
സ്വന്തം ലേഖിക
ചങ്ങനാശേരി: ഓട്ടം വിളിച്ചു കൊണ്ടുപോയി ആളൊഴിച്ച പ്രദേശത്തുവച്ച് ഡ്രൈവറെ ഗുണ്ടാ സംഘം ആക്രമിച്ചതായി പരാതി.
ഓട്ടോറിക്ഷാ തൊഴിലാളി യൂണിയന് സിഐടിയു കുരിശുംമൂട് യൂണിറ്റ് സെക്രട്ടറിയും ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയുമായ കുരിശുംമൂട് പട്ടാണിച്ചിറ മഠംപറമ്ബില് ലിബിന് മാത്യൂസിനെയാണ് ക്രിമിനല്‍ സംഘം ആക്രമിച്ചത്.
കുരിശുംമൂട് ജംഗ്ഷനില്‍നിന്നു വ്യാഴാഴ്ച വൈകുന്നേരത്തോടെ വെങ്കോട്ടവരെ ഓട്ടം പോകണമെന്ന് പറഞ്ഞു പാന്റും ഷര്‍ട്ടും ധരിച്ചെത്തിയ ഒരാള്‍ ഓട്ടം വിളിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഓട്ടോറിക്ഷാ വെങ്കോട്ടയില്‍ എത്തിയപ്പോള്‍ അവിടെനിന്ന് മാമ്മൂട് റോഡിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ടു. വണ്ടി മുന്നോട്ടെടുത്ത് ഇരുമ്പുകുഴി ജംഗ്ഷന് സമീപം ആളൊഴിഞ്ഞ പ്രദേശത്ത് എത്തിയപ്പോള്‍ യാത്രക്കാരന് വണ്ടി നിര്‍ത്താന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് യാത്രക്കാരന് ഓട്ടോറിക്ഷായില്‍ നിന്നിറങ്ങി വേഗം നടന്നു നീങ്ങി.
ഓട്ടോറിക്ഷായുടെ തൊട്ടു പുറകെ അഞ്ച് ബൈക്കുകളില്‍ എത്തിയ സംഘം ഓട്ടോ റിക്ഷായുടെ മുന്നിലും പിന്നിലുമായി ബൈക്ക് നിര്‍ത്തി ലിബിനെ ആക്രമിക്കുകയായിരുന്നു. കൈയും കാലും കമ്പിവടിക്ക് തല്ലി ഒടിച്ചതായാണ് പരാതി. മര്‍ദനമേറ്റ ലിബിനെ ചങ്ങനാശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മര്‍ദിച്ചവര്‍ മാടപ്പള്ളി മോസ്ക്കോ മുതല്‍ ബൈക്കുകളിലായി ഓട്ടോറിക്ഷയുടെ പിറകെ ഉണ്ടായിരുന്നതായും അസ്വഭാവികത ഒന്നും തോന്നിയില്ലെന്നും ലിബിന് പറഞ്ഞു. ആസൂത്രിത അക്രമത്തിനു നേതൃത്വം നല്കിയ ക്രിമിനല്‍ സംഘം സഞ്ചരിക്കുന്നതിന്റെ സിസിടിവി ദൃശ്യ പോലീസിനു ലഭിച്ചിട്ടുണ്ട്. തൃക്കൊടിത്താനം പോലീസ് കേസെടുത്തു.