play-sharp-fill
തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കള്ളപ്പണം ഒഴുകുന്നു; കടത്താൻ ശ്രമിച്ചത് 48 കടലാസ് പായ്ക്കറ്റുകളിലായി പത്ത് കോടിയിലേറെ രൂപയുടെ കള്ളപ്പണം; പിടികൂടിയത്  കാറില്‍ നിന്നും കേരള രജിസ്ട്രേഷന്‍ ചരക്കുലോറിയിലേക്ക്  മാറ്റുന്നതിനിടെ

തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കള്ളപ്പണം ഒഴുകുന്നു; കടത്താൻ ശ്രമിച്ചത് 48 കടലാസ് പായ്ക്കറ്റുകളിലായി പത്ത് കോടിയിലേറെ രൂപയുടെ കള്ളപ്പണം; പിടികൂടിയത് കാറില്‍ നിന്നും കേരള രജിസ്ട്രേഷന്‍ ചരക്കുലോറിയിലേക്ക് മാറ്റുന്നതിനിടെ

സ്വന്തം ലേഖിക

ചെന്നൈ: തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കടത്തുകയായിരുന്ന പത്ത് കോടിയിലേറെ രൂപയുടെ കള്ളപ്പണം വെല്ലൂരില്‍ വച്ച്‌ തമിഴ്നാട് പൊലീസ് പിടികൂടി.

തമിഴ്നാട് രജിസ്ട്രേഷനിലുള്ള കാറില്‍ നിന്നും കേരള രജിസ്ട്രേഷന്‍ ചരക്കുലോറിയിലേക്ക് പണം മാറ്റുന്നതിനിടെയാണ് പിടികൂടിയത്. ചെന്നൈ സേലം ദേശീയപാതയില്‍ വെല്ലൂര്‍ ജില്ലയിലെ ഗോവിന്ദപാടി ടോള്‍ ബൂത്തിന് സമീപമാണ് കള്ളപ്പണം പിടികൂടിയത്. തളിപ്പറമ്പ് രജിസ്ട്രേഷനിലുള്ള ചരക്കുലോറിയില്‍ കേരളത്തിലേക്ക് പണം കടത്താനായിരുന്നു പദ്ധതി. പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തെ തുടര്‍ന്ന് ദേശീയപാതയില്‍ രാത്രികാല പരിശോധന കര്‍ശനമാക്കിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാറില്‍ നിന്ന് ലോറിയിലേക്ക് പാക്കറ്റുകള്‍ കടത്തുന്നത് ശ്രദ്ധയില്‍പ്പെട്ട പൊലീസ് തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്.
48 കടലാസ് പാക്കറ്റുകളിലാക്കിയായിരുന്നു പണം എത്തിച്ചത്. പാക്കറ്റുകളുടെ ഉള്ളടക്കം എന്താണെന്ന് കാറിലും ലോറിയിലും ഉണ്ടായിരുന്നവര്‍ പറഞ്ഞില്ല. പിടിച്ചെടുത്ത് തുറന്ന് പരിശോധിച്ചപ്പോഴാണ് നോട്ടുകെട്ടുകള്‍ കണ്ടെത്തിയത്.

പണം സംബന്ധിച്ച യാതൊരു രേഖകളും കൈവശക്കാരുടെ പക്കല്‍ ഉണ്ടായിരുന്നില്ല. രണ്ട് മലയാളികളടക്കം നാല് പേരെ പള്ളിക്കൊണ്ട പൊലീസ് അറസ്റ്റ് ചെയ്തു. തളിപ്പറമ്പ് സ്വദേശികളായ ലോറി ഡ്രൈവര്‍മാരായ ഷറഫുദ്ദീന്‍, നാസര്‍, കാറില്‍ ഉണ്ടായിരുന്ന ചെന്നൈ സ്വദേശി നിസാര്‍ അഹമ്മദ്, കാര്‍ ഡ്രൈവര്‍ വസീം അക്രം എന്നിവരാണ് പിടിയിലായത്.

നിസാര്‍ അഹമ്മദിന്റെ അച്ഛന്‍റെ ദുബായിലുള്ള സുഹൃത്തായ റിയാസ് എന്നയാളുടെ നിര്‍ദേശപ്രകാരമാണ് പണം കൊണ്ടുവന്നതെന്ന് ഇവര്‍ പിന്നീട് പൊലീസിനോട് പറഞ്ഞു. ലോറി കേരളത്തിലേക്ക് പോകും വഴി കോയമ്പത്തൂരില്‍ കാത്തുനില്‍ക്കുന്ന ആളുകള്‍ പണത്തിന്‍റെ ഒരു ഭാഗവും ശേഷം കോഴിക്കോട്ടുനിന്നും കൈപ്പറ്റാനായിരുന്നു ധാരണ. കുഴല്‍പ്പണ സംഘമാണ് ഇവരെന്നാണ് പൊലീസിന്‍റെ പ്രാധമിക നിഗമനം. മറ്റേതെങ്കിലും സംഘങ്ങള്‍ക്ക് പണവുമായി ബന്ധമുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.