
മഹാബലിപുരം: ഒന്നാം സീഡായ യു.എസ് വിജയത്തോടെ കഷ്ടിച്ച് രക്ഷപ്പെട്ട ദിവസമായിരുന്നു അത്. ലോക ചാമ്പ്യൻ മാഗ്നസ് കാൾസൺ ആദ്യമായി ഇറങ്ങിയ ദിവസം. ഇന്ത്യയുടെ മൂന്ന് ടീമുകളും ഓപ്പൺ, വനിതാ വിഭാഗങ്ങളിൽ അവരുടെ വിജയങ്ങൾ ആവർത്തിച്ച ദിവസം – ലോക ചെസ്സ് ഒളിമ്പ്യാഡിന്‍റെ രണ്ടാം ദിനം മഹാബലിപുരത്തെ കൂടുതൽ ചൂടു പിടിപ്പിക്കുന്നതായിരുന്നു. സ്വീഡന്‍റെ വനിതാ താരം പിയ ക്രാംലിംഗ് 9 നീക്കങ്ങളിൽ എതിരാളിയെ തോൽപിച്ചതും സമനില പൊസിഷനിൽ നിന്ന് ലോക ചാംപ്യൻ മാഗ്നസ് കാൾസൻ വിജയം ഉറപ്പിച്ചതുമായിരുന്നു ശ്രദ്ധേയമായ കളികൾ. ഉറുഗ്വേ മേയർ ജോർജിനെതിരെയാണ് മാഗ്നസ് വിജയിച്ചത്.
സൂപ്പർ ഗ്രാൻഡ് മാസ്റ്റർമാരായ വെസ്ലി സോ, സാം ഷങ്ക്ലാൻഡ്, ഫാബിയാനോ കരുവാന എന്നിവർ പരാഗ്വേയ്ക്കെതിരെ സമനില നേടിയപ്പോൾ, കരുത്തരായ യുഎസിന്‍റെ ഏക വിജയം ഡൊമിനിഗസ് പെരസ് ലീനിയറിൽ നിന്നാണ്. മോൾഡോവയ്ക്കെതിരെ മൂന്ന് ജയവും ഒരു സമനിലയുമായി ഇന്ത്യ എ ടീം മുന്നേറി. എസ്.എൽ. നാരായണൻ, പി.ഹരികൃഷ്ണ, കെ.ശശികിരൺ എന്നിവർ വിജയിച്ചപ്പോൾ അർജുൻ എരിഗാസി സമനിലയിൽ പിരിഞ്ഞു.
എസ്റ്റോണിയയ്ക്കെതിരായ ഇന്ത്യ ബി ടീമിൽ മലയാളിയായ നിഹാൽ സരിന് വിശ്രമം അനുവദിച്ചു. ഗുകേഷും പ്രഗ്‌നാനന്ദയും അധിബനും റോണക് സാധ്വാനിയുമടങ്ങിയ ടീം 4-0ന് മത്സരം തൂത്തുവാരി. മെക്സിക്കോയ്ക്കെതിരായ മത്സരത്തിൽ ഇന്ത്യ സി ടീം വിജയിച്ചു. കൊനേരു ഹംപി സമനിലയിൽ പിരിഞ്ഞ ദിവസം ഇന്ത്യൻ വനിതാ എ ടീം അർജന്‍റീനയെ തോൽപ്പിച്ചു. ടീം ബി ലാത്വിയയെയും ടീം സി സിംഗപ്പൂരിനെയും പരാജയപ്പെടുത്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group