ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നുതന്നെ; മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 139.15 അടിയായി കുറഞ്ഞു; പെരിയാര്‍ തീരത്ത് അതീവജാഗ്രത തുടരുന്നു

Spread the love

സ്വന്തം ലേഖിക

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പില്‍ നേരിയ കുറവുണ്ടായെങ്കിലും ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുറയുന്നില്ല.

2387.38 അടിയാണ് നിലവിലെ ജലനിരപ്പ്. സെക്കന്‍ഡില്‍ മൂന്നരലക്ഷം ലിറ്റര്‍ വെള്ളമാണ് പുറത്തേക്കൊഴുക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അണക്കെട്ടില്‍ നിന്ന് വലിയ തോതില്‍ വെള്ളമെത്തിയതിനെത്തുടര്‍ന്ന് തടിയമ്പാട് ചപ്പാത്ത് മേഖല വെള്ളത്തിനടിയിലാണ്. ഈ സാഹചര്യത്തില്‍ തുറന്നുവിടുന്ന വെള്ളത്തിന്റെ അളവില്‍ വ്യത്യാസം വരുത്തണോയെന്ന കാര്യത്തില്‍ ഇന്ന് തീരുമാനം ഉണ്ടാകും.

അതേസമയം, മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പില്‍ നേരിയ കുറവുണ്ടായി. നിലവില്‍ 139.15 അടിയാണ് ജലനിരപ്പ്. വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞതോടെ ഡാമിലെ നീരൊഴുക്ക് കുറഞ്ഞു. പതിമൂന്ന് ഷട്ടറുകള്‍ തൊണ്ണൂറ് സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി സെക്കന്‍ഡില്‍ പതിനായിരം ഘനയടി വെള്ളമാണ് പുറത്തേക്കൊഴുക്കുന്നത്. 85 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. 140 പേരാണ് ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നത്.

ഇടമലയാര്‍ ഡാം തുറന്നതോടെ പെരിയാര്‍ തീരത്ത് അതീവജാഗ്രത തുടരുകയാണ്. മഴ മാറിനില്‍ക്കുന്നതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. മുന്‍കരുതല്‍ നടപടികളെടുക്കാന്‍ വിവിധ വകുപ്പുകള്‍ക്ക് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വാളയാര്‍ ഡാം തുറക്കുന്നതിനാല്‍ കല്‍പ്പാത്തി പുഴയിലെ ജലനിരപ്പ് ഉയരും. തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി.