ജോലിസ്ഥലത്ത് വെച്ച് തർക്കം; അപ്പാർട്ട്മെന്റിൽ കയറി ആക്രമണം നടത്തിയ പ്രതികൾ ചിങ്ങവനം പോലീസിൻ്റെ പിടിയിൽ
സ്വന്തം ലേഖിക
ചിങ്ങവനം: അപ്പാർട്ട്മെന്റിൽ കയറി ആക്രമണം നടത്തിയ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
കൊല്ലം നിലമേൽ ആഴാന്തകുഴി ഭാഗത്ത് ഷിഹാസ് മൻസിൽ വീട്ടിൽ അബ്ദുൾ കലാം മകൻ ഷിഹാസ് (28), നിലമേൽ കൈത്തോട് വട്ടക്കയത്തില്‍ വീട്ടിൽ അബ്ദുൽ ജലീൽ മകൻ റിയാസ് (31), കടയ്ക്കൽ മന്ദിരംകുന്ന് മധിര ഭാഗത്ത് ഷെമീർ മൻസിൽ വീട്ടിൽ സുബൈർ മകൻ ഷെമീർ (27), കരുനാഗപ്പള്ളി വള്ളികുന്നം പഴവൂർ കിഴക്കതിൽ വീട്ടിൽ അഷറഫ് മകൻ മുഹമ്മദ് അസ്‌ലം (24) എന്നിവരെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രതികൾ കഴിഞ്ഞദിവസം രാത്രി ചിങ്ങവനത്തുള്ള സരളം അപ്പാർട്ട്മെന്റിൽ താമസിച്ചിരുന്ന ജെജിൻ ബേബി എന്നയാളെയാണ് അപ്പാർട്ട്മെന്റിലെ ഇയാളുടെ റൂമില്‍ കയറി ആക്രമിച്ചത്. പ്രതിയായ ഷിഹാസും ജെജിനും വാഹനം റെന്റിനു കൊടുക്കുന്ന സ്ഥാപനത്തിൽ ജീവനക്കാരാണ്. ജോലിസമയത്ത് ഇരുവരും തമ്മിൽ വഴക്കുണ്ടാവുകയും ഇതിനോടുള്ള വിരോധം മൂലം ഷിഹാസ് തന്റെ സുഹൃത്തുക്കളെയും കൂട്ടിവന്ന് ജിജിൻ താമസിക്കുന്ന അപ്പാർട്ട്മെന്റിൽ കയറി ഇയാളെ ആക്രമിക്കുകയായിരുന്നു.
തടസ്സം പിടിക്കാൻ എത്തിയ ജിജിന്റെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളെയും ഇവർ ആക്രമിച്ചു. ബഹളം കേട്ട് മറ്റ് റൂമുകളിൽ താമസിക്കുന്നവർ എത്തുമ്പോഴേക്കും ആക്രമികൾ സംഭവ സ്ഥലത്ത് നിന്ന് കടന്നുകളയുകയായിരുന്നു.
തുടർന്ന് ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിൽ അന്വേഷണസംഘം രൂപീകരിക്കുകയും പ്രതികൾക്ക് വേണ്ടിയുള്ള തിരച്ചിൽ ശക്തമാക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് പ്രതികളെ തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളിലെ വിവിധ ഭാഗങ്ങളിൽ നിന്നായി പിടികൂടുകയായിരുന്നു. പ്രതികളിൽ ഒരാളായ റിയാസിന് ചടയമംഗലം സ്റ്റേഷനിൽ അടിപിടി കേസുകൾ നിലവിലുണ്ട്.
ചിങ്ങവനം സ്റ്റേഷൻ എസ്.എച്ച്.ഓ ജിജു ടി.ആർ,എസ്.ഐ മാരായ അനീഷ്. മുരുകൻ സി.പി.ഓ മാരായ സതീഷ് എസ്, സലമോൻ, മണികണ്ഠൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.