
മൂന്നിലവ് സഹകരണ ബാങ്കിലെ വായ്പ തട്ടിപ്പ്; തട്ടിപ്പിന് ഇരയായവരുടെ വസ്തുവിന്മേല്‍ ജപ്തി നടപടി ആരംഭിച്ചു; ഇരകള്‍ ആത്മഹത്യ മുനമ്പില്‍
സ്വന്തം ലേഖകൻ
ഈരാറ്റുപേട്ട: മൂന്നിലവ് സര്‍വിസ് സഹകരണ ബാങ്ക് മുന്‍ ഭരണസമിതിയുടെ സാമ്പത്തിക ക്രമക്കേടിനെതിരെ തട്ടിപ്പിന് ഇരയായവരും ഓഹരി ഉടമകളും പ്രക്ഷോഭം ആരംഭിച്ചു.
തട്ടിപ്പിന് ഇരയായവരുടെ വസ്തുവിന്മേല്‍ ജപ്തി ആരംഭിച്ചതിനെ തുടര്‍ന്നാണ് ആക്ഷന്‍ കൗണ്‍സില്‍ രൂപവത്കരിച്ച് സമരത്തിന് തുടക്കംകുറിച്ചത്. തട്ടിപ്പ് നടത്തിയവര്‍ക്ക് അനുകൂലമായി നിലവിലെ ഭരണസമിതിയും ചേര്‍ന്നതോടെ നിരപരാധികളായ നിരവധിപേര്‍ ജപ്തി നടപടിക്ക് വിധേയമായി പെരുവഴിയിലാകും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആന്‍റോ അന്‍റണി എം.പിയുടെ സഹോദരന്‍ പരേതനായ ജയിംസ് ആന്‍റണിയുടെ നേതൃത്വത്തിലുണ്ടായിരുന്ന ഭരണസമിതി 2006 മുതല്‍ 2015 വരെ മൂല്യമില്ലാത്ത വസ്തുക്കള്‍ ജാമ്യമായി നല്‍കിയും ബാങ്കില്‍ ലോണ്‍ വെച്ചിരിക്കുന്ന വസ്തുകളുടെ ഉടമ അറിയാതെയും ലോണെടുത്ത് സാമ്പത്തിക തട്ടിപ്പ് നടത്തുകയായിരുന്നു.
2016 -17 വര്‍ഷത്തിലെ സഹകരണ ഓഡിറ്റിലാണ് സാമ്ബത്തിക തട്ടിപ്പ് പുറത്തുവന്നത്.
ചതിയില്‍പ്പെട്ട ജാമ്യക്കാര്‍ പരാതിയുമായി ബാങ്കില്‍ എത്തിയെങ്കിലും ജാമ്യക്കാരെ ബാധിക്കുന്ന പ്രശ്നമല്ലെന്ന് പറഞ്ഞ് പ്രശനം ഒതുക്കിത്തീര്‍ക്കുകയായിരുന്നു. ഓഡിറ്റ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ജില്ല രജിസ്ട്രാര്‍ ഭരണ സമിതി പിരിച്ചുവിടുകയും അംഗങ്ങളെ അയോഗ്യയാക്കുകയും ചെയ്തിരുന്നു.
ഭരണസമിതിയും പ്രസിഡന്‍റും ചേര്‍ന്ന് മൂന്നിലവ് സഹകരണ ബാങ്കില്‍നിന്ന് നൂറിലധികം ലോണുകളിലൂടെ 12 കോടിയോളം രൂപ തട്ടിയെന്നാണ് ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ പറയുന്നത്. കൂടുതല്‍ ഇരയായിരിക്കുന്നത് മൂന്നിലവിലെ സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകരും അവരുടെ ഭാര്യമാരും ആന്‍റോ ആന്‍റണിയുടെ ബന്ധുക്കളുമാണ്.
ബാങ്ക് പ്രസിഡന്‍റായിരുന്ന ജയിംസ് ആന്‍റണിയുടെ മരണത്തെ തുടര്‍ന്നാണ് തട്ടിപ്പ് പുറത്തുവന്നത്. ഓഹരി ഉടമകളുടെ നിരന്തരമായ സമരങ്ങളെ തുടര്‍ന്ന് ലോണുകള്‍ അടച്ച് ബാധ്യത തീര്‍ത്തോളാമെന്ന് ഓഹരി ഉടമകള്‍ക്ക് അന്നത്തെ ഭരണസമിതി അംഗങ്ങളും ആന്‍റോ അന്‍റണിയും വാക്ക് നല്‍കി പ്രശ്നം പരിഹരിക്കുകയായിരുന്നു.
എന്നാല്‍, പിന്നീട് വന്ന ഭരണസമിതി ഈട് വസ്തുവിന് വിലയില്ല എന്ന് കണ്ടെത്തിയതോടെ ലോണ്‍ എടുത്തവരുടെ സ്ഥലത്തിന്മേല്‍ ഈരാറ്റുപേട്ട മുന്‍സിഫ് കോടതിയില്‍ പരാതിനല്‍കി ജപ്തി നടപടി തുടങ്ങുകയായിരുന്നു. ഈടിന്മേല്‍ ലക്ഷങ്ങളുടെ ലോണ്‍ കൂട്ടിച്ചേര്‍ത്ത് എടുത്ത് വഞ്ചിതരായ 22പേരുടെ സ്വന്തം സ്ഥലത്തിന്മേലാണ് നിലവില്‍ കോടതി ജപ്തി നടപടി ആരംഭിച്ചത്. പുതിയ ഭരണസമിതി വായ്പ തട്ടിപ്പ് നടത്തിയവര്‍ക്കൊപ്പം നിന്ന് ഇരകളെ ഭീഷണിപ്പെടുത്തുകയാണെന്നും തിരിമറി നടത്തിയ 12 കോടിയോളം മുന്‍ ഭരണസമിതിയില്‍ നിന്ന് തിരിച്ചുപിടിക്കാന്‍ ഉത്തരവ് ഉണ്ടായിട്ടും ഒരുനടപടിയും എടുത്തില്ലയെന്നും തട്ടിപ്പിന് ഇരയായവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
വാര്‍ത്തസമ്മേളനത്തില്‍ സി.പി.എം ജില്ല കമ്മിറ്റി അംഗം ജോയി ജോര്‍ജ്, ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, ഏരിയ കമ്മിറ്റി അംഗങ്ങളായ കെ.ഒ. ജോര്‍ജ്, അനൂപ് കെ.കുമാര്‍, ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളായ റോബിന്‍ എഫ്രം, ബെന്നി ജോസഫ്, മോളി ജയിംസ്, അനു ഷെല്‍ബി, അന്ന റോബിന്‍, മൂന്നിലവ് മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റും കോണ്‍ഗ്രസ് നേതാവുമായിരുന്ന ഷേര്‍ലി സെബാസ്റ്റ്യന്‍, വാര്‍ഡ് പ്രസിഡന്‍റുമാരായ സാം പനച്ചിക്കല്‍, സുദര്‍ശനന്‍, ജയിംസ് ജോസ്, എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.