video
play-sharp-fill

തര്‍ക്കം തീര്‍ന്നു; നാളെ മുതല്‍ വീണ്ടും നെല്ലു സംഭരണം തുടങ്ങും; മില്ലുടമകള്‍ ഉന്നയിച്ച പ്രശ്നം പരിഹരിക്കാമെന്ന് മന്ത്രി

തര്‍ക്കം തീര്‍ന്നു; നാളെ മുതല്‍ വീണ്ടും നെല്ലു സംഭരണം തുടങ്ങും; മില്ലുടമകള്‍ ഉന്നയിച്ച പ്രശ്നം പരിഹരിക്കാമെന്ന് മന്ത്രി

Spread the love

സ്വന്തം ലേഖിക

കൊച്ചി: സംസ്ഥാനത്ത് നെല്ല് സംഭരണം നാളെ മുതല്‍ വീണ്ടും തുടങ്ങും.

രണ്ടാഴ്ചയായി മില്ലുടമകള്‍ നടത്തി വന്ന സമരം അവസാനിപ്പിച്ചു.
മൂന്ന് മാസത്തിനകം മില്ലുടമകള്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാമെന്ന ഭക്ഷ്യമന്ത്രിയുടെ ഉറപ്പിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അൻപത്തിനാലോളം മില്ലുടമകള്‍ രണ്ടാഴ്ചയായി നെല്ല് സംഭരിക്കാതെ നടത്തി വന്ന സമരമാണ് അവസാനിപ്പിച്ചത്. നെല്ലെടുക്കാന്‍ മില്ലുടമകള്‍ വരുമെന്ന പ്രതീക്ഷയില്‍ കുട്ടനാട്ടിലടക്കം നെല്ല് കൊയ്ത് പാടത്ത് കൂട്ടിയ കര്‍ഷകര്‍ക്ക് ഇതോടെ ആശ്വാസമായി. കര്‍ഷകര്‍ പ്രതിഷേധം കടുപ്പിച്ചതിന് പിന്നാലെയാണ് ഇന്ന് ഭക്ഷ്യമന്ത്രി കൊച്ചിയില്‍ മില്ലുടമകളുമായി ചര്‍ച്ച നടത്തി പ്രശ്നത്തിന് താല്‍ക്കാലിക പരിഹാരമുണ്ടാക്കിയത്.

2018ലെ പ്രളയത്തില്‍ സംഭരിച്ച നെല്ലിനുണ്ടായ നഷ്ടം നികത്താനുള്ള 15 കോടി രൂപ അനുവദിക്കുക, നെല്ല് സംസ്കരണത്തിനുള്ള കൈകാര്യ ചെലവ് 2 രൂപ 14 പൈസയില്‍ നിന്ന് 2 രൂപ 86 പൈസ ആക്കി ഉയര്‍ത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മില്ലുടമകളുടെ സമരം. ഒരു ക്വിന്‍റല്‍ നെല്ല് സംസ്കരിക്കുമ്പോള്‍ 64 കിലോ അരി സപ്ലൈകോയ്ക്ക് നല്‍കണമെന്നതായിരുന്നു നേരത്തെ ഉണ്ടായിരുന്ന വ്യവസ്ഥ. ഇത് പരിഷ്കരിച്ച്‌, ഒരു ക്വിന്റലിന് 68 കിലോ എന്ന നിബന്ധന സര്‍ക്കാര്‍ മുന്നോട്ടു വച്ചിരുന്നു. ഇത് പഴയപടിയാക്കണമെന്ന ആവശ്യവും മില്ലുടമകള്‍ മുന്നോട്ടു വച്ചു. ഇക്കാര്യങ്ങളിലെല്ലാം ചര്‍ച്ചയാകാമെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് മന്ത്രി മില്ലുടമകളെ അറിയിച്ചു.

അതേസമയം നെല്ല് സംഭരണ സമയത്ത് ഈര്‍പ്പത്തിന്റെ തോത് ചൂണ്ടിക്കാട്ടി വന്‍തോതില്‍ കിഴിവ് ഇനിയും നല്‍കാനാവില്ലെന്നാണ് കര്‍ഷകരുടെ നിലപാട്. ഈര്‍പ്പം 17 ശതമാനത്തിന് മുകളില്‍ വന്നാല്‍ ഓരോ ക്വിന്റലിനും 5 മുതല്‍ 10 കിലോ വരെ കിഴിവ് നല്‍കേണ്ട അവസ്ഥയിലാണ് കര്‍ഷകര്‍. ഇത് ക്വിന്‍റിലിന് 4000 രൂപ വരെ നഷ്ടം ഉണ്ടാക്കുമെന്നാണ് കര്‍ഷക സംഘടനകളുടെ വാദം.