
ചെങ്ങന്നൂർ കല്ലിശ്ശേരി പള്ളിയിൽ സിസിടിവി തുണി കൊണ്ട് മറച്ച് കാണിക്ക വഞ്ചി കുത്തിത്തുറന്നു; നിരവധി കേസുകളിലെ പ്രതിയായ തിരുവല്ല സ്വദേശി മണിയന്‍ അറസ്റ്റിൽ; കൂട്ടുപ്രതിക്കായി തിരച്ചിൽ ശക്തം
സ്വന്തം ലേഖിക
ചെങ്ങന്നൂര്‍: കല്ലിശ്ശേരി പള്ളിയിലെ മോഷണക്കേസില്‍ മുഖ്യ പ്രതി അറസ്റ്റില്‍.
തിരുവല്ല തിരുമൂലപുരം മംഗലശ്ശേരി കോളനിയില്‍ മണിയന്‍ ആണ് അറസ്റ്റിലായത്.
ചെങ്ങന്നൂര്‍ കല്ലിശ്ശേരി സെന്റ് മേരീസ് ക്‌നാനായ വലിയപള്ളിയില്‍ കഴിഞ്ഞ ഒക്ടോബര്‍ 4ന് പുലര്‍ച്ചെയാണ് മോഷണം നടന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാണിക്ക വഞ്ചി കുത്തിതുറന്ന് 10,000ത്തോളം രൂപ മോഷ്ടിക്കുകയായിരുന്നു. പള്ളിയുടെ വാതില്‍ കുത്തിതുറന്നാണ് പ്രതി അകത്തു കടന്നത്. പള്ളിയുടെ മുന്നിലുള്ള സിസിടിവി ക്യാമറ രണ്ട് പേര്‍ തുണികൊണ്ട് മറക്കുന്നത് ദൃശ്യങ്ങളില്‍ കണ്ടിരുന്നു.
ഇതാണ് പ്രതികളെ കുറിച്ച് സൂചന നല്കിയത്. ആലപ്പുഴ നിന്നെത്തിയ വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് തിരുവല്ല തിരുമൂലപുരം മംഗലശ്ശേരി കോളനിയില്‍ മണിയനെ അറസ്റ്റ് ചെയ്തത്.
കേസിലെ മുഖ്യ പ്രതിയായ മണിയന്‍ നാലു മാസം മുൻപ് ജയില്‍ ശിക്ഷ കഴിഞ്ഞ് ഇറങ്ങിയെങ്കിലും വീട്ടിലെത്തിയിരുന്നില്ല. ഇതിനിടെ ഇയാള്‍ മറ്റൊരു മോഷണക്കേസില്‍ ചങ്ങനാശ്ശേരി പൊലീസിന്റെ പിടിയിലായിരുന്നു.
ചെങ്ങന്നൂര്‍ പൊലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളുടെ സഹായിയെ കുറിച്ചും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.