വാഹന പുകപരിശോധനാ കേന്ദ്രങ്ങളിലെ സര്‍ട്ടിഫിക്കറ്റുകള്‍ വിശ്വസിക്കാമോ? ഒരേ ചോദ്യങ്ങള്‍ക്ക് വ്യത്യസ്ത മറുപടി നല്‍കി ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറേറ്റും പത്തനംതിട്ട ആര്‍ടി ഓഫീസും

Spread the love

സ്വന്തം ലേഖിക

പത്തനംതിട്ട: മോട്ടോര്‍ വാഹനങ്ങളുടെ പുക പരിശോധനാ കേന്ദ്രങ്ങളിലെ സർട്ടിഫിക്കറ്റുകളുടെ വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെടുന്നു.

രണ്ടു വിവരാവകാശ പ്രവര്‍ത്തകര്‍ ഒരേ ചോദ്യാവലി ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറേറ്റിലും ഒരു ആര്‍.ടി.ഓഫീസിലും നല്‍കിയപ്പോള്‍ കിട്ടിയ മറുപടികള്‍ തമ്മില്‍ വലിയ വൈരുധ്യം.
കമ്മിഷണറേറ്റ് ഓഫീസില്‍ നിന്ന് കൃത്യമായ മറുപടി കിട്ടിയപ്പോള്‍ ആര്‍.ടി.ഓഫീസ് പുകമറ സൃഷ്ടിച്ച്‌ മറുപടി നിഷേധിച്ചിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടു ചോദ്യങ്ങളും തമ്മില്‍ അഞ്ചു വര്‍ഷത്തെ ഇടവേളയുണ്ടെങ്കിലും നിയമത്തില്‍ മാറ്റം വന്നിട്ടില്ലാത്തതിനാല്‍ ഒരേ മറുപടിയാണ് പ്രതീക്ഷിച്ചതെങ്കിലും തങ്ങളുടെ ഉത്തരവാദിത്വത്തില്‍ നിന്നൊഴിഞ്ഞ് മാറാനാണ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചത്. വിവരാവകാശ പ്രവര്‍ത്തകരായ കൊച്ചി കടവന്ത്രയിലെ കെ.ജെ. പീറ്റര്‍, പത്തനംതിട്ട വലഞ്ചുഴിയിലെ മനോജ് കാര്‍ത്തിക എന്നിവരാണ് മോട്ടോര്‍ വാഹന പുകപരിശോധനാ കേന്ദ്രങ്ങളുടെ വിശ്വാസ്യത സംബന്ധിച്ച്‌ രണ്ടു കാലയളവുകളിലായി യഥാക്രമം ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറേറ്റിലും ആര്‍.ടി. ഓഫീസിലും വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയത്.

കെ.ജെ. പീറ്ററിന്റെ ചോദ്യങ്ങള്‍ക്ക് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറേറ്റിലെ വിവരാവകാശ ഉദ്യോഗസ്ഥന്‍ 2017 സെപ്റ്റംബര്‍ ഒൻപതിന് കൃത്യമായ മറുപടി നല്‍കിയപ്പോള്‍ മനോജ് നല്‍കിയ അപേക്ഷയിലെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ ഉരുണ്ടു കളിക്കുകയാണ് പത്തനംതിട്ട ആര്‍.ടി.ഓഫീസിലെ വിവരാവകാശ ഉദ്യോഗസ്ഥന്‍ ചെയ്തത്. മനോജ് അപേക്ഷ നല്‍കിയത് കഴിഞ്ഞ മാസം 24 നാണ്. മറുപടിയിലെ തീയതി ഈ മാസം 18 ആണ്.

പുകപരിശോധനാ കേന്ദ്രങ്ങളിലെ യന്ത്രങ്ങള്‍/ഉപകരണങ്ങള്‍ പരിശോധിച്ച്‌ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നത് ഏത് ഓഫീസുകളില്‍ നിന്ന്?, വാഹനങ്ങള്‍ പരിശോധിച്ച്‌ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകളില്‍ കൃത്രിമത്വം നടക്കില്ലായെന്ന് ഉറപ്പാക്കാറുണ്ടോ? റീഡിങുകളില്‍ കൃത്രിമം നടക്കാതിരിക്കാന്‍ സ്വീകരിക്കുന്ന മുന്‍കരുതലുകള്‍ എന്തെല്ലാം എന്നിവയായിരുന്നു രണ്ടു പേരുടെയും ചോദ്യങ്ങള്‍.

ഇതിന് പീറ്ററിന് കമ്മിഷണറേറ്റില്‍ നിന്ന് കിട്ടിയ മറുപടി ഇങ്ങനെ:

പുകപരിശോധനാ കേന്ദ്രത്തിന് പ്രവര്‍ത്തനാനുമതി നല്‍കുന്നത് അതാത് സ്ഥലത്തെ റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസുകളാണ്. സ്ഥാപനം പരിശോധിക്കാന്‍ ചുമതലപ്പെട്ട ഉദ്യോഗസ്ഥന്‍ ഇവിടുത്തെ യന്ത്രങ്ങള്‍/ഉപകരണങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ പരിശോധിക്കാറുണ്ടെങ്കിലും സര്‍ട്ടിഫിക്കറ്റ് നല്‍കാറില്ല. എന്നാല്‍, ഈ ഉദ്യോഗസ്ഥന്‍ സ്ഥാപനങ്ങളും യന്ത്രങ്ങളും ഉപകരണങ്ങളും പരിശോധിച്ച്‌ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും പുകപരിശോധനാ സ്ഥാപനത്തിന് ലൈസന്‍സ് നല്‍കുന്നത്.

പുക പരിശോധനാ സര്‍ട്ടിഫിക്കറ്റുകളില്‍ കൃത്രിമം നടക്കില്ലെന്ന് ഉറപ്പു വരുത്താനുള്ള സൗകര്യങ്ങള്‍ നിലവില്‍ മോട്ടോര്‍ വാഹനവകുപ്പിനില്ലെന്നും മറുപടിയില്‍ പറയുന്നു.
എന്നാല്‍, ഇതേ ചോദ്യങ്ങള്‍ക്ക് പത്തനംതിട്ട ആര്‍ടി ഓഫീസില്‍ നിന്നുള്ള മറുപടി ചോദ്യം വ്യക്തമല്ലെന്നും വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുന്നതല്ല എന്നുമാണ്.