
സ്വന്തം ലേഖിക
തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രന്റെ കത്ത് വിവാദത്തില്‍ കേസെടുക്കാന്‍ ഉത്തരവിട്ട് ഡിജിപി അനില്‍ കാന്ത്.
കത്ത് വ്യാജമാണോ അല്ലയോ എന്ന് കണ്ടെത്താന്‍ ക്രൈം ബ്രാഞ്ചിന്റെ പ്രാഥമികാന്വേഷണത്തില്‍ കഴിഞ്ഞിരുന്നില്ല. ഇതുകണ്ടെത്താന്‍ കേസെടുത്ത് അന്വേഷിക്കണമെന്ന ക്രൈം ബ്രാഞ്ചിന്റെ ശുപാര്‍ശയിലാണ് നടപടി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വ്യാജ കത്തിന്റെ ഉറവിടം കണ്ടെത്താന്‍ കേസ് ലോക്കല്‍ പൊലീസിന് അല്ലെങ്കില്‍ സൈബര്‍ സെല്ലിന് കൈമാറുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ തുടര്‍ന്നും ക്രൈം ബ്രാഞ്ച് തന്നെ അന്വേഷിക്കട്ടെയെന്ന തീരുമാനത്തിലാണ് ഡി ജി പി ഇപ്പോള്‍ എത്തിയിരിക്കുന്നത്.
പ്രാഥമിക അന്വേഷണം നടത്തിയ ക്രൈം ബ്രാഞ്ചിന്റെ യൂണിറ്റായിരിക്കില്ല തുടരന്വേഷണം നടത്തുകയെന്ന വിവരമുണ്ട്.
താത്കാലിക ഒഴിവുകളിലെ നിയമനത്തിന് മുന്‍ഗണനാ പട്ടിക ആവശ്യപ്പെട്ട് ആര്യാ രാജേന്ദ്രന്റെ പേരില്‍ സി പി എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് കത്തയച്ചെന്ന വിവാദത്തില്‍ കത്തിന്റെ ശരിപ്പകര്‍പ്പ് കണ്ടെത്താന്‍ ക്രൈം ബ്രാഞ്ചിന് സാധിച്ചിരുന്നില്ല. കത്ത് നശിപ്പിച്ചിട്ടുണ്ടെന്നും സംശയമുണ്ട്. കത്ത് താനോ തന്റെ ഓഫീസിലോ തയ്യാറാക്കിയതല്ലെന്നാണ് മേയര്‍ ആര്യാ രാജേന്ദ്രന്റെ മൊഴി.
അതുകൊണ്ടുതന്നെ കത്ത് വ്യാജരേഖയാണെന്ന് പ്രാഥമികമായി കരുതാം. അതിനാല്‍ വ്യാജരേഖ ചമച്ചതിന് കേസെടുക്കാം. എന്നാല്‍ യഥാര്‍ത്ഥ കത്തോ, അത് പ്രചരിപ്പിച്ചവരെയോ കണ്ടെത്തുന്നതുവരെ അന്വേഷണം മുന്നോട്ടുപോകില്ലെന്നതാണ് അന്വേഷണസംഘം നേരിടാന്‍ പോകുന്ന പ്രധാന വെല്ലുവിളി.
മേയറുടെ കത്തുമായി ബന്ധപ്പെട്ട് സി ബി ഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി വെള്ളിയാഴ്ചയാണ് ഹൈക്കോടതി പരിഗണിക്കുന്നത്.