
സ്വന്തം ലേഖിക
കുമളി: മാരക ലഹരി മരുന്നും കഞ്ചാവുമായി അതിര്‍ത്തി ചെക്ക് പോസ്റ്റ് വെട്ടിച്ച് കടന്ന അഞ്ചംഗ സംഘത്തെ എക്സൈസ് സംഘം പിടികൂടി.
സംസ്ഥാന അതിര്‍ത്തിയിലെ കുമളി എക്സൈസ് ചെക്ക്പോസ്റ്റില്‍ വാഹന പരിശോധനയ്ക്കിടെയാണ് സംഘം അധികൃതരെ വെട്ടിച്ച് കടന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തിരുവനന്തപുരം സ്വദേശികളായ കവടിയാര്‍ മഴുവന്‍ചേരി വീട്ടില്‍ വിജിന്‍ (29), കുടപ്പനക്കുന്ന് ചൂഴാംപാല കരയില്‍ എസ്.ജെ. ഭവനില്‍ നിധീഷ് (28), കവടിയാര്‍ അമ്പാടി വീട്ടില്‍ കിരണ്‍ (29), കുറവന്‍കോണം ലളിത മന്ദിരം വീട്ടില്‍ പ്രശോഭ് പ്രേം (27), വലിയതുറ കൊച്ച് തേപ്പ് സൗമ്യ ഭവനില്‍ ഡൈന സുരേഷ് (22) എന്നിവരാണ് പിടിയിലായത്.
ഇവരെ പീരുമേട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇവരുടെ പക്കല്‍ നിന്ന് രണ്ടര ഗ്രാം എം.ഡി.എം.എയും 100 ഗ്രാം കഞ്ചാവും കണ്ടെടുത്തു. സംഘം സഞ്ചരിച്ച സ്വിഫ്റ്റ് കാര്‍ അറുപത്തിമൂന്നാം മൈലിലെ പെട്രോള്‍ പമ്പില്‍ കയറ്റി ഒളിപ്പിച്ച് രക്ഷപ്പെടാന്‍ സംഘം ശ്രമം നടത്തിയിരുന്നു.
പിന്‍തുടര്‍ന്ന് ജീപ്പില്‍ എത്തിയ എക്സൈസ് സംഘം കാര്‍ കണ്ടെത്തിയതോടെ ഇവര്‍ വാഹനം അമിതവേഗത്തില്‍ ഓടിച്ചു. ഇതിനിടെ പെട്രോള്‍ പമ്പിലെ സിമന്‍റ് കെട്ടിലിടിച്ച് ടയര്‍ പഞ്ചറായതോടെയാണ് സംഘം പിടിയിലായത്.
എക്സൈസ് അസി. ഇന്‍സ്പെക്ടര്‍ ബിനീഷ് സുകുമാരന്‍റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരായ കൃഷ്ണകുമാര്‍, സേവ്യര്‍, രാജ് കുമാര്‍, ശശികല, പ്രമോദ്, ദീപു കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിന്തുടര്‍ന്ന് പിടികൂടിയത്. തിരുവനന്തപുരത്ത് ഹോട്ടല്‍, കാറ്ററിങ് വ്യാപാര മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരാണ് പിടിയിലായ യുവാക്കള്‍.
ഇവര്‍ക്കൊപ്പം പിടിയിലായ യുവതി ദുബൈയില്‍ ഹോട്ടല്‍ റിസപ്ഷനിസ്റ്റായി ജോലി ചെയ്യുകയായിരുന്നു. മുൻപ് ബംഗളൂരുവില്‍ നിന്ന് 20,000 രൂപയ്ക്ക് വാങ്ങിയതാണ് മയക്കുമരുന്നെന്ന് പിടിയിലായവര്‍ എക്സൈസ് സംഘത്തോട് പറഞ്ഞു.
പതിവായി ഇത് ഉപയോഗിക്കാറുണ്ടെന്നും വാഗമണ്ണില്‍ താമസത്തിനെത്തിയ സംഘം തമിഴ്നാട്ടില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയി മടങ്ങി വരും വഴിയാണ് പിടിയിലായതെന്നും എക്സൈസ് അധികൃതര്‍ പറഞ്ഞു.