ഗുണ്ടകളത്രയും ജയിലുകളിൽ; ഗുണ്ടായിസം മൊത്തം നാട്ടിൽ

ഗുണ്ടകളത്രയും ജയിലുകളിൽ; ഗുണ്ടായിസം മൊത്തം നാട്ടിൽ

സ്വന്തം ലേഖകൻ

ഗുണ്ടകളെ മുഴുവന്‍ അമര്‍ച്ചചെയ്​തെന്ന്​ ​കേരള പൊലീസിലെ ഏമാന്മാര്‍ ചാനല്‍ കാമറക്കു​ മുന്നിലും ​സേനയിലെ പി.ആറുകാര്‍ ഫേസ്​ബുക്കിലും നടത്തുന്ന തള്ളുകളെയെല്ലാം തകര്‍ത്തുകളയുന്ന കൊലപാതകമാണ്​ കോട്ടയത്ത്​ നടന്നത്​.

കാപ്പ ചുമത്തി ജില്ലയില്‍നിന്ന്​ പുറത്താക്കിയെന്നറിയിച്ച്‌​ ചിത്രസഹിതം പൊലീസ്​ പുറത്തിറക്കിയ കുറിപ്പിലെ എട്ടാമനാണ്​ രണ്ടാഴ്ച പിന്നിടുമ്പോള്‍ ജില്ല പൊലീസ് മേധാവിയുടെ ഓഫിസിന് മീറ്ററുകള്‍ മാത്രം അകലെ യുവാവിനെ കൊന്നിട്ടത്. ജില്ലയില്‍ പുതുവര്‍ഷത്തില്‍ നടക്കുന്ന രണ്ടാമത്തെ കൊലപാതകം. ദിവസങ്ങള്‍ക്കുമുമ്പ് വീടുകയറി ആക്രമണത്തില്‍ കാപ്പുന്തല പാലേക്കുന്നേല്‍ സജി ഭാസ്‌കരന്‍ കൊല്ലപ്പെട്ടിരുന്നു. 2021ല്‍ ജില്ലയില്‍ 11 കൊലപാതകങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയെത്തുടര്‍ന്ന് കങ്ങഴയില്‍ യുവാവിനെ പട്ടാപ്പകല്‍ കൊലപ്പെടുത്തി കാല്‍പാദം വെട്ടിയെടുത്തു കവലയിലെറിഞ്ഞത് കേരളത്തെതന്നെ ഞെട്ടിച്ചു. 2020ല്‍ 22 കൊലപാതകങ്ങളാണുണ്ടായത്.

മയക്കുമരുന്ന് വിപണനം വ്യാപകമായതോടെ ഗുണ്ടാസംഘങ്ങളും അക്രമങ്ങളും പെരുകി. 2018ല്‍ കഞ്ചാവുകേസില്‍ ഒറ്റിയെന്നാരോപിച്ചാണ് കോട്ടയം കോടിമത സ്വദേശി ഷാഹുല്‍ ഹമീദിനെ ഗുണ്ട വിനീത് സഞ്ജയ​ന്റെ നേതൃത്വത്തില്‍ വെട്ടിയത്​.പ്രത്യേകിച്ച്‌​ വലിയ കാരണമൊന്നും വേണ്ട കോട്ടയത്ത്​ ഒരു ഗുണ്ടാ ആക്രമണമോ കൊലപാത​കമോ ഉണ്ടാകാന്‍​.

2019 ഒക്ടോബറില്‍ വിവാഹവീട്ടിലുണ്ടായ തര്‍ക്കത്തിന്റെ തുടര്‍ച്ചയായി അറുപുഴയില്‍ ഇരുവിഭാഗങ്ങള്‍ ഏറ്റുമുട്ടി. താഴത്തങ്ങാടി സ്വദേശികളായ സുല്‍ഫിക്കര്‍, അന്‍സില്‍ എന്നിവര്‍ക്ക് വെട്ടേറ്റു. തലയോലപ്പറമ്പ് സ്വദേശികളായ ഷുക്കൂര്‍,കുമ്മനം സ്വദേശികളായ ഷാഫി, ജാബി, സാജിദ് എന്നിവരായിരുന്നു പ്രതികള്‍.

2020 ജൂലൈയില്‍ ഗുണ്ടാത്തലവന്‍ വിനീത് സഞ്ജയന്റെ സംഘവും നാട്ടുകാരും തമ്മില്‍ നടന്ന സംഘര്‍ഷം നോക്കുക. ചെങ്ങളം മൂന്നുമൂല ഭാഗത്ത് വിനീതിന്റെ സംഘത്തില്‍പെട്ട ആളുകള്‍ സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പെട്ടു.റോഡരികില്‍ പാര്‍ക്ക് ചെയ്ത സ്കൂട്ടറിനും ഫര്‍ണിച്ചര്‍ സ്ഥാപനത്തിനും അപകടത്തില്‍ നാശമുണ്ടായി.

ബൈക്ക് ഉപേക്ഷിച്ചുകടന്ന ഇവര്‍ ദിവസങ്ങള്‍ക്കുശേഷം 25 പേരടങ്ങിയ സംഘമായി എത്തി ബൈക്ക് കൊണ്ടുപോകാന്‍ നോക്കി. ഇതു തടഞ്ഞ നാട്ടുകാരെ ഗുണ്ടകള്‍ കുത്തിവീഴ്​ത്തി. വിനീത് ജയിലിലായപ്പോള്‍ സംഘാംഗങ്ങളെല്ലാം ചേര്‍ന്ന്​ വിനീതിന്റെ അയ്മനത്തെ വീട്ടില്‍ താമസിച്ച്‌​ പ്രദേശത്ത് പ്രശ്നങ്ങളുണ്ടാക്കാന്‍ തുടങ്ങി. സഹികെട്ട നാട്ടുകാര്‍ സംഘടിച്ച്‌​ വട്ടക്കാട് പാലത്തിനു സമീപം ഗുണ്ടകളുമായി
ഏറ്റുമു​ട്ടേണ്ടിവന്നു.

രാജേഷ് എന്ന കവല രാജേഷ്, ബിബിന്‍ ബാബു, സുജേഷ് എന്ന കുഞ്ഞാവ,
സബീര്‍ എന്ന അദ്വാനി, കാന്ത് എന്നുവിളിക്കുന്ന ശ്രീകാന്ത്, മോനുരാജ് പ്രേം,പാണ്ടന്‍ പ്രദീപ് എന്ന പ്രദീപ്, കെന്‍സ് സാബു, ചങ്ങനാശ്ശേരി ചെത്തിപ്പുഴ കുരിശുംമൂട് കാഞ്ഞിരത്തിങ്കല്‍ സാജു ജോജോ, പായിപ്പാട് നാലുകോടി വാലടിത്തറ വീട്ടില്‍ ജിത്തു പ്രസാദ്, കുറവിലങ്ങാട് വില്ലേജ് കവളക്കുന്നേല്‍ വീട്ടില്‍ ആന്‍സ് ജോര്‍ജ് എന്നിവര്‍ ഉള്‍പ്പെടെ 26ഓളം പേരെ ആറു മാസം മുതല്‍ ഒരു വര്‍ഷം വരെയുള്ള കാലയളവിലേക്ക് കോട്ടയം ജില്ലയില്‍നിന്ന്​ നാടുകടത്തിയിട്ടുണ്ട്.
പക്ഷേ,ജയിലിലിരുന്നും ജില്ലക്ക്​ പുറത്തിരുന്നും കുറ്റകൃത്യങ്ങള്‍ ആസൂത്രണം ചെയ്യാനും നടപ്പാക്കാനും ഇവരില്‍ പലര്‍ക്കും പുഷ്​പംപോലെ കഴിയുന്നതെങ്ങനെ എന്ന ചോദ്യത്തിനനാരാണ് ​ മറുപടി നല്‍കുക?