play-sharp-fill
മെന്റര്‍ വിവാദം: അവകാശലംഘന നോട്ടീസില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം തേടി സ്പീക്കര്‍

മെന്റര്‍ വിവാദം: അവകാശലംഘന നോട്ടീസില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം തേടി സ്പീക്കര്‍

തിരുവനന്തപുരം: മെന്റര്‍ വിവാദത്തില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എ നല്‍കിയ അവകാശലംഘന നോട്ടീസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം തേടി സ്പീക്കര്‍ എം.ബി രാജേഷ്. മെന്റര്‍ വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയെ തെറ്റിദ്ധരിപ്പിച്ചുവെന്ന ആരോപണത്തിലാണ് അവകാശലംഘനത്തിന് നോട്ടീസ് നല്‍കിയത്. നിയമസഭാ ചട്ടങ്ങള്‍ പ്രകാരമുള്ള കാര്യനിര്‍വഹണവും നടപടിക്രമങ്ങളും സംബന്ധിച്ചുള്ള 154ാം ചട്ടപ്രകാരമാണ് മാത്യു കുഴല്‍നാടന്‍ മുഖ്യമന്ത്രിക്കെതിരെ നോട്ടീസ് സമര്‍പ്പിച്ചത്. ജൂലൈ ഒന്നിനാണ് നോട്ടീസ് നല്‍കിയത്. നിയമസഭയില്‍ നടന്ന അടിയന്തരപ്രമേയ ചര്‍ച്ചയ്ക്കിടെ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ എക്‌സാലോജിക്‌ കമ്പനി വെബ്‌സൈറ്റില്‍ പി.ഡബ്ല്യു.സി ഡയറക്ടറായ ജെയ്ക് ബാലകുമാര്‍ തന്റെ മെന്ററാണെന്ന് വീണ വിജയന്‍ അവകാശപ്പെട്ടിട്ടുണ്ടെന്ന വിഷയമാണ് മാത്യു കുഴല്‍നാടന്‍ ഉന്നയിച്ചത്. എന്നാല്‍ തന്റെ മകള്‍ അത്തരത്തിലൊരു കാര്യം പറഞ്ഞിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. മാത്യു കുഴല്‍നാടന്‍ പറയുന്നത് പച്ചകള്ളമാണെന്നും മുഖ്യമന്ത്രി ക്ഷുഭിതനായി പറഞ്ഞിരുന്നു. തൊട്ടടുത്ത ദിവസം എക്‌സാലോജിക്കിന്റെ വെബ്‌സൈറ്റ് ആര്‍ക്കൈവ്‌സ് ഉള്‍പ്പെടെ വിശദീകരിച്ചുകൊണ്ട് താന്‍ പറഞ്ഞത് ശരിയാണെന്ന് കുഴല്‍നാടന്‍ സ്ഥാപിച്ചിരുന്നു. തുടർന്ന് മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് കാണിച്ചാണ് അവകാശലംഘന നോട്ടീസ് കുഴല്‍നാടന്‍ സമര്‍പ്പിച്ചത്. ഒരു അംഗം അവകാശലംഘനത്തിന് നോട്ടീസ് നല്‍കിയാല്‍ അത് ആര്‍ക്കെതിരെയാണോ നല്‍കിയത് അവരോട് സ്പീക്കര്‍ വിശദീകരണം ചോദിക്കുന്നത് സ്വാഭാവിക നടപടിയാണ്. അതിനാല്‍ തന്നെ ഈ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.