
ഏ.കെ ശ്രീകുമാർ
കോട്ടയം : പൊലീസിലെ മധ്യനിരയ്ക്ക് ശ്വാസം മുട്ടാൻ തുടങ്ങിയിട്ട് നാളുകളായി. പൊലീസ് സംവിധാനത്തിന്റെ നട്ടെല്ലാണ് സിവിൽ പൊലീസ് മുതൽ ഡിവൈഎസ്പിമാർ വരെയുള്ളവർ .പല പോലീസ് സ്റ്റേഷനുകളിലും എസ്എച്ച്ഓ മാർ 18 മണിക്കൂർ വരെയാണ് ഒരു ദിവസം ജോലി ചെയ്യുന്നത്.
ആള്‍ക്ഷാമം കാരണം സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനം താളം തെറ്റിയിരിക്കുകയാണ്. സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും പോലീസുകാരുടെ ക്ഷാമം നേരിടുകയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പാറാവ്, ജിഡി, കോടതി ഡ്യൂട്ടി, പ്രതിക്കും വിഐപിക്കും എസ്‌കോര്‍ട്ട്, സമന്‍സ് വാറന്‍റ് സര്‍വീസ്, രാത്രികാല പട്രോളിംഗ്, പൈലറ്റ്, കേസ് അന്വേഷണം, ഓഫീസ് ഡ്യൂട്ടി തുടങ്ങി എല്ലാ ജോലികള്‍ക്കും നിലവിൽ സ്റ്റേഷൻ ഡ്യൂട്ടിയിലുള്ള പൊലീസുകാർ തന്നെ വേണം.
ഗവർണർമാരുടേയോ
മുഖ്യമന്ത്രിയുടെയോ മന്ത്രിമാരുടെയോ സന്ദര്‍ശനം ഉണ്ടെങ്കിലോ സമരപരിപാടികള്‍ ഉണ്ടെങ്കിലോ പോലീസുകാരെല്ലാം ഇതിനു പുറകെ പോകണം. ഇതോടെ കേസന്വേഷണത്തിനും ഗതാഗത നിയന്ത്രണത്തിനും ആളില്ലാതെ നട്ടം തിരിയുകയാണ്.
സിപിഒ മുതല്‍ ഡിവൈഎസ്പി വരെയുള്ളവരാണ് പൊലീസിന്റെ നട്ടെല്ലായി നിന്ന് സ്വന്തം നട്ടെല്ലൊടിക്കുന്നത്. ഒരിക്കലും തളരില്ലെന്നും നീതിയ്ക്കായി സ്വയം തീയാകുമെന്നും പ്രതിജ്ഞ ചെയ്തിറങ്ങിയവര്‍ പക്ഷേ, ഇപ്പോള്‍ തളര്‍ച്ചയിലാണ്. കാരണം എന്തിനും ഏതിനും ആദ്യം പണികിട്ടുന്നത് ഈ മധ്യനിരക്കാര്‍ക്കാണ്. രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും ഉന്നതരും നല്‍കുന്ന ചവിട്ടിനൊപ്പം ഡിപ്പാര്‍ട്ട്‌മെന്റ് വക കുത്ത് കൊള്ളാനും വിധിക്കപ്പെട്ടവരാണ് ഇവർ.
ജോലിഭാരവും ‘പണി’കിട്ടലും കാരണം ആത്മഹത്യ ചെയ്ത പൊലീസുകാരുടെ എണ്ണം ഞെട്ടിപ്പിക്കുന്നതാണ്. മാനസികാരോഗ്യം ഇത്രയധികം കുഴപ്പത്തിലാക്കുന്ന മറ്റൊരു തൊഴില്‍ മേഖല കാണില്ല.
പക്ഷേ, കളത്തിലിറങ്ങിയാലേ കാക്കിക്കുള്ളില്‍ കരയുന്നവരെ കാണാനാകൂ. അമിത ജോലിഭാരവും മേലുദ്യോഗസ്ഥരുടെ വിരട്ടും മൂലം നിരവധി ഉദ്യോഗസ്ഥരാണ് മാനസിക സമ്മർദ്ദത്തിൽ കഴിയുന്നത്.
ചിലർ ആത്മഹത്യ ചെയ്യുന്നു. ചിലർ ഒളിച്ചോടുന്നു. ഒരു വനിതാ സി.ഐ അമിത ജോലിഭാരത്താൽ നാടുവിട്ടത് കഴിഞ്ഞ വർഷമാണ് . നിരവധി ഉദ്യോഗസ്ഥരാണ് ഹൃദയാഘാതം സംഭവിച്ച് ചികിൽസയിലുള്ളത്.
പത്ത് ദിവസത്തെ ഓണം അവധി കിട്ടിയിട്ടും കുട്ടികളെയുമൊത്ത് അവധിക്കാലം ആഘോഷിക്കാൻ പോകാത്ത ഒരേയൊരു വിഭാഗം പോലീസുകാരാണ്.
അമിത ജോലിക്ക് പുറമേ മേലുദ്യോഗസ്ഥരുടെ വിരട്ടും കൂടി ആകുന്നതോടെ ഇവരുടെ കുടുംബ ജീവിതവും താളം തെറ്റും. രോഗാവസ്ഥയിലുള്ള മാതാപിതാക്കളെ ആശുപത്രിയിൽ എത്തിക്കാനോ മരുന്നു വാങ്ങി നൽകാനോ മക്കളുടെ ദൈനംദിന കാര്യങ്ങളിൽ ഇടപെടാനോ പലർക്കും കഴിയുന്നില്ല. പല പോലീസ് ഉദ്യോഗസ്ഥരുടെയും മക്കൾ കടുത്ത മാനസിക സമ്മർദ്ദത്തിലാണ്.
പോലീസുകാരും മനുഷ്യരാണ് ഇവർക്കുമുണ്ട് മനുഷ്യാവകാശവും കുടുംബവും.! I