
സ്വന്തം ലേഖിക
കോട്ടയം: കോട്ടയം നഗരത്തിൽ ഇന്നു മുതല്‍ ജൂലൈ ഒന്ന് വരെ പഴയ നഗരസഭാ പരിധിയില്‍ വരുന്ന ഭാഗങ്ങളില്‍ കുടിവെള്ള വിതരണം തടസപ്പെടും.
പൈപ്പ് ലൈനുകളില്‍ കണക്ഷന് വര്‍ക്ക് നടക്കുന്നതിനാലാണു കുടിവെള്ള വിതരണം മുടങ്ങുന്നത്. നാട്ടകം, കുമാരനല്ലൂര്‍ മേഖലയില്‍ പതിവുപോലെ വിതരണമുണ്ടാകും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നഗരസഭാ പരിധിയില്‍ ഏറ്റവും കൂടുതല്‍ കണക്ഷനുള്ള മേഖലയാണു പഴയ നഗരസഭാ പ്രദേശം. പ്രധാന സര്‍ക്കാര്‍ ഓഫീസുകള്‍ മുതല്‍ ജനവാസ മേഖല വരെ ഉള്‍പ്പെടുന്ന ഇവിടെ കുടിവെള്ള വിതരണം മുടങ്ങുന്നത് ജനങ്ങളെ ഏറെ ബുദ്ധിമുട്ടിലാക്കും. നിലവില്‍ എല്ലാ ദിവസവും വിതരണമുള്ളപ്പോഴും നഗരത്തിന്റെ ഉയര്‍ന്ന ഭാഗങ്ങളില്‍ എല്ലാ വീടുകളിലും കുടിവെള്ളം കിട്ടാറില്ലെന്നു വ്യാപക പരാതിയുണ്ട്.
ഒന്നോ രണ്ടോ ബക്കറ്റില്‍ ശേഖരിക്കാനുള്ള വെള്ളം മാത്രമാണ് ലഭിക്കുന്നത്. പ്രദേശത്തെ കുടുംബങ്ങള്‍ വില കൊടുത്തു വെള്ളം പുറത്തുനിന്നു വാങ്ങുകയാണ്. ഇടത്തരം കുടുംബങ്ങള്‍ക്കു ഇതു വലിയ സാമ്പത്തിക ബാധ്യതയ്ക്കു കാരണമാകുന്നുണ്ട്.
പഴയ കുമാരനല്ലൂര്‍, നാട്ടകം പഞ്ചായത്തുകളില്‍ വരുന്ന ഭാഗങ്ങളിലും പരാതിക്കു കുറവില്ല. നാട്ടകം മേഖലയില്‍ തുടര്‍ച്ചയായി വെള്ളം ലഭിക്കാത്തതു പതിവു സംഭവമാണ്. മഴ ശക്തമായി പെയ്യാത്തതിനാല്‍ പല കുടുംബങ്ങള്‍ക്കും ഇപ്പോഴും ആശ്രയം പൈപ്പ് വെള്ളം മാത്രമാണ്.
കുമാരനല്ലൂര്‍ മേഖലയിലും കുടിവെള്ള വിതരണത്തില്‍ തടസം നേരിടുന്നതു പതിവാണ്. എസ്എച്ച് മൗണ്ടില്‍ ഒരാഴ്ച മുൻപ് തുടര്‍ച്ചയായ അഞ്ചു ദിവസം കുടിവെള്ള വിതരണം മുടങ്ങിയിരുന്നു. സ്ഥിരമായി പൈപ്പ് പൊട്ടി ചവിട്ടുവരി – മോസ്കോ റോഡ് പൂര്‍ണമായി തകര്‍ന്നിരിക്കുകയാണ്.




