മയക്കുമരുന്ന് മാഫിയയ്ക്ക് സാമ്പത്തിക സഹായം നല്കി; കേസിൽ ഒരാള്‍കൂടി അറസ്റ്റിൽ; പിടിയിലായത് അതിരമ്പുഴ സ്വദേശി
സ്വന്തം ലേഖിക
കോട്ടയം: മയക്കുമരുന്ന് മാഫിയക്ക് ലഹരിവസ്തുക്കൾ കച്ചവടം നടത്തുന്നതിന് സാമ്പത്തികമായി സഹായം ചെയ്ത ഒരാളെക്കൂടി പോലീസ് പിടികൂടി.
കോട്ടയം അതിരമ്പുഴ, ഞരളിക്കോട്ടിൽവീട്ടില് സെബാസ്റ്റ്യൻ മകന് അമൽ സെബാസ്റ്റ്യൻ(26) നെയാണ് തലയോലപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒക്ടോബർ ഒൻപതാം തീയതി ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തില്‍ തലയോലപ്പറമ്പിൽ നടന്ന വന്‍ കഞ്ചാവ് വേട്ടയിൽ കെന്‍സ് സാബു, രഞ്ജിത്ത് എന്നിവരെ പിടികൂടിയിരുന്നു.
ഇവരെ ചോദ്യം ചെയ്തതിൽ നിന്നും,കൂടാതെ ശാസ്ത്രീയമായി നടത്തിയ പരിശോധനയില്‍ നിന്നും ഇവർക്ക് മയക്കുമരുന്ന് വാങ്ങുന്നതിന് വേണ്ട സാമ്പത്തിക സഹായം ചെയ്തിരുന്നവരില് അമൽ സെബാസ്റ്റ്യൻ കൂടി ഉള്‍പ്പെട്ടിട്ടുണ്ട് എന്ന് മനസിലാക്കിയതിനെ തുടര്‍ന്ന് അന്വേഷണ സംഘം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
വൈക്കം എ.എസ്.പി. നകുല്‍ രാജേന്ദ്ര ദേശ്മുഖ് , തലയോലപ്പറമ്പ് സ്റ്റേഷൻ എസ്.എച്ച്.ഓ ജയൻ കെ. എസ്, എസ്.ഐ.ദീപു ടി.ആര് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.
ഈ കേസിലെ പ്രതികൾക്ക് സാമ്പത്തിക സഹായം നൽകിയതിന് ആർപ്പൂക്കര ഈസ്റ്റ് ഭാഗത്ത് ചാമക്കാലയിൽ വീട്ടിൽ മിഥുൻ സി. ബാബു, നീണ്ടൂർ കൈപ്പുഴ കുന്നുംപുറത്ത് വീട്ടിൽ സോബിൻ.കെ.ജോസ്, കെൻസ് സാബുവിന്റെ ഭാര്യ അനു ഷെറിൻ ജോൺ, കൈപ്പുഴ മച്ചത്തിൽ വീട്ടിൽ മൊസാർട്ട് എന്നിവരെയും കൂടാതെ അന്യസംസ്ഥാനത്ത് നിന്നും കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്നതിൽ പ്രധാനിയായ സുര്‍ളാ പാണ്ടയ്യ എന്നയാളെയും കഴിഞ്ഞ ദിവസങ്ങളിലായി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇപ്പോള്‍ അമൽ സെബാസ്റ്റ്യനും പോലീസിന്റെ പിടിയിലാകുന്നത് .