പന്തളത്തു നിന്ന് കാണാന്‍ കഴിയുന്ന വിധം ലോകത്തിലെ ഏറ്റവും വലിയ അയ്യപ്പ ശില്‍പ്പം പത്തനംതിട്ട ചുട്ടിപ്പാറയില്‍; നിര്‍മ്മാണം ദേവദത്തന്റെ നേതൃത്വത്തിൽ; ചെലവ് 400 കോടി
സ്വന്തം ലേഖിക
പത്തനംതിട്ട: ലോകത്തിലെ ഏറ്റവും വലിയ അയ്യപ്പ ശില്‍പ്പം പത്തനംതിട്ട നഗരമധ്യത്തിലെ ചുട്ടിപ്പാറയില്‍ സ്ഥാപിക്കാന്‍ ഒരുങ്ങുന്നു.
പന്തളത്തു നിന്ന് കാണാന്‍ കഴിയുന്ന വിധം 133 അടി ഉയരത്തില്‍ 66 മീറ്റര്‍ ചുറ്റളവിലാണ് ശില്‍പ്പം നിര്‍മ്മിക്കുന്നത്. ഇതോടൊപ്പം, അയ്യപ്പ ചരിത്രം ഉള്‍പ്പെടുന്ന മ്യൂസിയം, പന്തളം കൊട്ടാരത്തിന്റെ മാതൃക, പുങ്കാവനത്തിന്റേയും പമ്പയുടെയും മാതൃക, വാവര്‍ സ്വാമിയുടെ പ്രതിമ എന്നിവയും ഉണ്ടാകും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തിരുവനന്തപുരം ആഴിമലയില്‍ കേരളത്തിലെ ഏറ്റവും വലിയ ശിവപ്രതിമ സ്ഥാപിച്ച ശില്‍പി ദേവദത്തന്റെ നേതൃത്വത്തിലാണ് അയ്യപ്പ ശില്‍പ്പത്തിന്റെ നിര്‍മ്മാണം.
ചുട്ടിപ്പാറ മഹാദേവക്ഷേത്രത്തിന്റെ ഭാഗമായ ഈ സ്ഥലത്ത് ക്ഷേത്ര ട്രസ്റ്റാണ് ശില്‍പ്പത്തിന്റെ നിര്‍മ്മാണം ഏറ്റെടുത്ത് നടത്തുന്നത്. അയ്യപ്പന്റെ യോഗനിദ്രയിലുള്ള കോണ്‍ക്രീറ്റ് ശില്‍പ്പത്തിന് 400 കോടിയാണ് പ്രാഥമിക ഘട്ടത്തിലുള്ള ചെലവായി കരുതുന്നത്.
നാല് വര്‍ഷം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കും. 34 കിലോമീറ്റര്‍ അകലെയുള്ള ഉയര്‍ന്ന പ്രദേശങ്ങളില്‍ നിന്ന് പോലും കാണാന്‍ സാധിക്കുന്ന വിധത്തിലാണ് ശില്‍പ്പം പണി തീര്‍ക്കുന്നത്.
ഒരു മാസം നീളുന്ന നാമജപ യജ്ഞത്തിലൂടെ ഭക്തരുടെ കൂട്ടായ്മ രൂപീകരിച്ച് ശില്‍പ നിര്‍മ്മാണത്തിനുള്ള ധനസമാഹരണം നടത്തും. സമുദ്ര നിരപ്പില്‍ നിന്ന് 400 അടി ഉയരത്തിലാണ് ചുട്ടിപ്പാറയുള്ളത്.
ഇവിടെ നിന്നാല്‍ പത്തനംതിട്ട നഗരം മുഴുവന്‍ കാണാം. കുത്തനെയുള്ള കോണ്‍ക്രീറ്റ് നടപ്പാതയിലൂടെ വേണം ചുട്ടിപ്പാറയുടെ മുകളിലെത്താന്‍. പകുതി ദൂരം പടിക്കെട്ടുകളാണ് വഴി.