വൈദ്യുതി ബോര്‍ഡിലെ സമരം ഒത്തുതീർപ്പാകുമ്പോള്‍ വിജയിക്കുന്നത് ചെയര്‍മാന്‍ ബി അശോക്…; പിടിവാശിയും വെല്ലുവിളിയുമില്ലാതെ ബോര്‍ഡിന് സമ്പൂര്‍ണമായി കീഴടങ്ങി ഓഫിസേഴ്‌സ് അസോസിയേഷന്‍; സ്ഥലംമാറ്റിയ എം.ജി.സുരേഷ് കുമാറിന് ബോര്‍ഡ് ആസ്ഥാനത്ത് നിയമിക്കില്ലെന്ന നിലപാടിൽ ഉറച്ച് ചെയര്‍മാനും
സ്വന്തം ലേഖകൻ
തിരുവനന്തപുരം: വൈദ്യുതി ബോര്‍ഡില്‍ സിപിഎം അനുകൂല ഓഫിസേഴ്‌സ് അസോസിയേഷന്‍ നടത്തി വന്ന സമരം ഒത്തുതീര്‍പ്പായതോടെ ചിരിക്കുന്നത് ബോര്‍ഡ് ചെയര്‍മാന്‍ ബി അശോക്.
ഓഫീസര്‍മാരുടെ വെല്ലുവിളികള്‍ക്കും പിടിവാശിക്കും വഴങ്ങാതിരുന്ന ചെയര്‍മാനാണ് പ്രശ്‌ന പരിഹാരം ഉണ്ടാകുമ്പോള്‍ വിജയിക്കുന്നത്. ഊര്‍ജ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേഷ്‌കുമാര്‍ സിന്‍ഹ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് അസോസിയേഷനും ബോര്‍ഡ് ചെയര്‍മാനുമായുള്ള പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ തീരുമാനിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബോര്‍ഡിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന രീതിയിലുള്ള വിമര്‍ശനങ്ങളില്‍ നിന്നു മാറിനില്‍ക്കണമെന്ന മാനേജ്മെന്റിന്റെ നിര്‍ദ്ദേശം അസോസിയേഷന്‍ അംഗീകരിച്ചു. വാര്‍ത്താ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും പ്രസ്താവന നടത്താതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണമെന്നും ധാരണയായി. പ്രശ്‌നങ്ങള്‍ മാനേജ്മെന്റിന്റെയും സര്‍ക്കാരിന്റെയും ശ്രദ്ധയില്‍ കൊണ്ടു വന്ന ശേഷവും എല്ലാ സാധ്യതകളും പരാജയപ്പെട്ടപ്പോഴാണു പരസ്യ വിമര്‍ശനത്തിലേക്കു പോയതെന്ന് അസോസിയേഷന്‍ വിശദീകരിച്ചു.
ബോര്‍ഡും ജീവനക്കാരുടെ സംഘടനകളും തമ്മിലുള്ള ആശയവിനിമയത്തിനു സ്ഥിരം സംവിധാനം വേണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഫിനാന്‍സ് ഡയറക്ടറുടെ നേതൃത്വത്തില്‍ ഇതിനു സംവിധാനം ഉണ്ടാക്കും. സസ്‌പെന്‍ഷനു ശേഷം സ്ഥലംമാറ്റിയ സംഘടനാ നേതാക്കളായ ജാസ്മിന്‍ ബാനു, എം.ജി.സുരേഷ് കുമാര്‍ എന്നീ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാരും അസി.എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ബി.ഹരികുമാറും കുറ്റപത്രങ്ങള്‍ക്കു നല്‍കിയ മറുപടി പരിഗണിച്ചു പ്രശ്‌നം തീര്‍പ്പാക്കും എന്ന വാഗ്ദാനം മാത്രമാണ് നല്‍കിയത്.
അതേസമയം ബോര്‍ഡ് കൈക്കൈണ്ട നടപടികള്‍ക്ക് ഇവര്‍ വിധേയരാകേണ്ടി വരും.
ജൂണില്‍ ഉണ്ടാകുന്ന ഒഴിവുകളില്‍ ഇവര്‍ക്ക് അപേക്ഷിക്കുന്ന ജില്ലയിലേക്കു സ്ഥലംമാറ്റം നല്‍കുന്നതും പരിഗണിക്കുമെന്നു ബോര്‍ഡ് അറിയിച്ചു.
ജില്ലയിലെ നിയമനം സംബന്ധിച്ച കാര്യങ്ങള്‍ മാനേജ്‌മെന്റ് തീരുമാനിക്കും. നടപടി തീരുന്ന മുറയ്ക്കു ഹരികുമാറിന്റെ തടഞ്ഞു വച്ച പ്രമോഷന്‍ നല്‍കും. ഏപ്രില്‍ 5 ന് ബോര്‍ഡ് റൂമില്‍ തള്ളിക്കയറിയവര്‍ക്കെതിരായുള്ള അച്ചടക്ക നടപടി പരസ്പര ധാരണയോടെ നിയമാനുസൃതം പരിഹരിക്കും.
ഈ 19 പേര്‍ക്ക് ഉടന്‍ കുറ്റപത്രം നല്‍കും. മറുപടി തൃപ്തികരമെങ്കില്‍ അനുഭാവത്തോടെ പരിഗണിക്കുമെന്നു ബോര്‍ഡ് അറിയിച്ചു. സത്യഗ്രഹമടക്കമുള്ള പ്രക്ഷോഭങ്ങളില്‍ പ്രഖ്യാപിച്ച ഡയസ്‌നോണ്‍ പിന്‍വലിക്കുന്നതു കോടതിവിധിയുടെ അടിസ്ഥാനത്തില്‍ നിയമപരിശോധന നടത്തിയിട്ടാകും.
അതേസമയം അസോസിയേഷന്‍ പ്രസിഡന്റ് എം.ജി.സുരേഷ് കുമാര്‍ അടുത്തകാലത്തെങ്ങും വൈദ്യുതി ബോര്‍ഡ് ആസ്ഥാനത്ത് തിരികെ എത്തുമെന്ന് സൂചനയില്ല. അദ്ദേഹത്തെ ബോര്‍ഡ് ആസ്ഥാനത്ത് നിയമിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ തന്നെയാണ് ബോര്‍ഡ് ചെയര്‍മാന്‍ ആശോക്.