ഇന്നലെവരെ കൂടെയുണ്ടായിരുന്ന കൂട്ടുകാരി യാത്രയായി; കോട്ടയം ബേക്കര്‍ സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി അന്നുവിന് കണ്ണീര് പൂക്കളര്‍പ്പിച്ച് കൂട്ടുകാര്‍
സ്വന്തം ലേഖിക
കോട്ടയം: അന്നുവിന് കൂട്ടുകാരുടെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി.
കഴിഞ്ഞദിവസമുണ്ടായ ബൈക്കപകടത്തില്‍ പരിക്കേറ്റു ചികിത്സയില്‍ കഴിയവേ മരണപ്പെട്ട കൊല്ലാട് വടവറയില്‍ ആലിച്ചന്റെ മകളും ബേക്കര്‍ സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയുമായ അന്നു സാറാ അലിയുടെ മൃതദേഹം ഇന്നലെ ഉച്ചയ്ക്ക് 12.30നാണ് സ്കൂളില്‍ പൊതുദര്‍ശനത്തിനായി എത്തിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നലെ വരെ തങ്ങളുടെ കൂടെയുണ്ടായിരുന്ന പ്രിയപ്പെട്ട അന്നുവിന്റെ ചേതനയറ്റ ശരീരം കണ്ടപ്പോള്‍ സഹപാഠികള്‍ക്കും ഉറ്റസുഹൃത്തുക്കള്‍ക്കും ദുഃഖം താങ്ങാനായില്ല. ഉറ്റ സുഹൃത്തുക്കള്‍ അന്നുവിന്റെ പേരു പറഞ്ഞ് വിതുമ്പിയപ്പോള്‍ പലരെയും അധ്യാപകരാണ് ആശ്വസിപ്പിച്ചത്.
തിങ്കളാഴ്ച രാവിലെ ഒൻപതിനു കൊല്ലാട് കളത്തിക്കടവില്‍ പാലത്തിനു സമീപമായിരുന്നു അപകടം. പരീക്ഷയ്ക്കായി സഹോദരനൊപ്പം സ്കൂട്ടറില്‍ സ്കൂളിലേക്കു പോകുന്നതിനിടെയാണ് അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടറില്‍ എതിര്‍ദിശയില്‍നിന്നുമെത്തിയ ബുള്ളറ്റ് ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ റോഡില്‍ വീണ അന്നുവിന്റെ തലയ്ക്ക് സാരമായി പരിക്കേറ്റിരുന്നു. ആന്തരിക രക്തസ്രാവം കണ്ടെത്തിയതിനെത്തുടര്‍ന്ന് ശസ്ത്രക്രിയ നടത്തി ജീവന് രക്ഷിക്കാന്‍ അവസാനശ്രമം നടത്തിയെങ്കിലും അന്നു മരണത്തിനു കീഴടങ്ങുകയായിരുന്നു.
റോസാപ്പൂക്കളും അരളിപ്പൂക്കളും തങ്ങളുടെ പ്രിയ കൂട്ടുകാരിയുടെ മൃതദേഹത്തില്‍ സമര്‍പ്പിച്ച് ആദാരഞ്ജലികള്‍ അര്‍പ്പിച്ചാണ് വിദ്യാര്‍ഥികള്‍ മടങ്ങിയത്. പ്രിന്‍സിപ്പല്‍ ഷിബു തോമസ്, കോര്‍പറേറ്റ് മാനേജര്‍ റവ. സുമോദ് പി. ചെറിയാന്, വൈസ് പ്രിന്‍സിപ്പല്‍ ബീന ബേബി, കോട്ടയം ആര്‍ഡിഡി സന്തോഷ് കുമാര്‍, പിടിഎ പ്രസിഡന്റ് ഷിബു പുന്നൂസ്, ബേക്കര്‍ കോമ്പൗണ്ട് മാനേജര്‍ റവ. അനീഷ് എം. ഫിലിപ്പ് എന്നിവര്‍ അന്തിമോപചാരമര്‍പ്പിച്ചു. വൈകുന്നേരം നടന്ന സംസ്കാരച്ചടങ്ങിലും നിരവധി വിദ്യാര്‍ഥികള്‍ പങ്കെടുത്തു.