ധതിയ്ക്ക് പൂര്‍ണ്ണ പിന്തുണ വാഗ്ദാനം ചെയ്യുകയുമുണ്ടായി .
ഇവിടെ സ്ഥാപിച്ച RELACZ ബോര്‍ഡ് അദ്ദേഹം പ്രകാശനം ചെയ്തു . ചടങ്ങിൽ അബ്ദുൾ കരീം (തിരുവാർപ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ്), അനീഷ്കുമാർ ഒ.വി (XIII-)o വാർഡ് മെമ്പർ, തിരുവാർപ്പ് പഞ്ചായത്ത്), അഖില സുരേഷ്( X-)o വാർഡ് മെമ്പർ, തിരുവാർപ്പ് പഞ്ചായത്ത്), അനീഷ മോഹൻ (XIV -)o വാർഡ് മെമ്പർ, തിരുവാർപ്പ് പഞ്ചായത്ത്) , അനീഷ (ജില്ല വിമുക്തി കോര്‍ഡിനേറ്റര്‍, കോട്ടയം) എന്നിവര്‍ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
കോട്ടയം എക്സൈസ് റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സുനിൽ പി.ജെ നന്ദി പ്രകാശിപ്പിച്ചു. ജനപ്രതിനിധികൾ, സാമൂഹിക-സാംസ്കാരിക പ്രവർത്തകർ, വിദ്യാർത്ഥികൾ, പ്രദേശവാസികള്‍ അടക്കം 75- ഓളം പേര് പരിപാടിയിൽ പങ്കെടുത്തു.






