കറുത്ത ഷർട്ടും മാസ്കും ധരിച്ച് യുവ എംഎൽഎമാർ; സ്വപ്നയും, സ്വര്‍ണക്കടത്തും, രാഹുലിന്റെ ഓഫീസ് ആക്രമണവും… സര്‍ക്കാരിനെ പ്രതിരോധിക്കാൻ പ്രതിപക്ഷത്തിന് ആയുധങ്ങളേറെ; നിയമസഭാ സമ്മേളനത്തിന് തുടക്കം

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമ സഭയുടെ അഞ്ചാം സമ്മേളനം ആരംഭിച്ചു.

ജൂലൈ 27 വരെ 23 ദിവസമാണ് സഭ സമ്മേളിക്കുന്നത്. കറുത്ത ഷർട്ടും മാസ് കും ധരിച്ചായിരിക്കും പ്രതിപക്ഷ എംഎൽഎമാർ നിയമസഭയിലെത്തിയത്. നിലവിലെ വിവാദ വിഷയങ്ങള്‍ സഭയില്‍ ഉയര്‍ത്തി സര്‍ക്കാരിനെ പ്രതിരോധിക്കാനാണ് പ്രതിപക്ഷ നീക്കം. രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസ് എസ്‌എഫ്‌ഐ തകര്‍ത്തതും സ്വര്‍ണ്ണക്കടത്തില്‍ മുഖ്യമന്ത്രിക്ക് എതിരായ സ്വപ്നയുടെ വെളിപ്പെടുത്തലും അടക്കം വിവാദ വിഷയങ്ങള്‍ വലിയ ചര്‍ച്ച ആകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാവിലെ ചേരുന്ന പ്രതിപക്ഷ എംഎല്‍എമാരുടെ യോഗം ചോദ്യോത്തര വേള മുതല്‍ സ്വീകരിക്കേണ്ട നിലപാട് തീരുമാനിക്കും. സ്വര്‍ണ്ണകടത്തിലും തൃക്കാക്കര തോല്‍വിയിലും മുഖ്യമന്ത്രിയുടെ പ്രതികരണവും പ്രധാനമാണ്. സര്‍ക്കാര്‍ എത്തരത്തിലായിരിക്കും പ്രതിരോധിക്കുക എന്നതും നിര്‍ണായകമാകും.

തൃക്കാക്കരയില്‍ നേടിയ ഉജ്വല വിജയത്തിന്റെ ആത്മവിശ്വാസം വി ഡി സതീശന്‍ നയിക്കുന്ന പ്രതിപക്ഷത്തിനുണ്ടാകും. പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി വ്യക്തമായ മറുപടി സഭയില്‍ പറയേണ്ടി വരും.

സില്‍വര്‍ലൈന്‍ പദ്ധതി, ബഫര്‍ സോണ്‍ വിഷയം എന്നിവയിലെ സര്‍ക്കാരിന്റെ നിലപാട് എന്തായിരിക്കുമെന്നതും നിർണായകമാണ്. ഈ സാമ്പത്തിക വര്‍ഷത്തെ ധനാഭ്യര്‍ത്ഥനകള്‍ ചര്‍ച്ച ചെയ്ത് പാസാക്കും. സഭ സമ്മേളിക്കുന്ന 23 ദിവസങ്ങളില്‍ 13 ദിവസം ധനാഭ്യര്‍ത്ഥന ചര്‍ച്ചക്കാണ് നീക്കിവച്ചത്. നാല് ദിവസം അനൗദ്യോഗികാംഗങ്ങളുടെ കാര്യങ്ങള്‍ക്കായും ധനകാര്യബില്‍ ഉള്‍പ്പെടെയുള്ള ബില്ലുകളുടെ പരിഗണനക്കായി നാല് ദിവസവും ഉപധനാഭ്യാര്‍ത്ഥനക്കും ധനവിനിയോഗ ബില്ലുകള്‍ക്കായി രണ്ട് ദിവസവും നീക്കിവച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം മെയ് 24ന് ആദ്യ സമ്മേളനം ചേര്‍ന്ന പതിനഞ്ചാം കേരള നിയമസഭ ഇപ്പോള്‍ ഒരു വര്‍ഷം പൂര്‍ത്തീകരിച്ചിരിക്കുകയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടക്ക് നാലു സമ്മേളനങ്ങളിലായി മൊത്തം 61 ദിനങ്ങളാണ് സഭ സമ്മേളിച്ചത്.