വി.സി നിയമനത്തില്‍ ഏകപക്ഷീയമായി സെര്‍ച്ച്‌ കമ്മിറ്റി ഉണ്ടാക്കിയത് ജനാധിപത്യ വിരുദ്ധം; ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സെനറ്റ് പ്രമേയം പാസാക്കി കേരള സര്‍വകലാശാല

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സെനറ്റ് പ്രമേയം പാസാക്കി കേരള സര്‍വകലാശാല.

സര്‍വകലാശാല പ്രതിനിധിയെ ഉള്‍പ്പെടുത്താതെ വൈസ് ചാന്‍സലറെ തിരഞ്ഞെടുക്കാനുള്ള സെര്‍ച്ച്‌ കമ്മിറ്റി ഗവര്‍ണര്‍ രൂപീകരിച്ചത് ജനാധിപത്യ വിരുദ്ധമാണെന്ന് പ്രമേയത്തില്‍ ചൂണ്ടിക്കാട്ടുന്നു. കമ്മിറ്റിയെ നിയമിച്ചത് പിന്‍വലിക്കണമെന്നും പ്രമേയത്തിലുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിയമനാധികാരിയായ ഗവര്‍ണര്‍ക്കെതിരെ സെനറ്റ് പ്രമേയം പാസാക്കുന്നത് അപൂര്‍വ കാഴ്‌ചയാണ്. സെനറ്റ് യോഗത്തില്‍ ഗവര്‍ണര്‍ക്കെതിരെ പ്രമേയം പാസാക്കാന്‍ അനുമതി നല്‍കിയ വൈസ് ചാന്‍സലര്‍ ഡോ. വി.പി.മഹാദേവന്‍പിള്ളയ്‌ക്കെതിരെ നടപടിയുണ്ടാകാന്‍ സാദ്ധ്യതയുണ്ട്. ഗവര്‍‌ണര്‍‌ക്ക് വിസിയെ സസ്പെന്‍ഡ് ചെയ്യുകയോ അന്വേഷണം നടത്തി പുറത്താക്കുകയോ ചെയ്യാം.

കേരള സര്‍വകലാശാല വി.സിയുടെ കാലാവധി ഒക്ടോബറിലാണ് അവസാനിക്കുന്നത്. നിലവിലെ നിയമപ്രകാരം ഗവര്‍ണറുടെ നോമിനി, സര്‍വകലാശാല നോമിനി, യു.ജി.സി നോമിനി എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് ഗവര്‍ണര്‍ക്ക് വി.സി നിയമന പാനല്‍ സമര്‍പ്പിക്കേണ്ടത്. ഇതില്‍ നിന്ന് ഒരാളെ ഗവര്‍ണര്‍ വൈസ് ചാന്‍സലറായി നിയമിക്കും.

സര്‍വകലാശാല നോമിനിയുടെ പേര് നല്‍കാന്‍ വൈകിയതിനാല്‍ സെര്‍ച്ച്‌ കമ്മിറ്റി രൂപീകരിച്ചുകൊണ്ട് ഗവര്‍ണര്‍ തന്നെ ഉത്തരവിറക്കി. ചാന്‍സലറുടെയും യുജിസിയുടെയും പ്രതിനിധികളെ ഉള്‍പ്പെടുത്തിയാണ് ഗവര്‍ണര്‍ മൂന്നംഗ കമ്മിറ്റി രൂപീകരിച്ചത്.

കോഴിക്കോട് ഐ.ഐ.എം ഡയറക്ടര്‍ ഡോ. ദേബാഷിഷ് ചാറ്റര്‍ജിയാണ് ഗവര്‍ണരുടെ പ്രതിനിധി. കര്‍ണാടക കേന്ദ്ര സര്‍വകലാശാല വി.സി ഡോ. ബട്ടു സത്യനാരായണയാണ് യുജിസി പ്രതിനിധി. സര്‍വകലാശാല സെനറ്റ് പ്രതിനിധിയുടെ പേര് ലഭ്യമാകുന്ന മുറയ്ക്കു കമ്മിറ്റിയിലേക്ക് ഉള്‍പ്പെടുത്താന്‍ വ്യവസ്ഥ ചെയ്തുകൊണ്ടാണ് സെര്‍ച്ച്‌ കമ്മിറ്റി വിജ്ഞാപനം ഗവര്‍ണറുടെ ഓഫിസ് പുറത്തിറക്കിയത്.