
30 രൂപക്ക് പകരം പാർക്കിങ് ഫീസായി വാങ്ങിയത് 100 രൂപ; അയ്യപ്പ ഭക്തരെ ചൂഷണം ചെയ്യുന്നുവെന്ന് പരാതി; കൈയോടെ പിടികൂടി ഹിന്ദു ഐക്യവേദി; പാർക്കിങ് മൈതാനങ്ങൾ ശൗചാലയം എന്നിവിടങ്ങളിൽ പരിശോധന ശക്തം; എരുമേലി ദേവസ്വം ഓഫീസിന് മുൻപിൽ നാളികേരം ഉടച്ച് പ്രതിഷേധിച്ച് പ്രവർത്തകർ
സ്വന്തം ലേഖിക
എരുമേലി: അസൗകര്യങ്ങളും അയ്യപ്പ ഭക്തരെ ചൂഷണം ചെയ്യുന്ന നടപടിയും കണ്ടെത്തിയതോടെ എരുമേലി ദേവസ്വം ഓഫീസിനു മുൻപിൽ നാളികേരം ഉടച്ചു പ്രതിഷേധം അറിയിച്ച്
ഹിന്ദു ഐക്യവേദി.
സംസ്ഥാന സമിതിയംഗം സ്വാമി ദേവചൈതന്യാനന്ദ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. പാർക്കിങ് മൈതാനങ്ങൾ ചെളി നിറഞ്ഞു കിടക്കുകയാണ്. മൈതാനങ്ങളിലും ശൗചാലയങ്ങളിലും അമിത ഫീസ് ഈടാക്കുന്നു. കാർ പാർക്ക് ചെയ്തതിനു 30 രൂപയ്ക്ക് പകരം 100 രൂപ വാങ്ങിയ രസീതും കണ്ടെത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാർക്കിങ് മൈതാനങ്ങളിലെ ജീവനക്കാർ സ്വാമിമാരോട് മോശമായി പെരുമാറുന്നു. ഈ അക്രമങ്ങൾക്കെതിരെ അധികൃതർ നടപടിയെടുക്കുന്നില്ല. പോലീസ് മൗനാനുവാദം നൽകുന്നു. പരിശോധന വിഭാഗം നിഷ്‌ക്രിയരാണെന്നും പ്രവർത്തകർ പറഞ്ഞു.
ദേവസ്വം ബോർഡ് മൈതാനങ്ങൾ ചെളി നിറഞ്ഞു കിടക്കുന്നത് സ്വകാര്യ ഉടമകളെ സഹായിക്കുന്നതിനാണ്. വിരി വയ്ക്കാനുള്ള പന്തൽ പൊടി നിറഞ്ഞതിനാൽ അയ്യപ്പൻമാർ കയറുന്നില്ല. ആരോഗ്യ കേന്ദ്രങ്ങളെല്ലാം രാത്രി 12 ന് പ്രവർത്തനം അവസാനിപ്പിക്കുകയാണ്. സ്വകാര്യ മൈതാനങ്ങളിൽ ക്രിമിനൽ പശ്ചാത്തലമുള്ളവരാണ് ജോലി ചെയ്യുന്നത് വൺ വേ സംവിധാനം ആട്ടിമറിക്കുന്നു തുടങ്ങിയ ആരോപണങ്ങളാണ് ഉന്നയരുന്നത്.
പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടായില്ലെങ്കിൽ സമരം സംഘടിപ്പിക്കുമെന്നും സംസ്ഥാന നേതാക്കൾ അറിയിച്ചു.
പേട്ടത്തുള്ളൽ പാതയിലെ വെള്ളം നനക്കൽ പ്രഹാസനമാകുന്നതായി ആക്ഷേപമുണ്ട്. ചുട്ടുപൊള്ളുന്ന സമയങ്ങളിൽ റോഡിലെ ടാറിങ്ങിൽ നിന്നുമുള്ള ചൂടിൽ നിന്നും രക്ഷപെടുന്നതിനാണ് വാഹനത്തിൽ വെള്ളം നനക്കുന്നത്. എന്നാൽ ഇതു തീർത്ഥാടകർക്ക് യാതൊരു പ്രയോജനവും ഉണ്ടാകുന്നില്ല.
ഇതോടെ കാലിൽ ചെരുപ്പില്ലാതെ നടക്കുന്ന കുട്ടികൾ ഉൾപ്പെടെയുള്ളവർ ബുദ്ധിമുട്ടുന്ന കാഴ്ചകൾ കാണാം.
ടൗൺ ഒഴികെ ബാക്കിയുള്ള സ്ഥലങ്ങളിൽ കുറച്ചു വെള്ളം മാത്രമാണ് സ്പ്രെ ചെയ്യുന്നത്. അതിനാൽ ടൗണിലും സമീപ പ്രദേശങ്ങളിലും രൂക്ഷമായ പൊടിശല്യമാണ്.
വെള്ളം വലിഞ്ഞു പോകുന്നുവെന്നാണ് കരാർ എടുത്തവർ പറയുന്നത്. എന്നാൽ വെള്ളം നനച്ചതിന് പിന്നാലെ റോഡിന്റെ അരികിൽ മാത്രമേ വെള്ളം വീണു കിടക്കുന്നത് കാണുകയുള്ളു. ക്ഷേത്രത്തിന്റെ മുൻവശത്തെ റോഡിലും വെള്ളം പരിമിതമാണ്.
ദേവസ്വം ബോർഡ് ഉൾപ്പെടെ കടകൾ, പാർക്കിങ് മൈതാനം, ശൗചാലയങ്ങൾ ലേലത്തിൽ എടുത്തവർ സ്വകാര്യ പാർക്കിങ് മൈതാനങ്ങൾ ശുചിമുറി നടത്തിപ്പുകാർ എല്ലാം തീർത്ഥാടകരെ ചൂഷണം ചെയ്യുന്നതായി ആക്ഷേപമുണ്ട്. വൻ തുക നൽകി ലേലം സ്വീകരിക്കുന്നതാണ് ചൂഷണത്തിനു വഴിയൊരുക്കുന്നത്. ചില മൈതാനങ്ങളിലെ ജീവനക്കാർ സ്വാമിമാരെ ഭീഷണിപ്പെടുത്തുന്നതായും പരാതിയുണ്ട്. പോലീസ് കർശന പരിശോധന സ്വീകരിച്ചില്ലെങ്കിൽ എവിടങ്ങൾ ലഹരി വിപണത്തിന്റെ കേന്ദ്രം ആകുന്നതിനും സംഘർഷത്തിനും സാധ്യതയുണ്ടാകും.
ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുള്ള പ്രവർത്തനമാണ് ഇത്തവണ. ചൂഷണം നടക്കുന്ന സ്ഥാപനങ്ങൾക്ക് ഇതുവരെ മുന്നറിയിപ്പ് നൽകുക മാത്രമാണ് റവന്യു കൺട്രോൾ വിഭാഗം ചെയ്തിരിക്കുന്നത്. കഴിഞ്ഞ തീർത്ഥാടനകാലത്ത് പാർക്കിങ് മൈതാനം നടത്തിപ്പുകാരിൽ നിന്നും കൈക്കൂലി വാങ്ങിയതിനു എസ്. എച്ച്. ഒയും എസ്. ഐയും സസ്പെന്ഷനിലായിരുന്നു.
ഹിന്ദു ഐക്യ വേദി സംസ്ഥാന വൈസ് പ്രസിഡന്റ് പി. എസ്. പ്രസാദ്, മഹിളാ ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് അനിത ജനാർദ്ദനൻ, സാബു സ്വാമി, ജില്ല ജനറൽ സെക്രട്ടറി കെ. യു. ശാന്തകുമാർ, ജില്ല സെക്രട്ടറി അംബിക തമ്പി, ഹരികൃഷ്ണൻ പേഴുംകാട്ടിൽ തുടങ്ങിയവർ നേതൃത്വം നൽകി.