
സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയം ജില്ലയിലും ഓണ്‍ലൈന്‍ വായ്പ തട്ടിപ്പുകള്‍ പെരുകുന്നതായി റിപ്പോര്‍ട്ട്.
ഒരു വര്‍ഷത്തിനിടെ നൂറോളം കേസുകളാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്. നിരവധിപേര്‍ ഓണ്‍ലൈന്‍ തട്ടിപ്പില്‍ കുടുങ്ങിയെന്നും സൈബര്‍ സെല്‍ വിഭാഗത്തിന്‍റെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഓൺലൈൻ ലോൺ ആപ്പുകൾക്കെതിരെ വ്യാപകമായ മുന്നറിയിപ്പുകളാണ് ലഭിക്കുന്നത്. അതീവ ജാഗ്രത പാലിക്കണമെന്നാണ് സൈബർ സെല്ലിൻ്റെ നിർദ്ദേശം.
തട്ടിപ്പിനിരയാകുന്നവരില്‍ അധികവും വീട്ടമ്മമാരാണ്. 40 വയസ്സിന് താഴെയുള്ളവരാണ് കെണിയില്‍ വീണതില്‍ അധികവും. ഇടത്തരം കുടുംബങ്ങളെ ലക്ഷ്യം വെച്ചാണ് ഓണ്‍ലൈന്‍ തട്ടിപ്പ് ലോബി പ്രവര്‍ത്തിക്കുന്നത്. മാസത്തില്‍ മൂന്നുമുതല്‍ 10 വരെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നും മലയാളികളടക്കമുള്ളവര്‍ തട്ടിപ്പുസംഘത്തിലുണ്ടെന്നുമാണ് ജില്ല സൈബര്‍ വിഭാഗം നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം സംസ്ഥാനത്ത് ഓണ്‍ലൈന്‍ ലോണ്‍ ആപ്പുകള്‍ വീണ്ടും ഭീഷണിയുമായി രംഗത്ത് എത്തിയിട്ടുണ്ട്. നേരത്തേ, പണം നല്‍കിയ ശേഷം തിരിച്ചടക്കാതിരുന്നാലാണ് ഭീഷണിയുമായി ഇക്കൂട്ടര്‍ എത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍ ലോണ്‍ പാസായെന്നും അതിന്റെ പ്രോസസിംഗ് ഫീസ് അടക്കണമെന്നും പറഞ്ഞാണ് ഭീഷണിപ്പെടുത്തുന്നത്. കൊല്ലം ജില്ലയിലെ ബിജെപി നേതാവായ ബിനോയ് ജോര്‍ജ്ജ് ഇത് സംബന്ധിച്ച് പൊലീസിന് പരാതി നല്‍കി.
ബിനോയ് ജോര്‍ജ്ജിനെ ഈ മാസം അഞ്ചാം തീയതിയാണ് തട്ടിപ്പ് സംഘം ബന്ധപ്പെട്ടത്. സമാനമായ രീതിയില്‍ പരാതിയുമായി ഒന്നിലധികം പേരും പൊലീസിനെ സമീപിച്ചിട്ടുണ്ട്.
മിനിറ്റുകള്‍ക്കുള്ളില്‍ ആവശ്യമുള്ള പണം ലോണായി അക്കൗണ്ടില്‍ നല്‍കുന്ന ഓണ്‍ലൈന്‍ ലോണ്‍ ആപ്പുകളും അവ നടത്തുന്ന തട്ടിപ്പുകളുമെല്ലാം കേരളത്തില്‍ വ്യാപകമാവുകയാണ്.
ലളിതമായ വ്യവസ്ഥയില്‍ മിനിറ്റുകള്‍ക്കുള്ളില്‍ ലോണ്‍ എന്ന പരസ്യവാചകത്തില്‍ ആകൃഷ്ടരായി ഒരുപാട് സാധാരണക്കാര്‍ കെണിയില്‍ പെട്ടിരുന്നു. വായ്പ ആയി ലഭിച്ച പണം തിരിച്ച് അടയ്ക്കാന്‍ സാധിക്കാത്ത അവസ്ഥയില്‍ നഗ്ന ഫോട്ടോകള്‍ ഉള്‍പ്പെടെ പ്രചരിപ്പിക്കുകയാണ് അവര്‍ ചെയ്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഓണ്‍ലൈന്‍ ആപ്പുകള്‍ വഴി ഇനി പണം എടുത്തില്ലെങ്കിലും പണി കിട്ടുമെന്ന അവസ്ഥയാണ്.
ഓണ്‍ലൈന്‍ ആപ്പുകളുടെ തട്ടിപ്പ് പുതിയ രീതിയിലേക്ക് മാറുകയാണ്. ലോണ്‍ പാസായെന്ന് ഇങ്ങോട്ട് മെസേജ് അയച്ച് അങ്ങോട്ട് പണം ആവശ്യപ്പെടുകയും പണമടച്ചില്ലെങ്കില്‍ നഗ്ന ഫോട്ടോകള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപെടുത്തുകയും ചെയ്യുന്നുവെന്ന് വ്യാപക പരാതികളാണ് ഉയരുന്നത്. ഓണ്‍ലൈന്‍ ലോണ്‍ സെന്ററില്‍ നിന്നും വാട്സാപ്പില്‍ കൂടി മെസ്സേജ് വരും നിങ്ങള്‍ക്ക് 75000രൂപ ലോണ്‍ പാസായി എന്നും അതിന്റെ സര്‍വീസ് ചാര്‍ജ് ആയ 7000രൂപ ഇപ്പോള്‍ തന്നെ അടക്കണമെന്നും. എന്നാല്‍ ഏതെങ്കിലും കാരണവശാല്‍ ആ പണം അടച്ചില്ലെങ്കില്‍ നിങ്ങളുടെ വാട്സ് ആപ്പിലെ പ്രൊഫൈലും ഫേസ് ബുക്കില്‍ നിന്നും ഉള്ള ഫോട്ടോയും എടുത്ത് മോര്‍ഫ് ചെയ്ത് യുട്യൂബില്‍ ഇടുമെന്ന ഭീഷണിയാണ് മെസ്സേജായി ലഭിക്കുന്നത്.
സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് ഇങ്ങനെ മെസ്സേജ് വരുന്നത്. സ്ത്രീകളെയും പുരുഷന്മാരെയും മാനസിക സമ്മര്‍ദ്ദത്തിലാക്കി ലക്ഷങ്ങള്‍ കൈക്കലാക്കി ആത്മഹത്യയിലേക്ക് വരെ എത്തിക്കുന്ന തരത്തിലാണ് ഓണ്‍ലൈന്‍ ലോണ്‍ ആപ്പുകള്‍ വ്യാപകമാവുന്നത്.