
കേരള ക്രിക്കറ്റ് അസോസിയേഷനിലെ പീഡന പരാതിയിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കായിക വകുപ്പിനോടും കൻ്റോണ്മെൻ്റ് പൊലീസിനോടും റിപ്പോർട്ട് തേടിയിട്ടുണ്ട്. പരാതിക്കാരിയായ കുട്ടിയോടൊപ്പം മറ്റ് കുട്ടികൾക്കും കൗൺസിലിംഗ് നൽകും. മറ്റ് കുട്ടികളോടും മോശമായി പെരുമാറിയിട്ടുണ്ടെന്ന് പരാതിക്കാരിയുടെ പിതാവ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇത് ഗുരുതരമായ പരാതിയാണെന്ന് ബാലാവകാശ കമ്മീഷൻ ചെയർമാൻ കെ വി മനോജ് കുമാർ പറഞ്ഞു. കായിക പരിശീലനത്തിനിടെ ലൈംഗികാതിക്രമങ്ങൾ തടയാൻ മോണിറ്ററിംഗ് സംവിധാനം ശുപാർശ ചെയ്യുമെന്നും കമ്മീഷൻ അറിയിച്ചു.
പരാതിയിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. തിരുവനന്തപുരം ജില്ലാ വനിതാ അണ്ടർ 19 പരിശീലകൻ മനു എം ശ്രീഹരിക്കെതിരെയാണ് പരാതി. പരിശീലനത്തിനെത്തിയ തമിഴ്നാട് സ്വദേശിനിയായ 12 വയസുകാരിയെയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ പോലീസ് ശേഖരിച്ച് കഴിഞ്ഞു. ബാലാവകാശ കമ്മീഷൻ പോലീസിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.
കുട്ടിയെ ലൈംഗികമായി ആക്രമിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തു. സ്വാധീനം ഉപയോഗിച്ച് ഒത്തുതീർപ്പിലെത്താൻ ശ്രമിച്ചു. പല പെൺകുട്ടികൾക്കും പരാതികളുണ്ടെന്നും നാണക്കേട് ഭയന്ന് മിണ്ടാതിരുന്നെന്നും പിതാവ് പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group