play-sharp-fill
ആൻ്റണി രാജു പ്രതിയായ കേസിൻ്റെ വിചാരണ ഈ മാസം നാലിന് തുടങ്ങും; വിസ്തരിക്കുക മൂന്ന് സാക്ഷികളെ

ആൻ്റണി രാജു പ്രതിയായ കേസിൻ്റെ വിചാരണ ഈ മാസം നാലിന് തുടങ്ങും; വിസ്തരിക്കുക മൂന്ന് സാക്ഷികളെ

സ്വന്തം ലേഖിക

തിരുവനന്തപുരം: ഗതാഗത മന്ത്രി ആന്റണി രാജു പ്രതിയായ തെളിവു നശിപ്പിക്കല്‍ കേസില്‍ വിചാരണ ആഗസ്റ്റ് നാലാം തിയതി തുടങ്ങും.

മൂന്നു സാക്ഷികളെയാണ് അന്ന് വിസ്തരിക്കുന്നത്. കേസില്‍ ആകെ 29 സാക്ഷികളാണുള്ളത്. നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. സിആര്‍പിസി 308 അനുസരിച്ച്‌ കേസില്‍ ദിവസേന വിചാരണ നടക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മയക്കുമരുന്ന് കേസിലെ പ്രതിയായ വിദേശപൗരന്‍ ആന്‍ഡ്രൂ സാല്‍വദോര്‍ സാര്‍വലിയെ രക്ഷിക്കാന്‍ തൊണ്ടിമുതലില്‍ കൃത്വിമം കാട്ടിയതാണ് കേസ്. തൊണ്ടിയായ അടിവസ്ത്രത്തില്‍ കൃത്രിമം കാട്ടിയെന്നാണ് ആന്റണി രാജുവിനെതിരെയുള്ള കേസ്. അടിവസ്ത്രത്തില്‍ കൃത്രിമം കാട്ടിയതായി ഫൊറന്‍സിക് പരിശോധനയില്‍ സ്ഥിരീകരിച്ചതോടെയാണ് ആന്‍ഡ്രൂ സാല്‍വദോര്‍ സാര്‍വലിയുടെ അഭിഭാഷകനായിരുന്ന ആന്റണി രാജുവിനും കോടതിയിലെ ക്ലാര്‍ക്ക് ജോസിനുമെതിരെ കേസെടുത്തത്.

2014ലാണ് ആന്റണി രാജുവിനെതിരായ കേസ് മജിസ്ട്രേറ്റ് കോടതിയ്ക്കു മുന്നിലെത്തുന്നത്. എന്നാല്‍, വിചാരണ അനന്തമായി നീണ്ടു.
സിആര്‍പിസി 273 അനുസരിച്ച്‌ പ്രതിയായ ആന്റണി രാജുവിന്റെ സാന്നിധ്യത്തിലായിരിക്കണം വിചാരണ.

സിആര്‍പിസി 205, 317 അനുസരിച്ച്‌ മതിയായ കാരണം പ്രതിക്കു ബോധ്യപ്പെടുത്താനായാല്‍ നേരിട്ട് ഹാജരാകുന്നതില്‍നിന്നു കോടതിക്ക് ഇളവു നല്‍കാം. സ്ഥിരമായി ഇളവു നല്‍കുന്നത് കോടതിയുടെ വിവേചനാധികാരമാണ്. ഇതിനായി കോടതിയില്‍ അപേക്ഷ നല്‍കി വാദം പൂര്‍ത്തിയാക്കി കോടതിയെടുക്കുന്ന തീരുമാനം നിര്‍ണായകമാണ്. കേസിന്റെ വിചാരണ നീണ്ടുപോയതിനു ഹൈക്കോടതി മജിസ്ട്രേറ്റ് കോടതിയോട് വിശദീകരണം തേടിയിരുന്നു.

സിആര്‍പിസി 479 അനുസരിച്ച്‌ ഹൈക്കോടതിക്ക് മജിസ്ട്രേറ്റ് കോടതിയുടെമേല്‍ നിരീക്ഷണാധികാരം ഉണ്ട്. 1990 ഏപ്രില്‍ നാലിനാണ് അടിവസ്ത്രത്തില്‍ ഒളിപ്പിച്ച 61 ഗ്രാം ഹഷീഷുമായി ഓസ്ട്രേലിയക്കാരനായ ആന്‍ഡ്രൂ സാല്‍വദോര്‍ സാര്‍വലിയെ വിമാനത്താവളത്തില്‍ അറസ്റ്റു ചെയ്തത്. ആന്റണി രാജു തിരുവനന്തപുരം ബാറില്‍ ജൂനിയര്‍ അഭിഭാഷകനായിരുന്നു. ആന്റണി രാജുവിന്റെ സീനിയറാണ് വക്കാലത്ത് എടുത്തത്. സെഷന്‍സ് കോടതിയില്‍ തോറ്റെങ്കിലും കേസിലെ പ്രധാന തൊണ്ടിമുതലായ ഉള്‍വസ്ത്രം പ്രതിയുടേത് അല്ലെന്നു ചൂണ്ടിക്കാട്ടി ഹൈക്കോടതി വെറുതേ വിട്ടു.

ഉള്‍വസ്ത്രം ചെറുതായിരുന്നു. കേസില്‍ കൃത്രിമം നടന്നെന്നു കാട്ടി അന്വേഷണ ഉദ്യോഗസ്ഥന്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് കോടതി അന്വേഷണത്തിനു നിര്‍ദേശം നല്‍കി.
2006ല്‍ കോടതിയില്‍ കുറ്റപത്രം നല്‍കി. 2014ല്‍ കേസ് നെടുമങ്ങാട് കോടതിക്കു കൈമാറി. കോടതിയില്‍നിന്നു തൊണ്ടിമുതല്‍ വാങ്ങിയതും മടക്കി നല്‍കിയതും ആന്റണി രാജുവാണ്. തനിക്കെതിരെ ശേഖരിക്കാവുന്ന തെളിവുകളെല്ലാം യുഡിഎഫ് സര്‍ക്കാര്‍ ശേഖരിച്ചിട്ടും കേസ് എടുക്കാന്‍ കഴിയില്ലെന്ന നിഗമനത്തിലാണു കോടതി എത്തിയതെന്നാണ് ആന്റണി രാജു നിയമസഭയില്‍ പറഞ്ഞത്.
തിരഞ്ഞെടുപ്പിനു മുന്‍പ് യുഡിഎഫ് സര്‍ക്കാര്‍ എടുത്ത കള്ളക്കേസാണിതെന്നും ആന്റണി രാജു വ്യക്തമാക്കിയിരുന്നു.