
സ്വന്തം ലേഖിക
ആലപ്പുഴ: 2018 ലെ പ്രളയകാലത്ത് കുട്ടനാട്ടുകാരെ സുരക്ഷിതരാക്കി ചേര്‍ത്തുപിടിച്ച മനുഷ്യൻ.
ഈ ഗുണ്ടൂരുകാരൻ ആലപ്പുഴക്കാര്‍ക്ക് സുപരിചിതനാണ്.
പ്രളയം തകര്‍ത്ത ജില്ലയെ കൈപിടിച്ചുയര്‍ത്താന്‍, ‘ഐ ആം ഫോര്‍ ആലപ്പി’ പദ്ധതിക്ക് നേതൃത്വം കൊടുത്ത ആന്ധ്രപ്രദേശ് സ്വദേശിയെ എങ്ങനെ മറക്കാന്‍. അന്ന് വി.ആര്‍.കൃഷ്ണതേജ സബ്കളക്ടറായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രണ്ടാം വരവ് കളക്ടറായാണ്. ശ്രീറാം വെങ്കിട്ടരാമന് പകരം.
സിവില്‍ സര്‍വിസിലെ തുടക്കക്കാരനായി മൂന്ന് വര്‍ഷമാണ് കൃഷ്ണതേജ ആലപ്പുഴയില്‍ സബ് കലക്ടര്‍ പദവി വഹിച്ചത്.
കൃഷ്ണതേജ ചുമതലയേറ്റശേഷം ഇറക്കിയ ആദ്യ ഉത്തരവ് കുട്ടികള്‍ക്ക് വേണ്ടിയായിരുന്നു. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി പ്രഖ്യാപിക്കുന്നതായിരുന്നു ഇത്. ഇതേപ്പറ്റി കളക്ടര്‍ ഔദ്യോഗിക ഫേസ്‌ബുക്ക് പേജില്‍ കുറിക്കുകയും ചെയ്തു. പോസ്റ്റ് വൈറലായെന്ന് പറയേണ്ടതില്ലല്ലോ.
”പ്രിയ കുട്ടികളെ,
ഞാന്‍ ആലപ്പുഴ ജില്ലയില്‍ കളക്ടറായി ചുമതല ഏറ്റെടുത്തത് നിങ്ങള്‍ അറിഞ്ഞു കാണുമല്ലോ. എന്റെ ആദ്യ ഉത്തരവ് തന്നെ നിങ്ങള്‍ക്ക് വേണ്ടിയാണ്. നിങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ടിയാണ്. നാളെ നിങ്ങള്‍ക്ക് ഞാന്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
എന്ന് കരുതി വെള്ളത്തില്‍ ചാടാനോ ചൂണ്ട ഇടാനോ പോകല്ലേ. നമ്മുടെ ജില്ലയില്‍ നല്ല മഴയാണ്. എല്ലാവരും വീട്ടില്‍ തന്നെ ഇരിക്കണം. അച്ഛന്‍ അമ്മമാര്‍ ജോലിക്ക് പോയിട്ടുണ്ടാകും. അവരില്ലെന്ന് കരുതി പുറത്തേക്ക് ഒന്നും പോകരുത്. പകര്‍ച്ചവ്യാധി അടക്കം പകരുന്ന സമയമാണ്. പ്രത്യേകം ശ്രദ്ധിക്കണം. കൃത്യ സമയത്ത് ഭക്ഷണം കഴിക്കണം. അവധിയെന്ന് കരുതി മടി പിടിച്ച് ഇരിക്കാതെ പാഠ ഭാഗങ്ങള്‍ മറിച്ചു നോക്കണം. നന്നായി പഠിച്ച് മിടുക്കരാകൂ…
സനേഹത്തോടെ. ..’ ഇതാണ് കളക്ടര്‍ ആദ്യദിവസം ഇട്ട പോസ്റ്റ്. തൊട്ടടുത്ത ദിവസവും കളക്ടര്‍ ഫേസ്‌ബുക്ക് പേജില്‍ കുട്ടികള്‍ക്കായി കുറിപ്പിട്ടു.
‘ പ്രിയപ്പെട്ട കുട്ടികളെ,
നാളെയും അവധിയാണ് കേട്ടോ. എന്ന് വെച്ച് ഇന്നലെ പറഞ്ഞതൊന്നും മറക്കല്ലേ… മഴക്കാലമായതുകൊണ്ട് തന്നെ അച്ഛനമ്മമാര്‍ ജോലിക്ക് പോകുമ്പോള്‍ അവരുടെ ബാഗില്‍ കുട, മഴക്കോട്ട് എന്നിവ ഉണ്ടെന്ന് ഉറപ്പാക്കണം കേട്ടോ… പോകുന്നതിന് മുന്‍പ് അവരെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കണം.
ഞങ്ങള്‍ ഇവിടെ കാത്തിരിക്കുന്നെന്നും സൂക്ഷിച്ച് വണ്ടി ഓടിച്ച് വൈകിട്ട് നേരത്തെ വരണമെന്നും സ്‌നേഹത്തോടെ പറയണം. നല്ല ശീലങ്ങള്‍ പാലിക്കണം. മിടുക്കരാകണം. ഒരുപാട് സ്നേഹത്തോടെ
നിങ്ങളുടെ പ്രിയപ്പെട്ട കളക്ടര്‍ മാമന്‍…’
കളക്ടറെ കുറിച്ച് കൂടുതല്‍ തിരഞ്ഞുപോവുകയാണ് ഇപ്പോൾ സോഷ്യല്‍ മീഡിയ. ഇപ്പോള്‍ അദ്ദേഹത്തിന്റെ ഒരു മോട്ടിവേഷന്‍ ക്ലാസും ചര്‍ച്ചയായി. ആലപ്പുഴ പൂങ്കാവിലുള്ള മേരി ഇമ്മാക്കുലേറ്റ് സ്‌കൂളില്‍ നടത്തിയ ഒരു ക്ലാസ് ഇപ്പോള്‍ വൈറലായിരിക്കുകയാണ്. എളിയ സാഹചര്യങ്ങളില്‍ നിന്ന് താന്‍ സിവില്‍ സര്‍വീസിലേക്ക് എത്തിയത് എങ്ങനെ എന്ന് വിശദീകരിക്കുന്നു കൃഷ്ണതേജ.
കൃഷ്ണതേജയുടെ വാക്കുകള്‍ :
എല്ലാവര്‍ക്കും നമസ്‌കാരം. ഒരു കാര്യം ആദ്യം പറയാനുണ്ട്. ഞാന്‍ മലയാളിയല്ല. ആന്ധ്രക്കാരനാണ്. എന്നാലും പരമാവധി മലയാളത്തില്‍ പറയാന്‍ ആഗ്രഹിക്കുന്നു. മലയാളം കുറച്ചുകുറച്ചു മാത്രമേ സംസാരിക്കാന്‍ അറിയൂ. വിദ്യാഭ്യാസത്തിന്റെ വില എന്താണെന്ന് എനിക്ക് എന്റെ ജീവിതംകൊണ്ടുതന്നെ നന്നായി അറിയാം. എനിക്ക് ഓര്‍മയുണ്ട്. ഞാന്‍ ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ അതുവരെ ഞാന്‍ ഒരു ശരാശരി വിദ്യാര്‍ത്ഥിയായിരുന്നു. ഞാന്‍ എട്ടാം ക്ലാസിലേക്ക് കടന്നപ്പോള്‍ കുറച്ചു സാമ്പത്തിക ബുദ്ധിമുട്ടുകള്‍ എന്റെ വീട്ടില്‍ ഉണ്ടായി. അപ്പോള്‍ എല്ലാ ബന്ധുക്കളും എന്റെ വീട്ടില്‍വന്നു. എന്നിട്ട് പറഞ്ഞു. ഇനി പഠിക്കാന്‍ പോകണ്ട. വിദ്യാഭ്യാസം നിര്‍ത്തണം. ഒരു കടയില്‍ പോയി ജോലി നോക്കണം. അപ്പോള്‍ നിങ്ങള്‍ക്ക് കുറച്ച് ശമ്പളം കിട്ടും. അത് കുടുംബത്തിന് സഹായമാകും.
എല്ലാവരും അങ്ങനെ പറഞ്ഞു. പക്ഷേ, എന്റെ അച്ഛനും അമ്മക്കും എന്റെ വിദ്യാഭ്യാസം നിര്‍ത്താന്‍ താല്‍പര്യം ഇല്ലായിരുന്നു. പഠനം തുടരാന്‍ പണവുമില്ല. അപ്പോള്‍ എന്റെ അയല്‍വാസി എന്റെ വീട്ടിലേക്ക് വന്നിട്ട് പറഞ്ഞു. ‘കൃഷ്ണാ കുഴപ്പമില്ല. നീ പഠനം തുടരണം. അതിന് വേണ്ടി എത്ര പണം ചെലവായാലും ഞാന്‍ തരാം. പക്ഷേ, എന്റെ അമ്മക്ക് ഒരാളില്‍നിന്നും സൗജന്യസഹായം വാങ്ങുന്നതും താല്‍പര്യം ഇല്ലായിരുന്നു. അമ്മ തന്നെ ഒരു പരിഹാരം ഉണ്ടാക്കി. സ്‌കൂളില്‍നിന്നും ക്ലാസ് വിട്ടുവന്നിട്ട് ഞാന്‍ വൈകുന്നേരം ആറ് മണിമുതല്‍ രാത്രി ഒൻപത് മണിവരെ ഒരു മരുന്നുകടയില്‍ ജോലിക്ക് പോയി. അങ്ങനെ ഞാനും ശമ്പളക്കാരനായി.
എട്ടാം ക്ലാസും ഒൻപതാം ക്ലാസും പത്താം ക്ലാസും പഠിക്കാനുള്ള പണം അതിലൂടെ കിട്ടി. അപ്പോഴാണ് എനിക്ക് മനസിലായിത്തുടങ്ങിയത് വിദ്യാഭ്യാസം എത്ര ആവശ്യമാണ് എന്ന്. പിന്നെ ഞാന്‍ നന്നായി പഠിച്ചു. പത്താം ക്ലാസും ഇന്റര്‍മീഡിയറ്റും ടോപ്പറായി. എഞ്ചിനീയറിങ് ഗോള്‍ഡ് മെഡലിസ്റ്റ് ആയി. എഞ്ചിനീയറിങ് പഠനശേഷം എനിക്ക് ഐ.ബി.എമ്മില്‍ ജോലി ലഭിച്ചു. ഞാന്‍ ഡല്‍ഹിയില്‍ ജോലിക്ക് ചേര്‍ന്നു. എന്റെ ഒരു റൂംമേറ്റ് ഉണ്ടായിരുന്നു. അവനായിരുന്നു ഐ.എ.എസ് ആകാന്‍ താല്‍പര്യം. എനിക്ക് ഐ.എ.എസ് എന്താണെന്ന് പോലും അറിയില്ലായിരുന്നു. എന്റെ റൂംമേറ്റിന് മാത്രം നൂറ് ശതമാനം ഐ.എ.എസ് ആകാന്‍ താല്‍പര്യം. പക്ഷേ, എന്റെ റൂമില്‍നിന്നും ഐ.എ.എസ് കോച്ചിങ് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് 30 കിലോമീറ്റര്‍ ദൂരം. എല്ലാ ദിവസവും ഒറ്റക്ക് പോയി വരാന്‍ ബുദ്ധിമുട്ട്.
അവന് ഒരു കമ്പനി വേണം. അവന്‍ നിര്‍ബന്ധിച്ച് എന്നെ ഐ.എ.എസ് കോച്ചിങ് സെന്ററിലേക്ക് കൂട്ടിക്കൊണ്ടുപോയി. അതിനെ കുറിച്ച് പഠിച്ചുതുടങ്ങിയപ്പോഴാണ് എനിക്ക് മനസിലായത്, ഐ.എ.എസ് കേവലം ഒരു ജോലിയല്ല ഒരു സര്‍വീസ് ആണെന്ന്. അതാണ് ഐ.എ.എസിന്റെ പ്രത്യേകത. ഏകദേശം മുപ്പത് വര്‍ഷം പൊതുജനങ്ങള്‍ക്ക് വേണ്ടി സര്‍വീസ് ചെയ്യാന്‍ കഴിയുന്ന മേഖല. അങ്ങനെ ഞാന്‍ നന്നായി ഐ.എ.എസിന് പ്രിപ്പയര്‍ ചെയ്യാന്‍ തുടങ്ങി. ആദ്യ അവസരത്തില്‍തന്നെ പരാജയപ്പെട്ടു. ജോലി ചെയ്തുകൊണ്ട് പഠിക്കാന്‍ ബുദ്ധിമുട്ടാണെന്ന് ഞാന്‍ മനസിലാക്കി. അങ്ങനെ ഞാന്‍ ജോലി ഉപേക്ഷിച്ചു. 2011ല്‍ ജോലി ഉപേക്ഷിച്ച് പൂര്‍ണസമയം ഐ.എ.എസ് പഠനത്തിന് ചെലവഴിച്ചു. 15 മണിക്കൂര്‍ ഒരു ദിവസം പഠിച്ചു. എന്നിട്ടും രണ്ടാമത്തെ അവസരത്തിലും പരാജയപ്പെട്ടു.
മൂന്നാമത്തെ പരിശ്രമത്തിലും പരാജയം അറിഞ്ഞു. ജീവിതത്തില്‍ മൂന്ന് ഗംഭീര വിജയങ്ങള്‍ എനിക്കുണ്ടായി. എന്റെ പത്താം ക്ലാസ്, പ്ലസ് ടു, എഞ്ചിനീയറിങ് എന്നിവ. ഈ മൂന്നിലും ഞാനായിരുന്നു സംസ്ഥാനത്തെ ഒന്നാമന്‍. അതുപോലെ മൂന്ന് പരാജയങ്ങളും എന്റെ ജീവിതത്തില്‍ ഉണ്ടായി. ഐ.എ.എസിന്റെ ഒന്നും രണ്ടും മൂന്നും പരിശ്രമങ്ങളില്‍ ഞാന്‍ പരാജയപ്പെട്ടു. ആത്മവിശ്വാസം പൂര്‍ണമായും നഷ്ടപ്പെട്ടു. തുടര്‍ച്ചയായി പരാജയം. കോണ്‍ഫിഡന്‍സ് സീറോ ആയി. എന്തുകൊണ്ട് എനിക്ക് ഐ.എ.എസ് കിട്ടുന്നില്ല. 30 ദിവസം അതുസംബന്ധിച്ച് ആലോചിച്ചു. ഉത്തരം കിട്ടിയില്ല. കൂട്ടുകാരന്റെ വീട്ടില്‍ പോയി. അവരോട് കാര്യം പറഞ്ഞു. അവന്‍ പറഞ്ഞു. ‘യു ആര്‍ വെരി ഇന്റലിജന്റ്, വെരി ടാലന്റഡ്’. വീണ്ടും ഞാന്‍ ശ്രമം ഉപേക്ഷിച്ച് ഒരു ഐ.ടി കമ്പനിയില്‍ ജോലിക്ക് ചേര്‍ന്നു.
വിവരം ഞാന്‍ സുഹൃത്തുക്കളെ എല്ലാം വിളിച്ച് അറിയിച്ചു. വിവരം എന്റെ ശത്രുക്കളുടെ അടുത്തും എത്തി. ആ ശത്രുക്കള്‍ അടുത്ത ദിവസം എന്റെ മുറിയുടെ വാതിലില്‍ വന്ന് മുട്ടി. എന്റെ മുറിയില്‍ കടന്ന് അവര്‍ പറഞ്ഞു. ‘കൃഷ്ണാ നല്ല തീരുമാനം. നിനക്ക് നല്ലത് ഐ.ടി കമ്പനിയാണ്’.ഞാന്‍ അവരോട് പറഞ്ഞു. എനിക്കും അതറിയാം, എനിക്ക് ഐ.എ.എസ് കിട്ടില്ല എന്ന്. പക്ഷേ, എന്തുകൊണ്ട് അത് കിട്ടുന്നില്ല. അവര്‍ പറഞ്ഞു, മൂന്ന് കാര്യങ്ങള്‍ കൊണ്ടാണ് കിട്ടാത്തത്. ഒന്നാമത്തെ കാരണം ഇതായിരുന്നു. ഐ.എ.എസ് എഴുത്ത് 2000 മാര്‍ക്ക് എങ്കിലും കിട്ടണം. നിന്റെ കൈയക്ഷരം വളരെ മോശം ആണ്.
അവര്‍ പറഞ്ഞത് സത്യമാണ്. എന്റെ കൈയക്ഷരം വളരെ മോശം ആണ്. പോയിന്റു മാത്രം എഴുതിയാല്‍ മാര്‍ക്ക് കിട്ടില്ല, പാരഗ്രാഫ് ആയി ഉത്തരം എഴുതണം. രണ്ടാമത്തെ കാരണമായി ഇതാണ് പറഞ്ഞത്. നീ നേരേ വാ നേരേ പോ എന്ന രീതിയില്‍ ഉത്തരം എഴുതി. പക്ഷേ, ഐ.എ.എസില്‍ വളരെ ഡിേപ്ലാമാറ്റിക് ആയി ഉത്തരം എഴുതണം. എങ്കില്‍ മാത്രമേ മാര്‍ക്ക് ലഭിക്കൂ. ഇതായിരുന്നു മൂന്നാം കാരണം. അപ്പോള്‍ എനിക്ക് മനസിലായി. ജീവിതത്തിന്റെ ഏറ്റവും വലിയ ഫിലോസഫി എന്താണെന്ന് വച്ചാല്‍ നിങ്ങളുടെ പോസിറ്റീവ്‌സ് അറിയണമെങ്കില്‍ നിങ്ങളുടെ സുഹൃത്തുക്കളോട് ചോദിക്കുക. നെഗറ്റീവ്‌സ് അറിയണമെങ്കില്‍ ശത്രുക്കളോടും. തുടര്‍ന്ന് ഞാന്‍ രണ്ട് മണിക്കൂര്‍ കൈയക്ഷരം നന്നാക്കാന്‍ ശ്രമം തുടങ്ങി. മറ്റ് രണ്ട് കാര്യങ്ങളും ഞാന്‍ പരിശീലനം നേടി. പിന്നീട് ഞാന്‍ കുട്ടികളെ പഠിപ്പിക്കാന്‍ പോയി. അടുത്ത അവസരം ഞാന്‍ പിഴവുകള്‍ തിരുത്തി ശ്രമിച്ചു. ആള്‍ ഇന്ത്യ തലത്തില്‍ എനിക്ക് 66ാം റാങ്ക് ലഭിച്ചു.’
2015 ബാച്ച് ഐഎഎസ് ഓഫീസറാണ് കൃഷ്ണതേജ. ആലപ്പുഴയില്‍ ചാര്‍ജെടുക്കും മുൻപ് പട്ടികജാതി വികസന വകുപ്പ് ഡയറക്ടറായിരുന്നു. ആന്ധ്രയിലെ ഗുണ്ടൂര്‍ സ്വദേശിയായ അദ്ദേഹം ആലപ്പുഴയുടെ 55ാ മത്തെ കളക്ടറാണ്. കേരള ടൂറിസം ഡയറക്ടര്‍, കെടിഡിസി എംഡി, ആലപ്പുഴ സബ് കളക്ടര്‍ എന്നീ ചുമതലകള്‍ വഹിച്ചു. ടൂറിസത്തിന് വേണ്ടി കാരവന്‍ കേരള സംരംഭത്തിന് തുടക്കം കുറിച്ചതും, കെടിഡിസിയുടെ മുഖച്ഛായ മാറ്റുന്ന ദൗത്യവും അദ്ദേഹത്തെ ശ്രദ്ധേയനാക്കി.
ആലപ്പുഴക്കാരെ സംബന്ധിച്ചിടത്തോളം ഇത് ഐ ആം ഫോര്‍ ആലപ്പി എന്ന പുനരധിവാസ പദ്ധതിക്ക് തുടക്കമിട്ട കൃഷ്ണതേജയുടെ രണ്ടാം വരവാണ്. 2018 സെപ്റ്റംബര്‍ അഞ്ചിനാണ് ഐ ആം ഫോര്‍ ആലപ്പി പദ്ധതി തുടങ്ങിയത്. പ്രളയത്തില്‍ തകര്‍ന്ന സര്‍ക്കാര്‍ കെട്ടിടം നവീകരിക്കാന്‍ സഹായം ആവശ്യപ്പെട്ടായിരുന്നു തുടക്കം. ആറുമണിക്കൂറിനുള്ളില്‍ ആദ്യത്തെ സ്‌പോണ്‍സറെത്തി.
പിന്നീട് സാധാരണക്കാരുടെ ഉപജീവനത്തിന് കന്നുകാലികള്‍, വിദ്യാര്‍ത്ഥികള്‍ക്കു പഠനോപകരണങ്ങള്‍ ഉള്‍പ്പെടുന്ന കിറ്റ്, സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യം, തകര്‍ന്ന വീടുകളുടെയും സര്‍ക്കാര്‍ കെട്ടിടങ്ങളുടെയും നവീകരണം, വീട്ടുപകരണങ്ങള്‍, മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെ വ്യത്യസ്ത തൊഴിലുകള്‍ ചെയ്യുന്നവര്‍ക്കുള്ള തൊഴിലുപകരണങ്ങള്‍, ഭിന്നശേഷിക്കാര്‍ക്ക് വീല്‍ ചെയറുകളും കൃത്രിമ അവയവങ്ങളും ഉള്‍പ്പെടെ കോടിക്കണക്കിന് രൂപയുടെ സഹായങ്ങളാണ് ലോകത്തെമ്ബാടും നിന്ന് ആലപ്പുഴയിലേക്ക് പ്രവഹിച്ചത്.
ടൂറിസം ഡയറക്ടര്‍ പദവിയില്‍ ഇരിക്കുമ്പോഴും ആലപ്പുഴക്കാരെ മറന്നില്ല. കെ.ടി.ഡി.സിയുടെ കളപ്പുരയിലെ ഗെസ്റ്റ് ഹൗസിനോട് ചേര്‍ന്ന് സാധാരണക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ താമസം ഭക്ഷണം, വിശ്രമം എന്നീ സൗകര്യത്തോടെ ‘ട്രിപ്പിള്‍സ് ലാന്‍സ്’ പദ്ധതി നടപ്പാക്കി.
2018ലെ നെഹ്‌റുട്രോഫിയുടെ പ്രധാന സംഘാടകനായിരുന്നു.



