ഓടിക്കൊണ്ടിരുന്ന സ്കൂള്‍ ബസില്‍ നിന്ന് എല്‍കെജി വിദ്യാര്‍ത്ഥിനി നടുറോഡില്‍ തെറിച്ചുവീണു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; കുട്ടിക്ക് സമയത്ത് ചികിത്സ നൽകാൻ സ്കൂള്‍ അധികൃതര്‍ നടപടി സ്വീകരിച്ചില്ലെന്ന പരാതിയുമായി ബന്ധുക്കള്‍

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കൊച്ചി: ഓടിക്കൊണ്ടിരുന്ന സ്കൂള്‍ ബസില്‍ നിന്ന് തിരക്കേറിയ റോഡിലേക്ക് തെറിച്ചുവീണ എല്‍ കെ ജി വിദ്യാര്‍ത്ഥിനി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.

പിന്നാലെ വന്ന ബസ് പെട്ടെന്ന് ബ്രേക്കിട്ടതാണ് അപകടം ഒഴിവാക്കിയത്. ആലുവയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ബസിന്റെ എമര്‍ജന്‍സി വാതില്‍ വഴിയാണ് വിദ്യാര്‍ത്ഥിനി പുറത്തേക്ക് വീണത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആലുവ വഴുങ്ങാട്ടുശ്ശേരി അല്‍ഹിന്ദ് സ്കൂളിന്റെ ബസിലാണ് അപകടം ഉണ്ടായത്. ആലുവ സ്വദേശി യൂസഫിന്റെ മകള്‍ ഫൈസയാണ് അപകടത്തില്‍പ്പെട്ടത്.

ബസ് ഓടിക്കൊണ്ടിരിക്കെ കുട്ടി പുറത്തേക്ക് വീണിട്ടും ആരും അറിഞ്ഞില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. സംഭവം കണ്ട് ഓടിയെത്തിയ നാട്ടുകാരാണ് കുട്ടിയെ റോഡില്‍ നിന്ന് എടുത്തത്. ഇവര്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് ബസ് നിറുത്തിയതും.

സാരമായ പരിക്കില്ലെന്ന് കണ്ട് കുഞ്ഞിനെ ബസില്‍ തന്നെ കയറ്റി വിടുകയായിരുന്നു. അതേസമയം മകള്‍ക്ക് സമയത്ത് പ്രഥമ ശുശ്രൂഷ നല്‍കാനോ ആശുപത്രിയില്‍ എത്തിക്കാനോ വേണ്ട നടപടികള്‍ സ്കൂള്‍ അധികൃതര്‍ സ്വീകരിച്ചില്ലെന്ന പരാതിയുമായി കുട്ടിയുടെ ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.

കുട്ടിക്ക് അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചുവെന്നും അപ്പോഴാണ് കുട്ടിയുടെ ശരീരത്തില്‍ ചതവും വേദനയും ഉണ്ടെന്നും അപകടം സംഭവിച്ചുവെന്ന് അറിഞ്ഞതെന്നുമാണ് വീട്ടുകാര്‍ പറയുന്നത്. വിഷയത്തില്‍ കുടുംബം പൊലീസിനെ സമീപിച്ചിട്ടുണ്ട്. സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.