തിരുവനന്തപുരം:
ഗുണ്ടകളെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് നടപ്പാക്കുന്ന ആഗ് ഓപ്പറേഷന്റെ ഭാഗമായി അങ്കമാലി എസ്‌ഐയുടെ നേതൃത്വത്തില്‍ കുപ്രസിദ്ധ ഗുണ്ടയുടെ വീട്ടിൽ റെയ്ഡ് നടത്തിയപ്പോൾ ഡിവൈഎസ്പിയേയും പൊലീസുകാരേയും ഗുണ്ടയുടെ വീട്ടിൽ കണ്ടതും എസ്‌ഐയെ കണ്ടതോടെ ഡിവൈഎസ്പി സാബു ശുചിമുറിയില്‍ ഒളിച്ചതും റിട്ടയർ ചെയ്യാൻ നാല് ദിവസം മാത്രം ബാക്കി നിൽക്കെ സസ്പെൻഷനിൽ പോയതും കഴിഞ്ഞദിവസം മാത്രമാണ്
ഗുണ്ട- പൊലീസ് ബന്ധം തെളിത്തതോടെ സംസ്ഥാന വ്യാപകമായി ക്രിമിനൽ പോലീസുകാരെ നോട്ടമിട്ട് ആഭ്യന്തര വകുപ്പ് നടപടി തുടങ്ങി. എന്നാൽ അച്ചടക്കനടപടി എടുക്കുന്നതിലും സർക്കാരിന് ഇരട്ടത്താപ്പാണെന്നാണ് മധ്യനിരയിലെ പോലീസുകാർ പറയുന്നത്.
ഐപിഎസുകാരും അഡ്മിനിസ്ട്രേറ്റീവ് വിഭാഗവും നടത്തുന്ന അഴിമതി സർക്കാർ കണ്ടില്ലെന്ന് വയ്ക്കുകയാണെന്നും ഇവരെ തൊടാൻ സർക്കാരിന് പേടിയാണെന്നും മധ്യനിരയിലെ ഉദ്യോഗസ്ഥർ പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വിജിലൻസ് നടപടികളും അനധികൃത സ്വത്ത് സമ്പാദന അന്വേഷണവുമെല്ലാം സിപിഒ മാർ മുതൽ ഡിവൈഎസ്പിമാർ വരെയുള്ളവരിൽ മാത്രം ഒതുക്കുകയാണ്.
ഗുരുതര കുറ്റകൃത്യങ്ങളിലും കേസുകളിലും ഉൾപ്പെട്ട നിരവധി ഐപിഎസ് ഉദ്യോഗസ്ഥരാണ് കേരളത്തിലുള്ളത്. ഇവർക്കെതിരേ നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാരിന് പേടിയാണ്. എന്നാൽ നിസാര കുറ്റകൃത്യങ്ങളുടെ പേരിൽ സിപിഒ മുതൽ ഡിവൈഎസ്പി വരെയുള്ളവരുടെ പേരിൽ നടപടി സ്വീകരിക്കുവാനും അവരെ വർഷങ്ങളോളം സസ്പെൻഡ് ചെയ്ത് പുറത്തു നിർത്താനും സർക്കാരിനെ വലിയ താല്പര്യമാണ്.
അച്ചടക്കനടപടി തീർപ്പാക്കുന്നതിലും ഇതേ ഇരട്ടത്താപ്പാണ് സർക്കാർ കാണിക്കുന്നത്. പൊലീസുകാരൻ മുതൽ ഡിവൈഎസ്പി വരെയുള്ള പോലീസ് ഉദ്യോഗസ്ഥർക്കെതിരായ നടപടികൾ വർഷങ്ങളോളം നീട്ടിക്കൊണ്ട് പോകും. എന്നാൽ ഐപിഎസ്, അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാർക്കെതിരായ കേസുകളിൽ അന്വേഷണം പൂർത്തിയാക്കി മാസങ്ങൾക്കുള്ളിൽ ഇവരെ തിരിച്ചെടുക്കും
കഴിഞ്ഞ നാളുകളിൽ നടപടിക്ക് വിധേയമായത് സിപിഒ മുതൽ ഡിവൈഎസ്പി വരെയുള്ള 68 പേരാണ് .
ഒട്ടുമിക്ക വിവാദ കേസുകളിലും ഓരോ പോലീസ് ഉദ്യോഗസ്ഥരുടെ പേര് ചേർക്കപ്പെടുന്നത് ഇപ്പോൾ പതിവ് കാഴ്ച്ചയായി മാറുകയാണ്.
ഏറെ കോളിളക്കം സൃഷ്ടിച്ച കേസായിരുന്നു
മോന്‍സണ്‍ മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസ്. ഈ കേസിൽ ആരോപണ വിധേയനായ ഐ ജി ലക്ഷ്മണിനെ സസ്‌പെന്‍റ് ചെയ്തിരുന്നു. പോലീസ് ആസ്ഥാനത്ത് ട്രാഫിക്, ആഭ്യന്തര സുരക്ഷാ ചമുതലയുള്ള ഐ ജിയായിരുന്നു ലക്ഷ്മണ്‍. ഇദ്ദേഹത്തിന് മോന്‍സന്‍ മാവുങ്കലുമായി വഴിവിട്ട ബന്ധമുണ്ടെന്നും മോന്‍സന്റെ തട്ടിപ്പിന് അദ്ദേഹം ഇടനിലക്കാരായി നിന്നെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍ മുഖ്യമന്ത്രി അംഗീകരിച്ചതിനെ തുടര്‍ന്നായിരുന്നു സസ്‌പെന്‍ഷന്‍. എന്നാൽ ഗുരുതര കുറ്റകൃത്യത്തിൽ ഉൾപ്പെട്ട ഐജിയെ സസ്പെൻഡ് ചെയ്യുന്നതിലൊതുക്കി നടപടി
വരാപ്പുഴയിലെ ശ്രീജിത്ത് കസ്റ്റഡി കൊലപാതക കേസില്‍ ആരോപണവിധേയനായിരുന്നു ആലുവ മുന്‍ റൂറല്‍ എസ്പി എ.വി.ജോര്‍ജ്. വിവാദം കത്തിപടർന്നതോടെ ഇയാളെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു.എന്നാൽ കസ്റ്റഡിയിലെടുക്കാനും ഇടിച്ച് സത്യം പറയിക്കാനും നിർദ്ദേശിച്ച എ.വി ജോർജ് പിന്നീട് ഡിഐജി വരെയായി. ഏമാന്റെ ഉത്തരവ് അനുസരിച്ച കീഴുദ്യോദ്യോഗസ്ഥരുടെ പണിയും പോയി, മാസങ്ങളോളം അകത്തുമായി
ഏറെ വിവാദമായ കേസായിരുന്നു നെടുങ്കണ്ടം കസ്റ്റഡി മരണം. കേസിൽ ഇടുക്കി മുൻ എസ്.പി കെ.ബി വേണുഗോപാലിനെ പ്രതിക്കൂട്ടിലാക്കി സി.ബി.ഐക്ക് മുന്നിൽ രണ്ട് ഡി.വൈ.എസ്.പിമാർ മൊഴി നൽകിയിരുന്നു. രാജ്കുമാറിനെ കസ്റ്റഡിയിലെടുത്ത വിവരം എസ്.പിയെ നേരിട്ട് അറിയിച്ചിരുന്നുവെന്ന് സി.ബി.ഐയുടെ ചോദ്യം ചെയ്യലിൽ ഡിവൈഎസ്പിമാർ മൊഴി നൽകി. എന്നാൽ അന്വേഷണം മുൻ ജില്ലാ പൊലീസ് മേധാവിയിൽ ചെന്നു തട്ടിയപ്പോൾ കേസിൽ തുടർ നടപടികൾ വൈകിപ്പിക്കുകയായിരുന്നു. ഇതോടെ ഇടുക്കി എസ് പി നടപടികളിൽ നിന്ന് ഊരിപ്പോയി.
പുത്തൂര്‍ ഷീല വധക്കേസ് മുഖ്യപ്രതി സമ്പത്ത് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ അന്നത്തെ എഡിജിപി മുഹമ്മദ് യാസിന്‍, ഡിഐജി ആയിരുന്ന വിജയ് സാക്കറെ എന്നിവര്‍ക്കെതിരെ കൊലക്കുറ്റത്തിനും ഗൂഢാലോചനയ്ക്കെതിരെ സിബിഐ കേസെടുത്തിരുന്നു. കേസ് എടുത്തതല്ലാതെ ഇവരെ തൊടാൻ പോലും സർക്കാരിനായില്ല.