ഇറ്റലിയിലെ പള്ളി വികാരിയാണെന്ന് പരിചയപ്പെടുത്തി; വീടിന് ഐശ്വര്യമില്ലെന്നും വളരെയധികം പ്രയാസമുണ്ടെന്നും വെളിപ്പെടുത്തൽ; പ്രാർത്ഥനയ്ക്കെന്ന പേരിൽ വീട്ടമ്മയുടെ സ്വർണ്ണ വളയുമായി കടന്നുകളഞ്ഞു; അന്വേഷണം ആരംഭിച്ച് പൊലീസ്
സ്വന്തം ലേഖിക
അമ്പലപ്പുഴ: പള്ളിവികാരി ചമഞ്ഞ് വീട്ടിലെത്തി വയോധികയുടെ സ്വർണ്ണ വളയുമായി കടന്നുകളഞ്ഞു.
പറവൂര്‍ ഗലീലിയ പറയകാട്ടില്‍ മേരി ഫ്രാന്‍സിസിന്റെ ഒരു പവന് തൂക്കംവരുന്ന വളയാണ് നഷ്ടപ്പെട്ടത്. ഇന്നലെ രാവിലെ 9.30 ഓടെയായിരുന്നു സംഭവം. ഈ സമയം മേരി ഫ്രാന്‍സിസ് മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പാന്റ്സും ഷര്‍ട്ടും ധരിച്ചെത്തിയ ഒരാള്‍ താന്‍ ഇറ്റലിയിലെ പള്ളി വികാരിയാണെന്ന് പരിചയപ്പെടുത്തി. ഈ വീടിന് ഐശ്വര്യമില്ലെന്നും മേരി ഫ്രാന്‍സിസിന് വളരെയധികം പ്രയാസമുണ്ടെന്നും ഇയാള്‍ പറഞ്ഞു. പ്രയാസങ്ങള്‍ മാറാന്‍ താന്‍ പ്രാര്‍ഥന നടത്താമെന്ന് പറഞ്ഞ് ഇയാള്‍ തലയില്‍ കൈകൊണ്ട് ഉഴിഞ്ഞശേഷം കൈയില്‍ക്കിടന്ന വള ഊരിയെടുക്കുകയായിരുന്നു.
എന്തിനാണ് വള ഊരിയതെന്ന് ചോദിച്ചപ്പോള്‍ പ്രാര്ഥനയ്ക്കാണെന്നും വൈകിട്ട് അഞ്ചിന് തിരികെ നല്‍കാമെന്നും പറഞ്ഞ് ഇയാള്‍ പോകുകയായിരുന്നു. വൈകിട്ടും ഇയാളെ കാണാതിരുന്നതിനെത്തുടര്‍ന്ന് മേരി ഫ്രാന്‍സിസ് പുന്നപ്ര സ്റ്റേഷനില്‍ പരാതി നല്കി. സിസിടിവി ദൃശ്യങ്ങളുടെ സഹായത്താല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.