
സ്വന്തം ലേഖിക
കൊച്ചി: രണ്ട് ദശലക്ഷത്തിലധികം ഡൗണ്‍ലോഡുകളുള്ള ആപ്പുകളില്‍ യൂസര്‍മാരുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം അടിച്ചുമാറ്റാന്‍ കഴിയുന്ന വില്ലന്‍മാർ.
ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നുഴഞ്ഞുകയറിയിരിക്കുന്ന 35 മാല്‍വെയര്‍ ആപ്ലിക്കേഷനുകളെ കുറിച്ച് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ഇന്റര്‍നെറ്റ് സുരക്ഷാ ഗവേഷകരായ ബിറ്റ്‌ഡിഫെന്‍ഡര്‍. പേര് മാറ്റിയും ആപ്പ് ഐക്കണുകളില്‍ രൂപമാറ്റം വരുത്തിയും ഒളിച്ചുനിന്നാണ് യൂസര്‍മാരെ മാല്‍വെയറുകള്‍ ആക്രമിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഫോണില്‍ അത്തരം ആപ്പുകളുടെ സാന്നിധ്യമുണ്ടെന്ന് സാധാരണ യൂസര്‍മാര്‍ക്ക് ഒരിക്കലും കണ്ടെത്താന്‍ സാധിക്കില്ല. ഇന്‍സ്റ്റാള്‍ ചെയ്യുന്നതോടെ ഫോണിലെ സിസ്റ്റം ആപ്പെന്ന തോന്നിക്കുന്ന രീതിയില്‍ പേരും രൂപവും മാറ്റാന്‍ പോലും കഴിയുന്ന ആപ്പുകളുമുണ്ട്. അതുകൊണ്ട് തന്നെ ബാങ്കിങ് ആപ്പുകളിലും മറ്റും നുഴഞ്ഞുകയറി പണം നഷ്ടപ്പെടുത്തി ഒരു തെളിവും അവശേഷിപ്പിക്കാതെ മുങ്ങാനും മാല്‍വെയറുകള്‍ക്ക് കഴിയും.
പരസ്യങ്ങളാണ് ഇത്തരം സൈബര്‍ കുറ്റവാളികളുടെ മറ്റൊരു വരുമാന സ്രോതസ്സ്. അതുകൊണ്ട് തന്നെ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതോടെ, തുടരെ ഫുള്‍-സ്ക്രീന്‍ പരസ്യങ്ങള്‍ ഫോണില്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങും. ഇത് യൂസര്‍മാര്‍ക്ക് വലിയ ശല്യമായി മാറും. ചില പരസ്യങ്ങളില്‍ ക്ലിക്ക് ചെയ്‌താല്‍ മാല്‍വെയര്‍ സൈറ്റുകളിലേക്കാകും യൂസര്‍മാരെ നയിക്കുക. അത്തരത്തില്‍ ഫോണില്‍ നിന്നും വിവരങ്ങള്‍ ചോര്‍ത്താനും പണം മോഷ്ടിക്കാനും വരെ സൈബര്‍ കുറ്റവാളികള്‍ക്ക് കഴിയും.
അപകടം വരുത്തുന്ന പല ആപ്പുകളും ഗൂഗിള്‍ അവരുടെ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. എന്നാല്‍, APKSOS, APKAIO, APKCombo, APKPure, APKsfull തുടങ്ങിയ നിരവധി തേര്‍ഡ് പാര്‍ട്ടി ആപ്പ് സ്റ്റോറുകളില്‍ ഇപ്പോഴും ഈ ആപ്പുകള്‍ ഉണ്ടെന്ന് മിന്റ് റിപ്പോര്‍ട്ട് ചെയ്തു. അത്തരത്തിലുള്ള ആപ്പുകളുടെ പേരുകളും പങ്കുവെച്ചിട്ടുണ്ട്.
ഇവരാണ് വില്ലന്‍മാര്‍
ജിപിഎസ് ലൊക്കേഷന്‍ ഫൈന്‍ഡര്‍, ജിപിഎസ് ലൊക്കേഷന്‍ മാപ്പ്സ്, ഫാസ്റ്റ് ഇമോജി കീബോര്‍ഡ്, ക്രീയേറ്റ് സ്റ്റിക്കര്‍ ഫോര്‍ വാട്സാപ്പ്, ബിഗ് ഇമോജി – കീബോര്‍ഡ്, വാള്‍സ് ലൈറ്റ് – വാള്‍പേപ്പേഴ്സ് പാക്ക്, ഫോട്ടോപിക്സ് ഇഫക്റ്റുകള്‍ – ആര്‍ട്ട് ഫില്‍ട്ടര്‍, ക്യൂആര്‍ ക്രിയേറ്റര്‍, ഗ്രാന്‍ഡ് വാള്‍പേപ്പേഴ്സ് -3ഡി ബാക്ക്ഡ്രോപ്പ്സ്, സ്റ്റോക്ക് വാള്‍പേപ്പര്‍ – 4K & എച്ച്‌ഡി, എന്‍ജിന്‍ വാള്‍പേപ്പര്‍ -ലൈവ് ആന്‍ഡ് 3 ഡി, സ്മാര്‍ട്ട് ക്യൂആര്‍ സ്കാനര്‍, ക്യാറ്റ് സിമുലേറ്റര്‍, മീഡിയ വോളിയം സ്ലൈഡര്‍, പിഎച്ച്‌ഐ 4K വാള്‍പേപ്പര്‍ – ആനിമേഷന്‍ എച്ച്‌ഡി, മൈ ജിപിഎസ് ലൊക്കേഷന്‍, ഇമേജ് വാര്‍പ്പ് ക്യാമറ, ആര്‍ട്ട് ഗേള്‍സ് വാള്‍പേപ്പര്‍ എച്ച്‌ഡി, സ്മാര്‍ട്ട് ക്യൂആര്‍ ക്രിയേറ്റര്‍,
എഫക്റ്റ്മാനിയ – ഫോട്ടോ എഡിറ്റര്‍, ആര്‍ട്ട് ഫില്‍ട്ടര്‍ – ഡീപ് ഫോട്ടോ ഇഫക്റ്റ്, കണക്ക് സോള്‍വര്‍ – ക്യാമറ ഹെല്‍പ്പര്‍, ലെഡ് തീം – കളര്‍ഫുള്‍ കീബോര്‍ഡ്, കീബോര്‍ഡ് – ഫണ്‍ ഇമോജി സ്റ്റിക്കര്‍, സ്മാര്‍ട്ട് വൈഫൈ, കളറൈസ് ഓള്‍ഡ് ഫോട്ടോ, ഗേള്‍സ് ആര്‍ട്ട് വാള്‍പേപ്പര്‍, വോളിയം കണ്‍ട്രോള്‍,സീക്രട്ട് ഹോറോസ്കോപ്പ്,സ്മാര്‍ട്ട് ജിപിഎസ് ലൊക്കേഷന്‍,ആനിമേറ്റഡ് സ്റ്റിക്കര്‍ മാസ്റ്റര്‍,പേഴ്സണാലിറ്റി ചാര്‍ജിംഗ് ഷോ,സ്ലീപ്പ് സൗണ്ട്സ്, സീക്രട്ട് ആസ്ട്രോളജി,കളറൈസ് ഫോട്ടോസ്,
പണി കിട്ടാതിരിക്കാന്‍ എന്തു ചെയ്യണം…???
നിങ്ങള്‍ക്ക് ആവശ്യമുള്ള ആപ്പുകള്‍ മാത്രം ഇന്‍സ്റ്റാള്‍ ചെയ്യുക എന്നുള്ളതാണ് ആദ്യം എടുക്കേണ്ട തീരുമാനം. അത് അപകടം കുറക്കുന്നതിന് പുറമേ, ബാറ്ററി കൂടുതല്‍ ലഭിക്കുന്നതിനും കാരണമാകും. ഫോണില്‍ ഉപയോഗമില്ലാതെ കിടക്കുന്ന ആപ്പുകള്‍ നീക്കം ചെയ്യുക.
പ്ലേസ്റ്റോറിനുള്ളില്‍ പോലും മാല്‍വെയറുകള്‍ കടന്നുകൂടുന്നുണ്ടെങ്കില്‍, അതിന് പുറത്ത് നിന്ന് ഡൗണ്‍ലോഡ് ചെയ്യുന്ന ആപ്പുകളില്‍ എത്രത്തോളം അപകടം ഒളിഞ്ഞിരിപ്പുണ്ടാകും.. അതുകൊണ്ട് തന്നെ, ഗൂഗിളില്‍ തിരഞ്ഞുകൊണ്ട് ഒരു ആപ്പും ഇന്‍സ്റ്റാള്‍ ചെയ്യാതിരിക്കുക. മറ്റ് മാര്‍ഗങ്ങള്‍ വഴി ആരെങ്കിലും അയച്ചുതരുന്നതും ഇന്‍സ്റ്റാള്‍ ചെയ്യരുത്.
ധാരാളം ഡൗണ്‍ലോഡ് ഉള്ളതും എന്നാല്‍, വളരെ കുറച്ച് റിവ്യൂകള്‍ ഉള്ളതുമായ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യരുത്. പിടിക്കപ്പെട്ട ‘GPS ലൊക്കേഷന്‍ മാപ്‌സ്’ എന്ന ആപ്പിന് ഒരു ലക്ഷത്തിലധികം ഡൗണ്‍ലോഡുകള്‍ ഉണ്ട്. എന്നാല്‍, ആരും ആപ്പിനെ കുറിച്ച് റിവ്യൂ എഴുതിയതായി കാണാന്‍ സാധിച്ചിട്ടില്ല.
ആപ്പുകള്‍ക്ക് പെര്‍മിഷന്‍ കൊടുക്കുമ്പോള്‍ ശ്രദ്ധിക്കുക. കാല്‍കുലേറ്റര്‍ ആപ്പിന് ക്യാമറ ഉപയോഗിക്കാന്‍ അനുവാദം കൊടുക്കേണ്ടതില്ലല്ലോ. ചില നിസാര ആപ്പുകള്‍ ഫോണിലെ കോണ്‍ടാക്ടുകളിലേക്കും ലൊക്കേഷനും എന്തിന് ഗാലറിയില്‍ കിടക്കുന്ന ചിത്രങ്ങളും മറ്റും കാണാന്‍ പോലും അനുവാദം ചോദിച്ച് വരും, അവറ്റകളോടും ഒരു വലിയ ‘നോ’ പറയുക.



