ബൈക്കില്‍ നിന്ന് വീണവരുടെ മേല്‍ കാര്‍ കയറിയിറങ്ങി; രണ്ട് പേർക്ക് ദാരുണാന്ത്യം
സ്വന്തം ലേഖിക
കണ്ണൂര്‍: കിളിയന്തറ ചെക്ക്പോസ്റ്റിനു സമീപം ബൈക്കില്‍ നിന്ന് വീണവരുടെ മേല്‍ എതിര്‍ദിശയില്‍ വന്ന കാര്‍ കയറിയിറങ്ങി രണ്ടു പേർ മരിച്ചു.
കിളിയന്തറ 32ാം മൈല്‍ സ്വദേശി തൈക്കാട്ടില്‍ അനീഷ് (28), വളപ്പാറ സ്വദേശി തെക്കുംപുറത്ത് അസീസ് (40) എന്നിവരാണ് മരിച്ചത്. അപകടസ്ഥലത്തുതന്നെ ഇരുവരും മരിച്ചിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ശനിയാഴ്ച രാത്രി വൈകിയാണ് അപകടമുണ്ടായത്. കൂട്ടുപുഴ ഭാഗത്തു നിന്നും വള്ളിത്തോട് ഭാഗത്തേക്ക് ബൈക്കില്‍ വരുകയായിരുന്നു ഇരുവരും. കിളിയന്തറ എക്സൈസ് ചെക്ക്പോസ്റ്റ് കഴിഞ്ഞതിനുശേഷം ഹൈസ്കൂളിന് മുന്നില്‍ വെച്ചാണ് അപകടം.
ഇവര്‍ സഞ്ചരിച്ച ബൈക്ക് റോഡില്‍ വീഴുകയും എതിര്‍ദിശയില്‍ നിന്ന് വന്ന കാര്‍ ഇവരുടെ ദേഹത്ത് കയറുകയുമായിരുന്നു എന്നാണ് സംശയിക്കുന്നത്.
കാറിന്റെ മുന്‍ഭാഗം തകര്‍ന്നിട്ടുണ്ട്. റോഡില്‍ അപകടത്തില്‍പെട്ട് കിടക്കുന്ന ഇരുവരെയും ഇതുവഴിവന്ന യാത്രക്കാരും നാട്ടുകാരും പൊലീസും ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്.
സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
പരേതനായ ഗോപാലന്-ഉഷ ദമ്പതികളുടെ മകനാണ് അനീഷ്. സഹോദരങ്ങള്‍: അജേഷ്, അനിഷ, ആശ. അസീസ് പരേതനായ കമാല്‍-ബീപാത്തു ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ഹമീദ്, നിശ്രത്ത്, ഷാഹിത.