video
play-sharp-fill
ആലപ്പുഴ പൊലീസ് ക്വാട്ടേഴ്‌സിൽ മക്കളെ കൊലപെടുത്തി അമ്മ ആത്മഹത്യ ചെയ്ത സംഭവം;  റെനീസിന്റെ കാമുകിയെ അറസ്റ്റ് ചെയ്തു;  ചുമത്തിയിരിക്കുന്നത് ആത്മഹത്യാ പ്രേരണ കുറ്റം

ആലപ്പുഴ പൊലീസ് ക്വാട്ടേഴ്‌സിൽ മക്കളെ കൊലപെടുത്തി അമ്മ ആത്മഹത്യ ചെയ്ത സംഭവം; റെനീസിന്റെ കാമുകിയെ അറസ്റ്റ് ചെയ്തു; ചുമത്തിയിരിക്കുന്നത് ആത്മഹത്യാ പ്രേരണ കുറ്റം

സ്വന്തം ലേഖിക

ആലപ്പുഴ: പൊലീസ് ക്വാട്ടേഴ്‌സിൽ രണ്ട് മക്കളെ കൊലപെടുത്തി അമ്മ ആത്മഹത്യ ചെയ്ത കേസില്‍ പൊലീസുകാരനായ റെനീസിന്റെ കാമുകി ഷഹാനെയെ പോലീസ് അറസ്റ്റ് ചെയ്തു.

ആത്മഹത്യാ പ്രേരണ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. റെനീസിനെ കല്യാണം കഴിക്കാന്‍ ഷഹാന സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. നജ്‌ലയും മക്കളും ഒഴിയണം എന്നായിരുന്നു ആവശ്യം. അല്ലെങ്കില്‍ ഭാര്യയായി താമസിക്കാന്‍ നിര്‍ബന്ധിച്ചു. ആറ് മാസം മുൻപ് ഫ്ളാറ്റില്‍ എത്തി നജ്‌ലയെ ഭീഷണിപ്പെടുത്തി. ആത്മഹത്യ ചെയ്ത ദിവസവും ഷഹാന ഫ്ളാറ്റിലെത്തി വഴക്കിട്ടുവെന്നാണ് കണ്ടെത്തല്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസില്‍ നേരത്തെ നജ്ലയുടെ ഭര്‍ത്താവ് പൊലീസ് ഉദ്യോഗസ്ഥനായ റെനിസിനെതിരെ ഗുരുതര കുറ്റങ്ങള്‍ പൊലീസ് ചുമത്തിയിരുന്നു. റെനീസിന്റെ പീഡനങ്ങളാണ് കൊലപാതകങ്ങളിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്നായിരുന്നു കണ്ടെത്തല്‍. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് നജ്‌ലയെ റെനിസ് നിരന്തരം പീഡിപ്പിച്ചിരുന്നതടക്കമുള്ള ഗുരുതരമായ കുറ്റങ്ങളാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്.

വിവാഹ സമയത്ത് 40 പവനും 10 ലക്ഷം രൂപയും പള്‍സര്‍ ബൈക്കും സ്ത്രീധനമായി നജ്ലയുടെ വീട്ടുകാര്‍ നല്‍കിയിരുന്നു. എന്നാല്‍ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് നജ്‌ലയെ പല തവണ റെനിസ് വീട്ടിലേക്ക് തിരിച്ചയച്ചു. ഇതോടെ പലപ്പോഴായി 20 ലക്ഷം രൂപ വീണ്ടും കൊടുത്തുവെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്.

നജ്ലയെ സ്വന്തമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ റെനീസ് അനുവദിച്ചിരുന്നില്ല. ഇയാള്‍ പുറത്ത് പോകുമ്പോള്‍ നജ്‌ലയെ മുറിയില്‍ പൂട്ടിയിടുമായിരുന്നു. പുറം ലോകവുമായി ബന്ധപ്പെടാന്‍ നജ്‌ലയെ അനുവദിച്ചില്ല. പല സ്ത്രീകളുമായും റെനീസിന് അടുത്ത ബന്ധം ഉണ്ടായിരുന്നു. ബന്ധുവായ ഷഹാനയെ കല്യാണം കഴിക്കാന്‍ നജ്‌ലയില്‍ റെനീസ് നിരന്തരം സമ്മര്‍ദ്ദം ചെലുത്തി.

റെനീസിന്‍റ മാനസിക ശാരിര പീഡനങ്ങളാണ് നജ്ലയെ ആത്മഹത്യയിലേക്കെത്തിച്ചതെന്നുമാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയത്.
ആലപ്പുഴ കുന്നുംപുറത്തുള്ള എആര്‍ ക്യാമ്പിലെ പൊലീസ് ക്വാട്ടേഴ്സിലായിരുന്നു റെനീസും കുടുംബവും താമസിച്ചത്. വണ്ടാനം മെഡിക്കല്‍ കോളേജ് ഔട്ട് പോസ്റ്റിലായിരുന്നു റനീസിന് ജോലി.

സംഭവ ദിവസത്തിന് തലേന്ന് രാത്രി എട്ടുമണിക്ക് ജോലിക്ക് പോയ റെനീസ് രാവിലെ തിരികെ എത്തിയപ്പോഴാണ് മൃതദേഹങ്ങള്‍ കാണുന്നത്. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം നജ്ല ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.