പത്ത് വയസുകാരിയുടെ ഗര്‍ഭച്ഛിദ്രം: ഉചിതമായ നടപടി സ്വീകരിക്കാന്‍ ആശുപത്രി അധികൃതര്‍ക്ക് അനുമതി; ആവശ്യമെങ്കില്‍ മെഡിക്കല്‍ സ്പെഷ്യലിസ്റ്റുകളുടെ സഹായം തേടാം

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കൊച്ചി: പിതാവ് പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ പത്തുവയസുകാരിയുടെ ഗര്‍ഭച്ഛിദ്രം നടത്താന്‍ അനുമതി തേടിയുള്ള ഹര്‍ജി അനുവദിച്ച ഹൈക്കോടതി, ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ച 31 ആഴ്ച പിന്നിട്ട സാഹചര്യത്തില്‍ ഉചിതമായ നടപടി സ്വീകരിക്കാന്‍ ആശുപത്രി അധികൃതര്‍ക്ക് അനുമതി നല്‍കി.

കുഞ്ഞിന്റെ വളര്‍ച്ച നിശ്ചിതപരിധി കഴിഞ്ഞതിനാല്‍ കുഞ്ഞിനെ പുറത്തെടുക്കാന്‍ ശസ്ത്രക്രിയ നടത്തേണ്ടിവരുമെന്ന് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്നാണ് ഒരാഴ്ചയ്ക്കകം ഉചിതമായ നടപടിയെടുക്കാന്‍ തിരുവനന്തപുരത്തെ ആശുപത്രിക്ക് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്‌ണന്റെ ബെഞ്ച് അനുമതി നല്‍കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവിലെ നിയമപ്രകാരം 24 ആഴ്ചവരെ വളര്‍ച്ചയുള്ള ഗര്‍ഭമേ അലസിപ്പിക്കാനാകൂ. ഈ സമയപരിധി കഴിഞ്ഞതിനാലാണ് അനുമതി തേടി പെണ്‍കുട്ടിയുടെ അമ്മ ഹൈക്കോടതിയെ സമീപിച്ചത്.

പത്തു വയസുകാരിയായതിനാല്‍ ഗര്‍ഭാവസ്ഥ കൂടുതല്‍ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്നും ശിശുവിന്റെ വളര്‍ച്ച 31 ആഴ്ച പിന്നിട്ടതിനാല്‍ അബോര്‍ഷന്‍ നടത്തിയാലും കുഞ്ഞ് ജീവനോടെയിരിക്കാനുള്ള സാദ്ധ്യത 80 ശതമാനമാണെന്നും മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ആവശ്യമെങ്കില്‍ ആശുപത്രി അധികൃതര്‍ക്ക് മെഡിക്കല്‍ സ്പെഷ്യലിസ്റ്റുകളുടെ സഹായംതേടാമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ഇതിനായി ഹെല്‍ത്ത് സര്‍വീസ് ഡയറക്ടര്‍ വേണ്ടകാര്യങ്ങള്‍ ചെയ്യണം.

പുറത്തെടുക്കുന്ന ശിശുവിന് ജീവനുണ്ടെങ്കില്‍ പൂര്‍ണതോതിലുള്ള മെഡിക്കല്‍ സപ്പോര്‍ട്ട് ആശുപത്രി അധികൃതര്‍ നല്‍കണം. ഹര്‍ജിക്കാര്‍ക്ക് ഇതിനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കാനാവില്ലെങ്കില്‍ സര്‍ക്കാരും, കുട്ടികളുമായി ബന്ധപ്പെട്ട ഏജന്‍സിയും ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും കോടതി വ്യക്തമാക്കി.

അങ്ങേയറ്റം നിര്‍ഭാഗ്യകരമായ സംഭവമാണിതെന്ന് ഹൈക്കോടതി പറഞ്ഞു. പിതാവാണ് പീഡിപ്പിച്ചതെന്ന ആരോപണം സത്യമാണെങ്കില്‍ സമൂഹമൊന്നാകെ ലജ്ജിച്ച്‌ തലതാഴ്‌ത്തേണ്ട സാഹചര്യമാണ്. നമ്മുടെ നിയമസംവിധാനം പ്രതിക്ക് നിയമപരമായി ഉചിതമായ ശിക്ഷ നല്‍കുമെന്ന് ഉറപ്പുണ്ടെന്നും വ്യക്തമാക്കി.