
ബാങ്കിലെ കസ്റ്റമേഴ്സിൻ്റെ പേരിൽ മുക്കുപണ്ടം പണയം വെച്ച് പണം തട്ടി; മുണ്ടക്കയം സ്വദേശിയായ ബാങ്ക് ജീവനക്കാരൻ അറസ്റ്റിൽ; തട്ടിപ്പ് നടന്നത് കാഞ്ഞിരപ്പള്ളി യൂണിയൻ ബാങ്കിൽ
സ്വന്തം ലേഖിക
കോട്ടയം: മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ ബാങ്ക് ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
മുണ്ടക്കയം ചരലേയിൽ വീട്ടിൽ ഉത്തമൻ മകൻ ശ്രീകാന്ത് ഉത്തമൻ (38) നെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾ കാഞ്ഞിരപ്പള്ളിയിലുള്ള യൂണിയൻ ബാങ്കിൽ ഗോൾഡ് അപ്രൈസർ ആയി ജോലി ചെയ്തു വരികയായിരുന്നു. ഇയാൾ ഈ ബാങ്കിലെ കസ്റ്റമേഴ്സ് ആയ 13 പേരുടെ പേരിൽ മുക്കുപണ്ടം പണയം വെച്ച് ഏകദേശം 31 ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയായിരുന്നു.
ബാങ്കിന്റെ റീജിയണല്‍ ഓഫീസിൽ നിന്ന് മാനേജരും മറ്റൊരു അപ്രൈസറും എത്തി ബാങ്കിലെ സ്വര്‍ണ്ണങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഇതില്‍ നിന്നും മുക്കുപണ്ടം കണ്ടെത്തിയത്. തുടർന്ന് ഇവർ കാഞ്ഞിരപ്പള്ളി സ്റ്റേഷനിൽ പരാതി നൽകുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇയാളെ പിടികൂടുകയുമായിരുന്നു.
ഇയാള്‍ പണം വലിയ തോതിലുള്ള ചീട്ടുകളികള്‍ക്കുവേണ്ടി ചിലവാക്കിയിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ്.എച്ച്.ഓ ഷിന്റോ പി.കുര്യൻ, എസ്.ഐ പ്രതീപ്, സി.പി.ഓ അരുൺ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.