മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം: ആറ് ജില്ലകളില്‍ ഇടിയോടുകൂടിയ മഴക്ക് സാധ്യത
സ്വന്തം ലേഖിക
തിരുവനന്തപുരം: സംസ്ഥാനത്ത് രാത്രി വീണ്ടും മഴ മുന്നറിയിപ്പില്‍ മാറ്റം.
അടുത്ത മണിക്കൂറുകളില്‍ കേരളത്തില്‍ ആറ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കീ മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യത. രാത്രി ഏഴ് മണിക്ക് പുറപ്പെടുവിച്ച അറിയിപ്പില്‍ മറ്റു ജില്ലകളില്‍ നേരിയ മഴ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിട്ടുണ്ട്.
അതേസമയം ജൂണ്‍ ഒന്നാം തിയതിവരെ മഴ തുടരുമെന്നാണ് വ്യക്തമാകുന്നത്. ഇത് പ്രകാരം ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളിലാണ് യെല്ലോ ജാഗ്രത പുറപ്പെടുവിച്ചിട്ടുള്ളത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.