
സ്വന്തം ലേഖിക
പാലക്കാട്: അട്ടപ്പാടി മധുകൊലക്കേസില്‍ പന്ത്രണ്ട് പ്രതികളുടെ ജാമ്യം റദ്ദാക്കി മണ്ണാര്‍ക്കാട് എസ് സി എസ് ടി കോടതി
ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥ ലംഘിച്ച് പ്രതികള്‍ സാക്ഷികളെ സ്വാധീനിച്ചുവെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. കേസിലെ പതിനാറ് പ്രതികളില്‍ പന്ത്രണ്ട് പേരുടെ ജാമ്യം റദ്ദാക്കണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കേസിലെ രണ്ടാം പ്രതി മരയ്ക്കാര്‍, മൂന്നാം പ്രതി ഷംസുദ്ദീന്‍, നാലാം പ്രതി അനീഷ്, അഞ്ചാം പ്രതി രാധാകൃഷ്ണന്‍, ആറാം പ്രതി അബൂബക്കര്‍, ഏഴാം പ്രതി സിദ്ദിഖ്, ഒൻപതാം പ്രതി നജീബ്, പത്താം പ്രതി ജൈജു മോന്‍, പതിനൊന്നാം പ്രതി അബ്ദുള്‍ കരീം, പന്ത്രണ്ടാം പ്രതി സജീവ്, പതിനഞ്ചാം പ്രതി ബിജു, പതിനാറാം പ്രതി മുനീര്‍ എന്നിവരുടെ ജാമ്യമാണ് കോടതി റദ്ദാക്കിയത്.
അതേസമയം ഒന്നാം പ്രതി ഹുസൈന്‍, എട്ടാം പ്രതി ഉബൈദ്, പതിമൂന്നാം പ്രതി സതീഷ്, പതിനാലാം പ്രതി ഹരീഷ് എന്നിവരുടെ ജാമ്യം റദ്ദാക്കിയില്ല. പ്രതികള്‍ നേരിട്ടും ഇടനിലക്കാര്‍ വഴിയും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചത് ഫോണ്‍ രേഖകള്‍ പരിശോധിച്ചതില്‍ നിന്ന് വ്യക്തമായിരുന്നു.
122 സാക്ഷികളാണ് കേസിലുണ്ടായിരുന്നത്. പതിനഞ്ച് പേരെ വിസ്തരിച്ചു. ഇതില്‍ പതിമൂന്ന് പേരും കൂറുമാറിയിരുന്നു. 2018ലാണ് പ്രതികള്‍ ജാമ്യത്തിലിറങ്ങിയത്.
വാദങ്ങള്‍ കോടതിയെ ബോധിപ്പിക്കാന്‍ സാധിച്ചുവെന്ന് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ രാജേഷ് എം മേനോന്‍ പറഞ്ഞു. പന്ത്രണ്ട് പ്രതികളില്‍ മൂന്ന് പേര്‍ മാത്രമാണ് കോടതിയില്‍ എത്തിച്ചേര്‍ന്നത്. ബാക്കിയുള്ള ഒന്‍പത് പേര്‍ ഹാജരാകാന്‍ സാധിക്കില്ലെന്ന് ഹര്‍ജി നല്‍കിയിരുന്നു. ഇത് കോടതി തള്ളി. ഈ ഒന്‍പത് പേര്‍ക്കും കോടതി വാറന്റ് പുറപ്പെടുവിച്ചു.
തുടര്‍നടപടികള്‍ വരും ദിവസങ്ങളിലുണ്ടാകുമെന്നും പ്രോസിക്യൂട്ടര്‍ പറഞ്ഞു.



