
കുണ്ടറയില്‍ വീടിന്റെ അടിത്തറ തോണ്ടി മണ്ണെടുത്ത സംഭവം: അനുമതി കൊടുത്തത് പഞ്ചായത്ത് ആവശ്യപ്പെട്ടിട്ടെന്ന് ജിയോളജി വകുപ്പ്; ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാതെ പഞ്ചായത്ത്
സ്വന്തം ലേഖിക
കൊല്ലം: കുണ്ടറയില്‍ അനധികൃതമായി മണ്ണെടുത്ത സംഭവത്തില്‍ അനുമതി കൊടുത്തത് പഞ്ചായത്തധികൃതര്‍ നല്‍കിയ ശുപാര്‍ശ പ്രകാരമാണെന്ന് ജിയോളജി വകുപ്പിൻ്റെ വിശദീകരണം.
ലൈഫ് പദ്ധതിയില്‍ സ്ഥലം കിട്ടിയവര്‍ക്ക് വീട് നിര്‍മ്മിക്കാനായി ഏഴര മീറ്റര്‍ താഴ്ച്ചയില്‍ മണ്ണെടുക്കാന്‍, ഭൂവുടമകള്‍ക്ക് അനുമതി നല്‍കണമെന്നായിരുന്നു കുണ്ടറ പഞ്ചായത്തിന്റെ ശുപാര്‍ശ. കൂടുതല്‍ മണ്ണെടുത്തതിന് പിഴയടക്കാന്‍ ഭൂവുടമകള്‍ക്ക് ഏപ്രില്‍ മാസത്തില്‍ തന്നെ നോട്ടീസ് നല്‍കിയിരുന്നെന്നും ജിയോളജി വകുപ്പിന്റെ വിശദീകരണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ ജിയോളജി വകുപ്പിന്റെ ആരോപണങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാന്‍ കുണ്ടറ പഞ്ചായത്ത് തയ്യാറായില്ല. മുന്‍ പഞ്ചായത്ത് സെക്രട്ടറിയുടെ കാലത്ത് നടന്ന സംഭവമെന്ന് മാത്രമാണ് പഞ്ചായത്ത് സെക്രട്ടറി നല്‍കിയ വിശദീകരണം.
മണ്ണെടുപ്പിന് അനുമതി നല്‍കിയത് ലൈഫ് പദ്ധതിയില്‍ സ്ഥലം കിട്ടിയവര്‍ക്ക് വീട് വയ്ക്കാന്‍ വേണ്ടിയാണ്. അനധികൃതമായി കൂടുതല്‍ മണ്ണെടുത്തതിന് ഭൂവുടമകളായ സാബു തോമസിന് 38000 രൂപയും കുമാരിക്ക് 49000 രൂപയുമാണ് പിഴ ചുമത്തിയത്.
കൂടുതല്‍ മണ്ണെടുത്ത കാര്യം യഥാസമയം അറിയിക്കാതിരുന്നത് കുണ്ടറ പഞ്ചായത്തിന്റെ വീഴ്ച്ചയാണെന്നും ജിയോളജി വകുപ്പ് ആരോപിക്കുന്നു. അതേസമയം മണ്ണ് മാഫിയ വഞ്ചിച്ചക്കുകയായിരുന്നുവെന്ന് അജിതകുമാരി പറഞ്ഞു. അനുവദനീയമായതിലും കൂടുതല്‍ മണ്ണെടുത്ത കാര്യം പ്രശ്നങ്ങള്‍ ഉണ്ടായ ശേഷം മാത്രമാണ് അറിഞ്ഞതെന്നും അവര്‍ വ്യക്തമാക്കി.