video
play-sharp-fill
അപൂർവ വൈറൽ പനി: ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ചു; രോഗം പടരുന്നു; ഭീതിയിൽ പ്രദേശവാസികൾ

അപൂർവ വൈറൽ പനി: ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ചു; രോഗം പടരുന്നു; ഭീതിയിൽ പ്രദേശവാസികൾ

സ്വന്തം ലേഖകൻ

പേരാമ്പ്ര: അപൂർവ വൈറസ് രോഗം ബാധിച്ച് ചങ്ങരോത്ത് പഞ്ചായത്തിൽ ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ചതോടെ പ്രദേശവാസികൾ ഭീതിയിൽ. ഒരു കുടുംബത്തിലെ മൂന്നു പേർ രോഗമെന്താണെന്നു കണ്ടെത്തുക പോലും ചെയ്യും മുൻപ് മരിച്ചതോടെ നാട്ടുകാർ ഭിതിയിലാണ്. ചങ്ങരോത്ത് പഞ്ചായത്തിലെ പന്തിരിക്കര സൂപ്പിക്കടയിൽ വളച്ചുകെട്ടി മൂസയുടെ മക്കളായ മുഹമ്മദ് സാലിഹ്, മുഹമ്മദ് സാബിത്ത് എന്നിവർക്കു പിന്നാലെ മൂസയുടെ സഹോദരൻ മൊയ്തീന്റെ ഭാര്യ മറിയം (50) ആണ് ഇന്നലെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. മൂസ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. സാലിഹ് 18നും സാബിത്ത് അഞ്ചിനുമാണു മരിച്ചത്. സാലിഹിന്റെ നവവധു ആത്തിഫയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.
കോഴിക്കോട് ജില്ലയിൽ രണ്ടുദിവസത്തിനിടെ മൂന്നുപേർ വൈറൽ പനി പിടിപെട്ടു മരിച്ചു. നോർത്ത് കാരശേരി, കുറ്റിക്കാട്ടൂർ, കൊമ്മേരി എന്നിവിടങ്ങളിലാണു മരണം.
വവ്വാലിൽനിന്നു പകരുന്ന ‘നിപ്പാ വൈറസ്’ പിടിപെട്ടാണു സൂപ്പിക്കടയിലെ ബന്ധുക്കളുടെ മരണമെന്നാണു പ്രാഥമിക നിഗമനം. വൈറസ് ഉണ്ടാക്കിയ മസ്തിഷ്‌കജ്വരമാണു മരണകാരണം. മരിച്ചവരുടെ സ്രവ സാംപിളുകൾ കൂടുതൽ പരിശോധനയ്ക്കായി പുണെയിലെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. അവിടെ നിന്നുള്ള റിപ്പോർട്ട് ലഭിച്ചാലേ യഥാർഥ രോഗകാരണം വ്യക്തമാകൂ.
മണിപ്പാൾ കസ്തൂർബ മെഡിക്കൽ കോളജ് വൈറോളജി വിഭാഗം മേധാവി ഡോ. അരുൺകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം രോഗമുണ്ടായ മേഖലയിൽ പരിശോധന നടത്തി. മന്ത്രിമാരായ കെ.കെ.ശൈലജ, ടി.പി.രാമകൃഷ്ണൻ എന്നിവരുടെ സാന്നിധ്യത്തിൽ യോഗം ചേർന്നു. മേഖലയിൽ പ്രത്യേക ആരോഗ്യവകുപ്പ് സംഘം പരിശോധന നടത്തുമെന്ന് ഡയറക്ടർ ഡോ. ആർ.എൽ.സരിത അറിയിച്ചു.
വൈറൽ പനിയെ നേരിടാൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രത്യേക സംവിധാനങ്ങൾ ഏർപ്പെടുത്തി. വൈറൽ പനിയെ നിയന്ത്രിക്കാൻ ഐസൊലേഷൻ സൗകര്യങ്ങളോട് കൂടിയ സംവിധാനമാണ് ഒരുക്കിയത്. കൂടുതൽ രോഗികൾ എത്തുന്ന പക്ഷം പേ വാർഡിനോടനുബന്ധിച്ച് പ്രത്യേക വാർഡ് തന്നെ ഒരുക്കി ചികിത്സാ സൗകര്യങ്ങൾ ഏർപ്പെടുത്താനുള്ള എല്ലാ നടപടികളും തയ്യാറാക്കിയതായി പ്രിൻസിപ്പൽ വി ആർ രാജേന്ദ്രൻ പറഞ്ഞു.