play-sharp-fill
ഫര്‍ണിച്ചര്‍ വ്യവസായ സ്ഥാപനത്തിന്  നഗരസഭ പൂട്ടിട്ടു; മനംമടുത്ത് വ്യവസായി ദമ്പതികള്‍ നാടുവിട്ടു

ഫര്‍ണിച്ചര്‍ വ്യവസായ സ്ഥാപനത്തിന് നഗരസഭ പൂട്ടിട്ടു; മനംമടുത്ത് വ്യവസായി ദമ്പതികള്‍ നാടുവിട്ടു

സ്വന്തം ലേഖിക

പാനൂര്‍: ഫര്‍ണിച്ചര്‍ വ്യവസായ സ്ഥാപനത്തിന് നഗരസഭ പൂട്ടിട്ടതോടെ മനംമടുത്ത് വ്യവസായി ദമ്പതികള്‍ നാടുവിട്ടതായി സുവ്.


തലശ്ശേരി വ്യവസായ പാര്‍ക്കിലെ ‘ഫാന്‍സി ഫണ്‍’ സ്ഥാപന ഉടമകളായ രാജ് കബീറും ഭാര്യ ദിവ്യയുമാണ് നാടുവിട്ടത്. ബാലസാഹിത്യകാരന്‍ പരേതനായ കെ. തായാട്ടിന്‍റെ മകനാണ് രാജ് കബീര്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇരുവരെയും കാണാതായിട്ട് രണ്ടുദിവസമായി. കണ്ടെത്താന്‍ പൊലീസ് ഊര്‍ജിത ശ്രമം നടത്തുന്നുണ്ട്. മൊബൈല്‍ ഫോണുകള്‍ സ്വിച്ച്‌ ഓഫാണ്. 57കാരനായ രാജ് കബീറും ഭാര്യയും രണ്ടുമക്കളും താഴെ ചമ്പാടാണ് താമസം.

രാജ് കബീര്‍ ഉടമസ്ഥനായ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം തലശ്ശേരി നഗരസഭ നിര്‍ത്തലാക്കിയതുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങള്‍ നിലവിലുണ്ട്. സ്ഥാപനം പൂട്ടിയിടേണ്ടിവന്നതോടെ പത്തോളം തൊഴിലാളികളും കുടുംബവും ഒപ്പം ഉടമയായ താനും വരുമാന മാര്‍ഗം നിലച്ച്‌ കഷ്ടപ്പെടുകയാണെന്ന രാജ് കബീറിന്റെ വാട്സ്‌ആപ് സന്ദേശം പ്രചരിക്കുന്നുണ്ട്. പലതവണ നഗരസഭ ചെയര്‍പേഴ്സനെയും വൈസ് ചെയര്‍മാനെയും കണ്ട് പ്രശ്നം പരിഹരിക്കണമെന്ന് അപേക്ഷിച്ചെങ്കിലും നീതി ലഭിച്ചില്ലെന്നും സന്ദേശത്തില്‍ പറയുന്നു.

സ്ഥാപനത്തിന്‍റെ ലൈസന്‍സ് റദ്ദാക്കിയ നടപടി ഹൈകോടതി സ്റ്റേ ചെയ്തിട്ടും അധികൃതരുടെ ഭാഗത്തു നിന്ന് നിഷേധാത്മക നിലപാടാണത്രെ ഉണ്ടായത്. എന്നാല്‍, ആരോപണം തലശ്ശേരി നഗരസഭാധ്യക്ഷ കെ.എം. ജമുനാറാണി നിഷേധിച്ചു. നഗരസഭയുടെ സ്ഥലം കൈയേറിയതുകൊണ്ടാണ് നോട്ടീസ് നല്‍കിയതെന്നാണ് ഇവരുടെ വിശദീകരണം.