അതിരമ്പുഴ പഞ്ചായത്തിന്റെ വിവിധ മേഖലകളില്‍ കഞ്ചാവ് മയക്കുമരുന്നു മാഫിയ തഴച്ചു വളരുന്നു; ഒത്താശ ചെയ്യുന്നത് ഭരണകക്ഷിയില്‍പ്പെട്ട ചില രാഷ്ട്രീയ നേതാക്കളും; നാട്ടുകാർക്ക് വഴി നടക്കാൻ പറ്റാത്ത അവസ്ഥ; നോക്കുകുത്തിയായി പൊലീസും
സ്വന്തം ലേഖിക
കോട്ടയം: അതിരമ്പുഴ പഞ്ചായത്തിന്റെ വിവിധ മേഖലകളില്‍ കഞ്ചാവ് മയക്കുമരുന്നു മാഫിയ തഴച്ചു വളരുന്നതായി ആക്ഷേപം.
മയക്കുമരുന്നു മാഫിയയ്ക്കു വെള്ളവും വളവും നല്കി തഴച്ചുവളരാന്‍ അവസരമൊരുക്കുന്നതു ഭരണകക്ഷിയില്‍പ്പെട്ട ചില രാഷ്ട്രീയ നേതാക്കളാണെന്നാണ് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നത്. മയക്കുമരുന്നു വില്പനക്കാരായ യുവാക്കള്‍ക്കെതിരേ പരാതികളൊന്നും ഉയരാതെ സംരക്ഷണമൊരുക്കുന്നതും നേതാക്കള്‍ തന്നെയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നാല്പത്തിമല, അതിരമ്പുഴ ചന്തക്കുളം പരിസരം, ഏറ്റൂമാനൂര് ഐടിഐക്കു സമീപമുള്ള വിജനപ്രദേശങ്ങള്‍, ആനമല വായനശാല, തോട്ടനാനി പ്രദേശം, പാറമാക്കല്‍, വേദഗിരി, റെയില്‍വേ ഏറ്റെടുത്തിട്ടിരിക്കുന്ന സ്റ്റേഷനു സമീപമുള്ള പ്രദേശങ്ങള്‍ എല്ലാം കഞ്ചാവു കച്ചവടക്കാരുടെ സങ്കേതങ്ങളാണ്. പൊലീസ് ചടങ്ങിനു വന്നു നോക്കി പോകാറുണ്ടെന്നു നാട്ടുകാര്‍ പറയുന്നു.
ജാമ്യത്തിലിറക്കാനും
നേതാക്കള്‍
കഞ്ചാവ് മൊത്തവിതരണക്കാരെ പൊലീസിനും രാഷ്ട്രീയ നേതാക്കള്‍ക്കുമറിയാം.
കഞ്ചാവ് കേസില്‍ ആരെങ്കിലും പിടിക്കപ്പെട്ടാല്‍ ജാമ്യത്തിലിറക്കാന്‍ ക്യൂ നില്ക്കുന്നതും ഉന്നത നേതാക്കളും ശിഷ്യന്മാരുമാണ്. ഇതുമൂലമാണു പൊലീസ് യാതൊരു നടപടിയും സ്വീകരിക്കാത്തതെന്ന ആക്ഷേപമുണ്ട്. നേരം ഇരുട്ടിയാല്‍ ഈ പ്രദേശങ്ങളിലൂടെ സഞ്ചരിക്കാന്‍ പോലും നാട്ടുകാര്‍ക്കും ഭയമാണ്. സ്ത്രീകളും കുട്ടികളും ഭയന്നാണ് ഇതുവഴി പകല്‍ സമയത്തു പോലും സഞ്ചരിക്കുന്നത്.
രാപകല്‍ വ്യത്യാസമില്ലാതെ നിരവധി പേരാണ് ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷനിലും റോഡ് പരിസരങ്ങളിലും ലഹരി ഉപയോഗത്തിന് എത്തുന്നത്. ഏറ്റുമാനൂര്‍ ഐടിഐ, സ്കൂള്‍ പരിസരത്തെ ആളൊഴിഞ്ഞ സ്ഥലങ്ങളിലും പൊലീസിന് എത്തിച്ചേരാന്‍ സാധിക്കാത്തതു മുതലെടുത്താണ് കഞ്ചാവ് മാഫിയ താവളമാക്കുന്നത്.
രാഷ്ട്രീയ പിന്തുണയുള്ളതിനാല്‍ മയക്കുമരുന്നു സംഘങ്ങള്‍ക്ക് ആരെയും ഭയമില്ലാത്ത അവസ്ഥയാണ്. പരാതി പറയുന്ന നാട്ടുകാരെ കത്തിമുനയില്‍ നിര്‍ത്തി ഭീഷണിപ്പെടുത്തി ഒതുക്കുന്നതും ഇവരുടെ രീതിയാണ്. അതിരമ്പുഴ പ്രദേശത്തുള്ള വീടുകളില്‍ കയറിയും മാഫിയസംഘങ്ങള്‍ ഭീഷണിപ്പെടുത്തല്‍ ആരംഭിച്ചിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്ക് അടക്കം മയക്കുമരുന്നു കൊടുക്കുന്നവരെ അറിയാമെങ്കിലും പുറത്തു പറയാന്‍ സാധിക്കാത്ത അവസ്ഥയില്‍ ഭയന്നാണു പല മാതാപിതാക്കളും കഴിയുന്നത്.