കൂട്ടിക്കല്‍ പഞ്ചായത്തിന്റെ മലയോര മേഖലയില്‍ മിനി എടിഎമ്മിന്റെ മറവില്‍ സാമ്പത്തിക തട്ടിപ്പ്; പണം പിന്‍വലിക്കാനെത്തുന്ന ആളുകളുടെ അക്കൗണ്ടില്‍ നിന്നു വ്യാപകമായി പണം തട്ടിയതായി പരാതി
സ്വന്തം ലേഖിക
മുണ്ടക്കയം: പ്രളയം തൂത്തെറിഞ്ഞ കൂട്ടിക്കല്‍ പഞ്ചായത്തിന്റെ മലയോര മേഖലയില്‍ സാമ്പത്തിക തട്ടിപ്പ് വ്യാപകമാകുന്നതായി പരാതി.
ഇളങ്കാട് ഓലിക്കല്‍ ലീലാമ്മ ബേബി, ഏന്തയാര്‍ കുന്നപ്പള്ളി ഷെറിന് പി. കുര്യന് എന്നിവരാണ് ഏന്തയാറ്റില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തിനെതിരേ പരാതിയുമായി മുണ്ടക്കയം പോലീസിനെ സമീപിച്ചത്. മിനി എടിഎം കൗണ്ടര്‍ സൗകര്യമുള്ള ഈ സ്ഥാപനത്തില്‍ നിന്നും പണം പിന്‍വലിക്കാ നെത്തുന്ന ആളുകളുടെ അക്കൗണ്ടില്‍ നിന്നു വ്യാപകമായി പണം തട്ടിയതായാണ് പരാതി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ലീലാമ്മ ബേബിയുടെ 6450 രൂപയും ഷെറില്‍ പി. കുര്യന്റെ 5610 രൂപയും തട്ടിയതായാണ് ഇവര്‍ പരാതിയില്‍ പറയുന്നത്. ഇവിടെ യെത്തുന്ന ഉപഭോക്താവിന്റെ പാസ്വേര്ഡ് കൈക്കലാക്കുന്ന ഇവര്‍ ഒരു സമയംതന്നെ രണ്ടു തുക പിന്‍വലിക്കുകയാണ് ചെയ്യാറെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ കുറ്റപ്പെടുത്തുന്നു .
ബാങ്ക് ഇടപാടുകള്‍ കൂടുതലായി അറിയാത്ത ഉപഭോക്താക്കള്‍ വീട്ടിലെത്തി ദിവസങ്ങള്‍ കഴിയുമ്പോഴാണ് പണം നഷ്ടപ്പെട്ട വിവരം അറിയുന്നത്. പിന്നീട് ചോദിച്ചു സ്ഥാപനത്തിലെത്തിയാലും തങ്ങള്‍ക്ക് അറിയില്ലെന്ന മറുപടിയാണ് ലഭിക്കാറെന്നു പരാതിക്കാര്‍ പറയുന്നു.
മേഖലയിലെ നിരവധി കുടുംബങ്ങളുടെ ലക്ഷക്കണക്കിന് രൂപ സംഘം തട്ടിയതായി പറയുന്നു. ഇതോടെയാണ് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് പരാതിയുമായി നാട്ടുകാര്‍ രംഗത്തെത്തിയത്. കഴിഞ്ഞ പ്രളയത്തില്‍ ഒഴുക്കില്‍പ്പെട്ട മരിച്ച ഷാലത്തിന്റെ മാതാവാണ് പണം നഷ്ടപ്പെട്ട ലീലാമ്മ ബേബി.
സര്‍ക്കാരിന്റെ ദുരിതാശ്വാസ സഹായവും തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് ബാങ്കില്‍ വരുന്ന പണവുമെല്ലാം പിന്‍വലിക്കാനെത്തുന്ന സാധാരണക്കാരായ ആളുകളെയാണ് സംഘം കബളിപ്പിച്ചു പണം തട്ടുന്നതെന്നും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ കുറ്റപ്പെടുത്തി. സംഭവത്തില്‍ പരാതി ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചതായും മുണ്ടക്കയം പോലീസ് അറിയിച്ചു.