play-sharp-fill
ഡോളോ-650 നിര്‍ദ്ദേശിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് ആയിരം കോടി രൂപയുടെ സൗജന്യങ്ങള്‍

ഡോളോ-650 നിര്‍ദ്ദേശിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് ആയിരം കോടി രൂപയുടെ സൗജന്യങ്ങള്‍

ന്യൂഡൽഹി: മൈക്രോ ലാബ്സ് ഫാർമസ്യൂട്ടിക്കൽ കമ്പനി തങ്ങളുടെ മരുന്നായ ഡോളോ 650യുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് ഡോക്ടർമാർക്കും മറ്റുള്ളവർക്കും 1,000 കോടി രൂപയുടെ സൗജന്യങ്ങൾ നൽകിയെന്ന് മെഡിക്കൽ റെപ്പുമാരുടെ സംഘടനയുടെ വെളിപ്പെടുത്തൽ. സംഘടന ഇക്കാര്യം സുപ്രീം കോടതിയെ അറിയിച്ചു. ആരോപണത്തിൽ 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീം കോടതി കേന്ദ്ര സർക്കാരിന് നിർദേശം നൽകി. കോവിഡ്-19 മഹാമാരിക്കാലത്ത് വളരെ പ്രചാരത്തിലിരുന്ന പാരസെറ്റാമോൾ മരുന്നായിരുന്നു ‘ഡോളോ’.

ഫെഡറേഷൻ ഓഫ് മെഡിക്കൽ ആൻഡ് സെയിൽസ് റെപ്രസെന്‍റേറ്റീവ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയ്ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സഞ്ജയ് പരേഖാണ് സുപ്രീം കോടതിയിൽ ആരോപണം ഉന്നയിച്ചത്. “650 മില്ലിഗ്രാം ഫോർമുലേഷനായി ഡോളോ കമ്പനി 1,000 കോടി രൂപ സൗജന്യമായി നൽകിയിട്ടുണ്ട്. ഡോക്ടർമാർ യുക്തിരഹിതമായ ഡോസ് കോമ്പിനേഷൻ നിർദ്ദേശിക്കുന്നു,” അഭിഭാഷകൻ പറഞ്ഞു. സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസിൽ നിന്നുള്ള ഒരു റിപ്പോർട്ടാണ് തന്‍റെ വിവരങ്ങളുടെ ഉറവിടമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഈ കേൾക്കുന്നത് തന്റെ കാതുകൾക്ക് സംഗീതമല്ലെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു. കോവിഡ് ബാധിതനായി ചികത്സയിൽ കഴിയുന്ന വേളയിൽ തനിക്കും നൽകിയിരുന്നത് ഡോളോ 650 ആയിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ഗൗരവമേറിയ ഈ വിഷയത്തിൽ പത്ത് ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ കെ.എം. നടരാജിനോട് സുപ്രീം കോടതി നിർദ്ദേശിച്ചു. മരുന്ന് പ്രോത്സാഹിപ്പിക്കുന്നതിനായി ഡോക്ടർമാർക്കും മറ്റുള്ളവർക്കും സൗജന്യങ്ങൾ നൽകുന്നതിൽ നിന്ന് ഫാർമസ്യൂട്ടിക്കൽ കമ്പനികളെ തടയാൻ നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group