ചില കമന്റുകള്‍ തനിക്ക് വലിയ സന്തോഷം തരാറില്ല’; വ്യത്യസ്തമായ റോളുകള്‍ ചെയ്യാനുള്ള സമ്മര്‍ദ്ദമാണ് അവ തരുന്നതെന്ന് ദുല്‍ഖര്‍ സൽമാൻ….
സ്വന്തം ലേഖിക
കൊച്ചി: മലയാളത്തില്‍ നിന്നുള്ള ഏറ്റവും ജനപ്രീതിയുള്ള പാന്‍ ഇന്ത്യന്‍ താരമായി മാറിയിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍.
അടുത്തിടെ തെലുങ്കില്‍ നിന്നും ദുല്‍ഖറിന്റെ പാന്‍ ഇന്ത്യ ചിത്രം സീതാരാമം ഗംഭീര വിജയമായി മാറിയിരുന്നു. കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ ഹിന്ദി ചിത്രം ഛുപ്: റിവഞ്ച് ഓഫ് ദി ആര്‍ട്ടിസ്റ്റും മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്ത്യ മുഴുവന്‍ ആരാധകരുള്ള ദുല്‍ഖറിന് തന്റെ വളര്‍ച്ചയ്‌ക്കൊപ്പം ചോക്ലേറ്റ് ബോയ്, ചാമിങ് ഹീറോ തുടങ്ങി നിരവധി വിശേഷങ്ങളളും ലഭിച്ചിട്ടുണ്ട്. ആ വിശേഷണങ്ങളോടുള്ള തന്റെ കാഴ്ചപ്പാട് വ്യക്തമാക്കുകയാണ് ദുല്‍ഖര്‍ ഇപ്പോള്‍. ഗലാട്ട പ്ലസില്‍ ഭരദ്വാജ് രംഗന് നല്‍കിയ അഭിമുഖത്തില്‍ ചാമിങ് എന്ന വിശേഷണം കൊണ്ട് ആളുകള്‍ ഒരു സീരിയസ് നടനായി കണക്കാക്കാത്ത സാഹചര്യമുണ്ടായിട്ടുണ്ടോ എന്ന അദ്ദേഹത്തിന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍. ദുല്‍ഖറിന്റെ വാക്കുകള്‍ ഇങ്ങനെ.
‘മലയാള സിനിമയില്‍ ലുക്കിന് ഒരു പ്രാധാന്യവുമില്ല. കഥാപാത്രത്തിന് യോജിച്ചതായിരിക്കണം നടന്റെ ലുക്ക്. ഒരു വിശ്വാസ്യത തോന്നണം, അത്രയേ ഉള്ളു. എനിക്കൊരു അര്‍ബന്‍/മെട്രോ ലുക്കുണ്ട്. കുറച്ചൊരു ഗൂഡായ ലുക്കാണ് എന്റേതെന്ന് വേണമെങ്കില്‍ പറയാം. ഭയങ്കര ഗുഡ് ലുക്കിങ് ആണെന്നല്ല ഉദ്ദേശിച്ചത്. ഇത് ഞാന്‍ എളിമയുടെ പുറത്ത് പറയുന്നതല്ല,’
‘ഞാന്‍ എന്നെ കാണുന്നത് അങ്ങനെയാണ്. എന്നാലല്ലേ കാണുന്നവര്‍ക്കും ഒരു വിശ്വാസം വരും. അല്ലെങ്കില്‍ ഞാന്‍ എന്തോ മുഖം മൂടി വെച്ച് അഭിനയിക്കുന്നത് പോലെ ആളുകള്‍ക്ക് തോന്നും. ഞാന്‍ ഗുഡ് ലുക്കിങ് ആണെന്ന് സ്വയം ചിന്തിക്കാനും അംഗീകരിക്കാനും എനിക്ക് എപ്പോഴും ഒരു ബുദ്ധിമുട്ടുണ്ട്. എന്നെ കാണാന്‍ നല്ല ഭംഗിയുള്ളതുകൊണ്ട് എന്നെ ആരും സീരിയസ് കാണുന്നില്ല എന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. വളരെ ചാമിങ് ആണ്, കണ്ണിന് കുളിരാണ് എന്നൊക്കെ കമന്റുകള്‍ കാണുമ്പോള്‍ സന്തോഷം തോന്നും എന്നല്ലാതെ അതില്‍ കൂടുതല്‍ ഒന്നും തോന്നാറില്ല,’ ദുല്‍ഖര്‍ പറഞ്ഞു.
അതേസമയം തന്നെ പ്രശംസിച്ചു പറയുന്ന ചില കമന്റുകള്‍ തനിക്ക് വലിയ സന്തോഷം തരാറില്ലെന്ന് ദുല്‍ഖര്‍ പറഞ്ഞു. വ്യത്യസ്തമായ റോളുകള്‍ ചെയ്യാനുള്ള സമ്മര്‍ദ്ദമാണ് അവ തരുന്നതെന്നും നടന്‍ വ്യക്തമാക്കി. ‘പതിവ് പോലെ നന്നായി ചെയ്തിരിക്കുന്നു, പതിവ് പോലെ നല്ല ഭംഗിയായിരിക്കുന്നു തുടങ്ങിയ കമന്റുകള്‍ അലോസരപ്പെടുത്താറുണ്ട്. കാരണം എനിക്ക് ഈ ‘പതിവ് പോലെ’ ആകേണ്ട,’
‘ഞാന്‍ ബാക്കി എല്ലാത്തിലും കൊള്ളാം, പക്ഷെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നതൊന്നും എന്റെ കയ്യിലില്ല എന്ന് പറയും പോലെയാണ് അങ്ങനെ കേള്‍ക്കുമ്പോള്‍ തോന്നാറുള്ളത്. അതേസമയം കൂടുതല്‍ മെച്ചപ്പെടുത്താനുള്ള എന്റെ ശ്രമവും ഇതിന്റെ ഭാഗമായി നടക്കുന്നുണ്ട്. ഡാര്‍ക്ക് മോഡിലുള്ള ഗ്ലാമറസല്ലാത്ത റോളുകള്‍ ചെയ്യാന്‍ ശ്രമിക്കുന്നത് ഈ ചിന്തയിലായിരിക്കാം. ഛുപിനെ ഒക്കെ അങ്ങനെ കാണാം,’ ദുല്‍ഖര്‍ പറഞ്ഞു.