അമിതവേഗതയിലെത്തിയ ബസ് ചെളിക്കെട്ടിലേക്ക് കയറി വെട്ടിച്ചുമാറ്റിയതോടെ നിയന്ത്രണം വിട്ട് മറിഞ്ഞു; ബസിനടിയില്‍പ്പെട്ടുപോയ ജോബിയ തല്‍ക്ഷണം മരിച്ചെന്ന് ദൃക്‌സാക്ഷികള്‍; കനത്ത മഴയിൽ ബസ് ഡ്രൈവറുടെ സാഹസിക യാത്രയിൽ പൊലിഞ്ഞത് ഒരു നഴ്സിന്റെ ജീവന്‍
സ്വന്തം ലേഖിക
കണ്ണൂര്‍: തളിപ്പറമ്പിൽ ബസ് ഡ്രൈവറുടെ അമിത വേഗതയിലുള്ള സാഹസിക യാത്രയിൽ പൊലിഞ്ഞത് ഒരു നഴ്സിന്റെ ജീവന്‍.
ശ്രീകണ്ഠാപുരം സ്വദേശിനിയായ ജോബിയ ജോസഫാണ് മരിച്ചത്. കണ്ണൂര്‍ ആസ്റ്റര്‍ മിംസിലെ നഴ്‌സിങ് സ്റ്റാഫായിരുന്നു യുവതി. നിയന്ത്രണം വിട്ട ബസ് മറിഞ്ഞപ്പോള്‍ ജോബിയ ബസിനടിയില്‍ പെട്ടുപോവുകയായിരുന്നുവെന്നും യുവതി തല്‍ക്ഷണം മരിച്ചുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബുധനാഴ്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു അപകടം. കണ്ണൂരില്‍ നിന്നും പയ്യന്നൂരിലേക്ക് പോകുകയായിരുന്ന പിലാക്കുന്നുമ്മല്‍ എന്ന സ്വകാര്യ ബസാണ് ദേശീയപാതയില്‍ കുറ്റിക്കോല്‍ നെല്ലിയോട്ട് ഭഗവതി ക്ഷേത്രത്തിന് സമീപം മറിഞ്ഞത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു.
പരുക്കേറ്റവരെ നാട്ടുകാരും പൊലീസും ചേര്‍ന്ന് പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക് മാറ്റി. അപകടം സമയം നല്ലമഴയുണ്ടായിരുന്നുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ബസിന്റെ അമിത വേഗതയും അപകടകാരണമായി.
റോഡരികിലെ ചെളിക്കെട്ടിലേക്ക് കയറിയ ബസ് വെട്ടിച്ച് വീണ്ടുമെടുത്തപ്പോള്‍ മറിയുകയായിരുന്നുവെന്നാണ് സി.സി.ടി.വി ദൃശ്യങ്ങളില്‍ വ്യക്തമാവുന്നത്. സമീപത്തെ കെട്ടിടത്തില്‍ സ്ഥാപിച്ച സി.സി ക്യാമറയില്‍ നിന്നാണ് അപകടത്തിന്റെ ദൃശ്യങ്ങള്‍ ലഭിച്ചത്. അഗ്‌നിശമനസേനയുടെയും നാട്ടുകാരുടെയും സഹായത്തോടെയാണ് ബസിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. മരിച്ച ജോബിയയുടെ മൃതദേഹം തളിപ്പറമ്പ് ലൂര്‍ദ്ദ് ആശുപത്രിയിലാണുള്ളത്.