
സ്വന്തം ലേഖിക
ഇടുക്കി: ചീനിക്കുഴിയില്‍ പിതാവ് മകനെയും കുടുംബത്തെയും തീയിട്ടുകൊന്ന കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്.
തൊടുപുഴ ചീനിക്കുഴി ആലിയക്കുന്നേല്‍ മുഹമ്മദ് ഫൈസല്‍ (ഷിബു- 45), ഭാര്യ ഷീബ (40), പെണ്‍മക്കളായ മെഹ്‌റിന്‍ (16), അസ്ന (13) എന്നിവരാണ് മരിച്ചത്. കേസില്‍ ഫൈസലിന്റെ പിതാവ് ഹമീദിനെ (79) കരിമണ്ണൂര്‍ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഫൈസലിനും കുടുംബത്തിനുമെതിരെ ഹമീദിന്റെ ഭാഗത്ത് നിന്ന് നേരത്തെ വധധീഷണി ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. പിതാവ് തന്നെ പെട്രോള്‍ ഒഴിച്ച് കത്തിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നുവെന്ന് കാണിച്ച് രണ്ടാഴ്ച മുന്‍പ് ഫൈസല്‍ തൊടുപുഴ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.
വെള്ളിയാഴ്ച അര്‍ദ്ധരാത്രി 12.30നായിരുന്നു അരുംകൊല. അന്ന് രാവിലെ ഹമീദും ഫൈസലും തമ്മില്‍ ഭക്ഷണത്തെ ചൊല്ലി വഴക്കുണ്ടായിരുന്നു.
തന്നെ സംരക്ഷിക്കുന്നില്ലെന്നായിരുന്നു ഹമീദിന്റെ പരാതി. കൃത്യമായ ആസൂത്രണത്തോടെയായിരുന്നു പ്രതി കൃത്യം നടത്തിയത്.
തൊട്ടടുത്ത് പലചരക്ക്-പച്ചക്കറി കട നടത്തുന്ന ഫെസല്‍ വില്ക്കാനായി പെട്രോള്‍ കുപ്പികളിലാക്കി കാറില്‍ സൂക്ഷിച്ചിരുന്നു. ഫൈസലും കുടുംബവും പുറത്തുപോയ തക്കത്തിന് പത്ത് കുപ്പി പെട്രോള്‍ ഹമീദ് എടുത്തുമാറ്റി.
ഹമീദിന്റെ വധഭീഷണി കാരണം ഫൈസലും ഭാര്യയും മക്കളും ഒരു മുറിയിലായിരുന്നു ഉറക്കം. ഹമീദ് മറ്റൊരു മുറിയിലും. വീട്ടില്‍ മറ്റാരുമില്ല.
രാത്രി തിരിത്തുണിയിട്ട് തീകൊളുത്തിയ രണ്ട് പെട്രോള്‍ കുപ്പികള്‍ പ്രതി ജനല്‍ വഴി ഇടുകയായിരുന്നു. മുറി പുറത്തു നിന്ന് പൂട്ടുകയും ടാങ്കിലെ വെള്ളം ഒഴുക്കി വിടുകയും ചെയ്തിരുന്നു.
സമീപവീട്ടിലേക്ക് വെള്ളമെടുക്കുന്ന മോട്ടോറിന്റെ വൈദ്യുതിബന്ധവും വിച്ഛേദിച്ചിരുന്നു. ഹമീദിനെ ഇന്നലെ രാത്രി കോടതി റിമാന്‍ഡ് ചെയ്തു. പ്രതിയെ കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് പൊലീസ് നാളെ അപേക്ഷ നല്‍കും.



