
സ്വന്തം ലേഖിക
കോട്ടയം: ബിജെപിയിലേക്കെന്ന അഭ്യൂഹങ്ങള്‍ തള്ളാതെ മാണി സി കാപ്പന്‍ എംഎല്‍എ.
ബിജെപിയിലേക്ക് പോകുമോ എന്ന ചോദ്യത്തിന് ‘പറയാന്‍ പറ്റില്ല’ എന്നായിരുന്നു കാപ്പന്റെ മറുപടി.
ലോക്സഭ തെരഞ്ഞെടുപ്പില്‍ കോട്ടയം മണ്ഡലത്തില്‍ ഒരു സിറ്റിങ് എംഎല്‍എ ബിജെപി സ്ഥാനാര്‍ഥിയാകുമെന്ന അഭ്യൂഹങ്ങള്‍ സജീവമാണെന്നത് ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴായിരുന്നു കാപ്പന്റെ ഈ പ്രതികരണം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്തായാലും കാര്യങ്ങള്‍ ഈ രീതിയിലാണെങ്കില്‍ പൊതു തെരഞ്ഞെടുപ്പിനു മുൻപ് കാപ്പന് ബിജെപിയിലെത്തും. ക്രിസ്ത്യൻ വോട്ടുകൾ ലക്ഷ്യം വെച്ചുതന്നെ ദേശീയ നേതൃത്വം ചർച്ചകള്‍ തുടങ്ങിക്കഴിഞ്ഞു.
ബിജെപിയിലേക്ക് പോകാന്‍ പദ്ധതിയുണ്ടോ എന്ന ചോദ്യത്തിന് ഇത് രാഷ്ട്രീയമല്ലേ, ഇപ്പോള്‍ അക്കാര്യം പറയാന്‍ പറ്റില്ലെന്നുമായിരുന്നു മാണി സി കാപ്പന്റെ പ്രതികരണം. രാഷ്ട്രീയമല്ലെ, കാലാകാലം മാറിവരും. ഇത്രയും കാലം യുഡിഎഫിലുണ്ടായിരുന്ന ജോസ് കെ മാണി എൽഡിഎഫിലേക്ക് പോയി. എന്തുമാത്രം ബഹളവും വിപ്ലവവും കെ എം മാണി സാറിനെതിരെ ഉണ്ടാക്കിയതാണ്. അപ്പുറത്തുണ്ടായിരുന്നയാൾ സീറ്റില്ലാതെ ഇപ്പുറത്തുവന്നു. ഇതൊക്കെ സ്വാഭാവികമാണ്. ഇതായിരുന്നു കാപ്പന്റെ പ്രതികരണം.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് എൻസിപി വിട്ട് യുഡിഎഫിൽ എത്തിയ മാണി സി കാപ്പന് വേണ്ടത്ര പരിഗണന ലഭിക്കാത്തതിനാൽ നിലവില്‍ യുഡിഎഫിനോടുള്ള അതൃപ്തിയും ഒപ്പം അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിന് മുൻപ് ഇടതുപക്ഷത്തുള്ള ജോസ് കെ മാണിയെ തിരികെ എത്തിക്കാനുള്ള കോണ്‍ഗ്രസിന്റെ നീക്കവും കാപ്പന്റെ മനം മാറ്റത്തിന് പിന്നിലുണ്ട്.
കഴിഞ്ഞ ദിവസം ചേര്‍ന്ന കോണ്‍ഗ്രസ് ചിന്തന്‍ ശിബിരത്തില്‍ കേരള കോണ്‍ഗ്രസ് എം അടക്കമുള്ള ഇടതുപക്ഷത്തുള്ള അതൃപ്തരെ തിരികെ എത്തിക്കണമെന്ന് കോണ്‍ഗ്രസ് രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചിരുന്നു. എന്‍സിപിയില്‍ നിന്നും പടിയിറങ്ങിയ കാപ്പന്‍ നാഷണലിസ്റ്റ് കോൺഗ്രസ് കേരള (എൻസികെ) എന്ന പാർട്ടി രൂപീകരിച്ച് പാലായിൽ യുഡിഎഫ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ച് ജോസ് കെ മാണിക്കെതിരെ വന്‍ വിജയം നേടിയിരുന്നു. പക്ഷേ ജോസ് കെ മാണി യുഡിഎഫിലേക്ക് എത്തിയാല്‍ പാലാ സീറ്റിന്റെ കാര്യത്തില്‍ കാപ്പന് വെല്ലുവിളിയാകും. അതുകൊണ്ട് തന്നെ കാപ്പന് ബിജെപിയിലേക്കെന്ന അഭ്യൂഹത്തിന് പ്രസക്തിയുണ്ട്.
മാണി സി കാപ്പനെ കൂടാതെ ചില കേരള കോണ്‍ഗ്രസ് നേതാക്കളെയും ലക്ഷ്യം വെച്ചുള്ള ചര്‍ച്ചകള്‍ ബിജെപി ആരംഭിച്ചിട്ടുണ്ടെന്നാണ് സൂചന. വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്നും 6 സീറ്റ് ലക്ഷ്യം വെച്ചുള്ള പ്രവര്‍ത്തനങ്ങളാണ് ബിജെപി നടത്തുന്നത്. കേന്ദ്രമന്ത്രിമാര്‍ക്കടക്കം മണ്ഡലങ്ങളുടെ ചുമതല നല്‍കിക്കഴിഞ്ഞു. ക്രൈസ്തവ സമൂഹത്തിലെ അതൃപ്തികള്‍ മുതലെടുത്ത് ഇടത്-വലത് മുന്നണികളിലെ ചില പ്രമുഖരെ ലോക്സഭ തെരഞ്ഞെടുപ്പിന് മുൻപ് പാര്‍ട്ടിയിലെത്തിക്കാനുള്ള ശ്രമങ്ങളും ബിജെപി ആരംഭിച്ചിട്ടുണ്ട്.
രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ദ്രൗപദി മുര്‍മുവിന് കേരളത്തില്‍ നിന്നും വോട്ട് ലഭിച്ച ചര്‍ച്ചകളില്‍ വോട്ട് ചെയ്തത് ആരെന്ന് ഇതുവരെ കണ്ടെത്താനായില്ലെങ്കിലും പാലാ എംഎല്‍എ മാണി സി കാപ്പനാണെന്ന ചില അഭ്യൂഹങ്ങള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇതോടെയാണ് കാപ്പന്‍ യുഡിഎഫ് വിട്ട് എന്‍ഡിഎയിലേക്ക് പുറപ്പെടുന്നു എന്ന അഭ്യൂഹങ്ങള്‍ പരസ്യപ്പെട്ടത്.
ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് ഇടതുപക്ഷത്തുള്ള കേരള കോൺഗ്രസ്(എം) നെ പിളർത്തി യുഡിഎഫിലെത്തിക്കാന് കോൺഗ്രസ് ശ്രമിക്കുമ്പോൾ ഈ നീക്കം മുൻകൂട്ടി കണ്ടുകൊണ്ടാണ് ഒരു എംഎൽഎയെ തന്നെ കോട്ടയത്ത് ലോക്സഭാ സ്ഥാനാർഥിയാക്കാൻ ബിജെപിയും ശ്രമം തുടങ്ങിയിട്ടുള്ളത്. ഈ നീക്കത്തിന് ആക്കം കൂട്ടുവാന്‍ ബിജെപി ദേശീയ നേതൃത്വം രണ്ടു പ്രമുഖ സമുദായ സംഘടനകളുമായി ഉടന് ചർച്ച നടത്തുമെന്നാണ് വിവരം.



