മോദി കൊച്ചിയില്‍; ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് വികസനക്കുതിപ്പ്; കേന്ദ്രത്തില്‍ ഇരട്ട എഞ്ചിന്‍ സര്‍ക്കാര്‍’
സ്വന്തം ലേഖിക
കൊച്ചി: കേരളം സാംസ്‌കാരിക വൈവിദ്ധ്യവും പ്രകൃതി ഭംഗിയും കൊണ്ട് മനോഹരം എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
കസവുമുണ്ടും നേര്യതും ധരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി വൈകിട്ട് കൊച്ചിയിലെത്തി.
ഇന്നും നാളെയുമായി വിവിധ പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും. നെടുമ്പാശ്ശേരിയില്‍ ബിജെപി പൊതുയോഗത്തില്‍ പങ്കെടുത്ത അദ്ദേഹം മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്നു. ഓണത്തിന്‍റെ അവസരത്തില്‍ കേരളത്തില്‍ എത്താന്‍ കഴിഞ്ഞത് സൗഭാഗ്യമെന്നും അദ്ദേഹം പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രധാനന്ത്രി ആവാസ് യോജന പ്രകാരം കേരളത്തില്‍ രണ്ട് ലക്ഷം വീട് നല്‍കിയെന്ന് മോദി പറഞ്ഞു. ഒരു ലക്ഷം വീടുകള്‍ ഇതിനകം പൂര്‍ത്തിയാക്കി. കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പോലെ പദ്ധതി മത്സ്യത്തൊഴിലാളി മേഖലയിലും നടപ്പാക്കുകയാണ്. ബി ജെ പി സര്‍ക്കാരുകള്‍ ഉള്ള സംസ്ഥാനങ്ങള്‍ ഇരട്ടക്കുതിപ്പാണ് നടത്തുന്നത്. കേന്ദ്രത്തില്‍ ഉള്ളത് ഇരട്ട എഞ്ചിന്‍ സര്‍ക്കാര്‍.
രാജ്യത്ത് ബിജെപി സര്‍ക്കാര്‍ ഉള്ള സ്ഥലത്ത് വികസനം നടക്കുന്നു. കേരളത്തിലും ഇത് വരേണ്ടതാണ്. മഹാമാരി കാലത്ത് കേരളത്തില്‍ ഒന്നര കോടി ജനങ്ങള്‍ക്ക് സൗജന്യ റേഷന്‍ കൊടുത്തു. ഇതിനു 6000 കോടി ചെലവഴിച്ചു. ബിജെപി സര്‍ക്കാര്‍ സത്യസന്ധമായും ജനല്‍ക്ഷേമം മുന്‍നിര്‍ത്തിയും പ്രവര്‍ത്തിക്കുന്നു.
വികസനത്തിന് തടസ്സം അഴിമതിയാണ്. അഴിമതിക്കെതിരെ നടപടി എടുക്കുമ്പോള്‍ രാഷ്ട്രീയത്തില്‍ ധ്രുവീകരണം ഉണ്ടാകുന്നു. അവരെ രക്ഷിക്കാന്‍ ചിലര്‍ രംഗത്ത് വരുന്നു. കേരളത്തിന് നല്‍കിയ പദ്ധതികള്‍ മോദി എണ്ണിപ്പറഞ്ഞു. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന് മോദിക്ക് ഓണക്കോടി സമ്മാനിച്ചു.
സിയാല്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ സംസ്ഥാനത്തെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം മോദി നിര്‍വ്വഹിക്കും. കൊച്ചി മെട്രോ പേട്ട എസ്‌എന്‍ ജംഗ്ഷന്‍ പാത ഉദ്ഘാടനം, ഇന്‍ഫോ പാര്‍ക്ക് രണ്ടാം ഉദ്ഘാടനം, എറണാകുളം നോര്‍ത്ത് സൗത്ത് റെയില്‍വെ സ്റ്റേഷന്‍ വികസനം അടക്കമുള്ള പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും. ക്ഷണിക്കപ്പെട്ട അതിഥികളെ മാത്രമാകും ചടങ്ങില്‍ പങ്കെടുപ്പിക്കുക.
തുടര്‍ന്ന് റോഡ് മാര്‍ഗം വെല്ലിംഗ്ടണ്‍ ഐലന്‍റിലെ താജ് മലബാര്‍ ഹോട്ടലിലെത്തും. ബിജെപി കോര്‍ക്കമ്മിറ്റി നേതാക്കളുമായും കൂടികാഴ്ച നടത്തും.
വെള്ളിയാഴ്ച രാവിലെ 9.30 നാണ് കൊച്ചി ഷിപ്പയാര്‍ഡില്‍ ഐഎന്‍എസ് വിക്രാന്ത് ഒദ്യോഗികമായി സേനയ്ക്ക് കൈമാറുക.20,000 കോടിരൂപ ചെലവഴിച്ച് രാജ്യത്ത് നിര്‍മ്മിച്ച ആദ്യ വിമാനവാഹിനി കപ്പലിന്‍റെ കമ്മീഷനിംഗ് ആഘോഷമാക്കാന്‍ ഒരുക്കം തുടങ്ങി.
76 ശതമാനം ഇന്ത്യന്‍ നിര്‍മ്മിത വസ്തുക്കള്‍ ഉപയോഗിച്ചാണ് 15 വര്‍ഷം കൊണ്ട് കപ്പല്‍ നിര്‍മ്മാണ് പൂര്‍ത്തിയാക്കിയത്. ചടങ്ങിന് ശേഷം കൊച്ചി നാവിക ആസ്ഥാനത്തെത്തുന്ന പ്രധാനമന്ത്രി പ്രത്യേക വിമാനത്തില്‍ നെടുമ്പാശ്ശേരിയില്‍ നിന്ന് ബംഗലുരുവിലേക്ക് തിരിക്കും.