മണർകാട് മെർലിൻ ബാറിന് സമീപമുള്ള പാർക്കിംഗ് ഗ്രൗണ്ടിൽ വെച്ച് യുവാവിന് നേരെ വധശ്രമം; പ്രതികൾ അറസ്റ്റിൽ

Spread the love

സ്വന്തം ലേഖിക

കോട്ടയം: വധശ്രമ കേസിൽ പ്രതികൾ അറസ്റ്റിൽ.

പുതുപ്പള്ളി പയ്യപ്പാടി പാലക്കൽ വീട്ടിൽ കുരുവിള മകൻ നിതിൻ വർഗീസ് കുരുവിള (30), പുതുപ്പള്ളി പയ്യപ്പാടി കുറ്റിപ്പുറം വീട്ടിൽ സണ്ണി പാനൂസ് മകൻ ബിബിൻ തോമസ് (37) എന്നിവരെയാണ് മണർകാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും ചേർന്ന് കഴിഞ്ഞദിവസം മണർകാട് മെർലിൻ ബാറിന് സമീപമുള്ള പാർക്കിംഗ് ഗ്രൗണ്ടിൽ വച്ച് അജി ആൻഡ്രൂസ് എന്നയാളെ ആക്രമിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിയായ ബിബിന്‍ തോമസ്‌ അജി ആൻഡ്രൂസിനോട് നിനക്കെന്നെ അറിയില്ലേ എന്ന് ചോദിക്കുകയും, അജി അറിയില്ല എന്ന് പറഞ്ഞതിലുള്ള വിരോധംമൂലമാണ് ഇയാളെ ആക്രമിച്ചത്. ഇത് കണ്ട് തടസ്സം പിടിക്കാൻ ചെന്ന ഇയാളുടെ സഹോദരനെയും ഇവർ ആക്രമിച്ചു. തുടർന്ന് അജിയെ പ്രതികൾ സോഡാക്കുപ്പി കൊണ്ട് അടിക്കുകയും ചെയ്തു.

ഇതുകൂടാതെ പ്രതികള്‍ പാർക്കിംഗ് ഗ്രൗണ്ടിൽ കിടന്നിരുന്ന ഇവരുടെ കാറിന് നേരെ കല്ലെറിഞ്ഞ് കേടുപാട് വരുത്തുകയും ചെയ്തു. സംഭവത്തിനു ശേഷം സ്ഥലത്തുനിന്നും കടന്നുകളയാന്‍ ശ്രമിക്കുന്നതിനിടയില്‍ ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം സ്ഥലത്തെത്തി പ്രതികളെ പിടികൂടുകയായിരുന്നു.

പ്രതികളിലൊരാളായ നിതിൻ വർഗീസിന് പാമ്പാടി,കോട്ടയം ഈസ്റ്റ് എന്നീ പോലീസ് സ്റ്റേഷനിൽ കേസുകൾ നിലവിലുണ്ട്. മറ്റൊരു പ്രതിയായ ബിബിൻ തോമസിന് കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ നാലു കേസുകൾ നിലവിലുണ്ട്. ഇതിൽ രണ്ട് കേസുകള്‍ കൊലപാതകശ്രമക്കേസുകളാണ്.

ഇയാൾ കഴിഞ്ഞമാസം പയ്യപ്പാടിയിലുള്ള കള്ളുഷാപ്പിന്റെ സമീപത്തുവെച്ച് ഒരാളെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചകേസ്സിൽ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്യുകയും തുടർന്ന് ഇയാള്‍ റിമാൻഡിൽ പോവുകയുമായിരുന്നു. ഈ മാസം ആറാം തീയതി റിമാൻഡിൽ നിന്ന് ഇറങ്ങിയ ശേഷമാണ് ഇയാൾ വീണ്ടും മറ്റൊരു വധശ്രമക്കേസില്‍ പ്രതിയാകുന്നത്. ബിബിന്‍ തോമസ് ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ആളാണ്.

മണർകാട് സ്റ്റേഷൻ എസ്.എച്ച്. ഓ അനിൽ ജോർജ്, എസ്.ഐ മാരായ ഷമീർഖാൻ, ബിനു കെ ജേക്കബ്, സി.പി.ഓ മാരായ ബിനു, ലിജോ സക്കറിയ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.